ജോസ് ടി.
അമ്മവേഷത്തിൽ വന്നാൽമാത്രം സ്ത്രീയെ ആദരിക്കുന്ന പുരുഷൻ ആയിരുന്നൂ ഇതുവരെയുള്ള തലമുറകളിൽ ഉണ്ടായിരുന്നത്.
അമ്മയെ വണങ്ങാം; പക്ഷേ, പങ്കാളിയെയോ പെങ്ങളെയോ അയൽക്കാരിയെയോ സഹപ്രവർത്തകയെയോ വഴിയാത്രക്കാരിയെയോ തന്നെപ്പോലൊരു മനുഷ്യനായി കാണാൻ അയാൾ വിസമ്മതിച്ചു.
തത്ത്വശാസ്ത്രപരമോ വേദശാസ്ത്രപരമോ പ്രത്യയശാസ്ത്രപരമോ ആയ ബൗദ്ധിക നിർബന്ധംകൊണ്ടു പ്രേരിതനായാൽപോലും, അതു പ്രവൃത്തിയിലാക്കാൻ അയാൾക്കു തന്നോടുതന്നെ ഏറെ പൊരുതേണ്ടതുണ്ടായിരുന്നു.
പുതിയ ആൺകുഞ്ഞുങ്ങൾക്ക് ആ പോരാട്ടം വേണ്ടിവരുന്നില്ല. അതു വെറുമൊരു തലമുറമാറ്റമല്ല, യുഗമാറ്റം തന്നെയാണ്.
മനുഷ്യനെന്നാൽ പുരുഷൻ – ആ അലിഖിത ഭരണഘടന പൊളിയുകയാണ്. Mankind-ന്റെ സ്ഥാനത്ത് humankind അഥവാ humanity വരികയാണ്; അല്ലെങ്കിൽ വന്നുകൊണ്ടിരിക്കുന്നു (എന്റെ കാലഗണന അനുസരിച്ച്, അതു വന്നുകഴിഞ്ഞു. മലയാളത്തിൽ future perfect tense- ലുള്ള ക്രിയാപദം എങ്ങനെ എഴുതുമെന്ന് എനിക്കറിയില്ല. വേണമെങ്കിൽ, വരികതന്നെ ചെയ്യും എന്നു തറപ്പിച്ചെഴുതാം).
ദാവണിയിലോ പാവാടയിലോ സാരിയിലോ കാലുകൾ പുതപ്പിച്ചു വരുന്ന ടീനേജ് നടിയെ വരവേല്ക്കുക, ആ കുട്ടി ഷോർട്‌സിട്ടു കാലിന്മേൽ കാലു കയറ്റിവച്ചു ഒരു പടമിട്ടാൽ കൂവുക – അത്തരം ‘വയസ്സന്മാർ’ കടന്നുപോകുന്നതോടെ ഇത്തരം മനോഭാവം ലോകത്തിൽനിന്നുതന്നെ മാറുകയാണ്, മാറാൻ പോകുകയാണ് – അതാണു യുഗമാറ്റം.
പുതിയ പെൺകുട്ടിക്കറിയാം താൻ ആൺകുട്ടിയെപ്പോലെതന്നെ ‘മനുഷ്യൻ’ ആണെന്ന്. പുതിയ ആൺകുട്ടിയും അതേ അറിവുള്ളവനാണ് (ഈ പുതിയ പെൺകുട്ടികളെ ട്രോളുന്ന സൈബർ സദാചാരക്കമ്മറ്റിയിലെ മുക്കാൽപങ്ക് ‘ആങ്ങള’മാരും 30-35 കഴിഞ്ഞവരായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്).
സ്ത്രീപുരുഷ തുല്യമഹത്വത്തിന്റെ ഈ അറിവാണ് പഴയ തലമുറയിലെ ആണുങ്ങൾക്ക് ഇല്ലാതെപോയത്. എന്തുകൊണ്ട്? അവരെ പഠിപ്പിച്ചവർക്ക് അത് ഇല്ലാതെപോയി. അവർക്കോ? അവരെയും പഠിപ്പിച്ചവർക്ക്…. ഈ ചങ്ങല അങ്ങനെ പിറകോട്ടു നീളും.
ഇത്തരം ചങ്ങലകൾ പൊളിയുകയാണ് ഇന്ന്.
അതു പൊളിയുമ്പോൾ എന്തെങ്കിലും ഫിലോസഫി നിലനിൽക്കുമെങ്കിൽ, അതു തലച്ചോറിന്റെ ഭാഷയുടെ കൂട്ടത്തിൽ ഹൃദയത്തിന്റെ ഭാഷകൂടി സംസാരിക്കുന്നതായിരിക്കും.
അതിൽനിന്നു വരുന്ന തിയോളജി ദൈവത്തിന്റെ പുരുഷാവതാരംപോലെ ദൈവത്തിന്റെ സ്ത്രീയവതാരവും കൊണ്ടാടും.
ആ പുതിയ ലോകത്തിൽ എന്തെങ്കിലും പൊളിറ്റിക്കൽ ഐഡിയോളജി ഉണ്ടാവുമെങ്കിൽ, കൂലിയില്ലാതെ പണിയുന്ന ‘വീട്ടമ്മ’യ്ക്കും പെമ്പിളൈ ഒരുമകൾക്കും വിമൻസ് കളക്ടീവുകൾക്കും കുടുംബശ്രീകൾക്കുമെല്ലാം അതിൽ നിർണായകസ്ഥാനമുണ്ടാവും.
സ്ത്രീക്കും പുരുഷനുമിടയിൽ തുല്യമനുഷ്യമഹത്വം ഉണ്ടാവുന്നതിനപ്പുറം, യാതൊരുതരം ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലും മനുഷ്യമഹത്വം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാത്ത മാറ്റമാണ് ഈ യുഗമാറ്റത്തിലുള്ളത്.
അതു പത്രത്തിലും ചാനലിലും വരുന്നില്ലല്ലോ എന്ന് എന്നോടു ചോദിക്കരുത്. പുരുഷന്മാർ മനുഷേൻമാർക്കുവേണ്ടി നടത്തുന്നതല്ലേ അതൊക്കെ.
Cover graphic by Sharon McCutcheon, Sumner Mahaffey and Aravind Jose T.
👌