പരിണാമത്തിന്റെ ഭാവിരൂപം – ഡോ. മാത്യു പൈകട

(എഴുത്ത് മാസിക 2022 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

മാർക്സിസ്റ്റ് ചരിത്രവീക്ഷണത്തിനു മുഴു വരിപ്പണം അടയ്ക്കുന്നില്ലെങ്കിൽ, ആധുനിക ലോകനാഗരികതയുടെ പരിണാമം വിലയിരുത്താൻ, ആ പരിണാമത്തിനു പിന്നിൽ പ്രവർത്തിച്ച വിശ്വാസപദ്ധതികളുടെ സൂക്ഷ്മപരിശോധന ആവശ്യമാണ്. ചരിത്രം സ്നേഹിച്ച യേശുവിനെ രണ്ടായിരം വർഷത്തെ സാംസ്കാരികപരിണാമവീഥിയിൽ സൂക്ഷ്മതയോടെ കണ്ടെത്തുകയും ക്രിസ്തുമതനിരൂപണത്തിലൂടെ ഭാവിവിശ്വാസരൂപം വരയ്ക്കുകയും ചെയ്യുകവഴി, ഭാവിലോകക്രമം മുൻദർശിക്കുന്ന കൃതിയാണു ജോസ് ടി തോമസിന്റെ “കുരിശും യുദ്ധവും സമാധാനവും”. പേരിലെന്നതുപോലെ വിഷയത്തിലും അവതരണരീതിയിലും അസാധാരണത്വം നിറഞ്ഞു നില്ക്കുന്ന ഈ കൃതി മലയാളത്തിൽ നവീനമായ ഒരു ചിന്താവിന്യാസമാണ്.

തിരിഞ്ഞുനോക്കുന്നതിനോളം മുന്നോട്ടും നോക്കുന്ന അന്വേഷണം. ഈ അന്വേഷണത്തിന്റെ അവസാനഭാഗത്തു ഗ്രന്ഥകർത്താവ് തനിക്കു ലഭിച്ച രണ്ടു വരദാനങ്ങൾ ഒരു കുമ്പസാരത്തിലെന്നപോലെ പങ്കുവയ്ക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ ജീവൽ ചലനതത്ത്വമായ ‘അൻപി’ന്റെ ജ്ഞാനം സ്വർണ്ണക്കുരിശുകൊണ്ട് മൂടിവച്ചവർക്കെതിരെയുള്ള ആത്മരോഷം, ക്രമേണ, “സത്യം മൂടിവയ്ക്കാൻ ആരും മന:പൂർവ്വം ശ്രമിക്കുന്നതല്ലെന്നും അറിയാത്ത സത്യം പറയാൻ കഴിയാത്തവരായി ജീവിച്ചുപോയതാണെന്നുമുള്ള തിരിച്ചറിവിന് ” വഴിമാറിയതാണ് ആദ്യ വരദാനം. ‘ക്രിസ്തു’ തന്ന പാപബോധത്തിനു പകരം ശ്രീയേശുവും മറിയവും തരുന്ന പുണ്യബോധത്തിലേക്ക് ഈ അറിവ് തന്നെ മോചിപ്പിക്കുന്നു എന്നതാണു രണ്ടാമത്തേത്. ആത്മാവിന്റെ ഇരുണ്ട രാവിലൂടെയുള്ള പ്രയാണത്തിൽ, ചുറ്റുമുള്ളവയ്‌ക്കോ ചുറ്റുമുള്ളവർക്കോ നല്കാൻ കഴിയാത്ത ആശ്വാസവും ആത്മഹർഷവുമാണിത്. അതുകൊണ്ടുതന്നെയാണ് കണ്ടെത്തലുകളെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതോടൊപ്പം, താൻ താണ്ടിയ വഴികളെക്കൂടി ഒരു തീർത്ഥാടകന്റെ നിരാസത്തോടും ഭക്തിയോടുംകൂടെ വായനക്കാർക്കു പരിചയപ്പെടുത്തുന്നതിൽ ജോസ് ടി. ശ്രദ്ധയൂന്നുന്നത്. Antoine de Saint-Exupery പറഞ്ഞതുപോലെ ‘ഹൃദയത്തിന്റെ കണ്ണുകൾകൊണ്ടാണു നാം സത്യം കണ്ടെത്തുക’ എന്ന് ഈ പഠന-മനന പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഉരുത്തിരിയുന്ന ആഗോള മനുഷ്യമഹാകുടുംബത്തിൽ ‘ശ്രീയേശുവിന്റെയും മറിയത്തിന്റെയും നിത്യഹരിതസന്ദേശങ്ങൾ അതിന്റെ മൗലികരൂപത്തിൽ ഇന്നത്തെ തലമുറയ്ക്കു നൽകുന്നതിനും ആഗോളതലത്തിൽ അതനുസരിച്ചുള്ള മാറ്റങ്ങൾക്കു പ്രചോദനമേകുന്നതിനും ഉതകുന്നതാണ് ഈ ഗ്രന്ഥം’ എന്ന് അവതാരികയിൽ പ്രഗല്ഭ സോഷ്യലിസ്റ്റ് ചിന്തകൻ പ്രഫ. ഡോ. ബി. വിവേകാനന്ദൻ പ്രസ്താവിക്കുന്നു. ‘ലോകത്തിന്റെ ഭാവിയിലേക്കുള്ള ഒരു താക്കോലായി’ സക്കറിയയും ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തുന്നു. എൺപതുകളിൽ മലയാളത്തിലെ ഏറെ ശ്രദ്ധേയനായ യുവപത്രപ്രവർത്തകനായിരുന്നശേഷം പൊടുന്നനെയെന്നോണം ധ്യാനാത്മക എഡിറ്റോറിയൽ ഗവേഷണത്തിലേക്കു ചുവടുമാറ്റിയ ജോസ് ടി ”മതഭാരം ചുമക്കാത്ത പുതിയ തലമുറകളുടെ മതാതീത ആന്തരികതയ്ക്ക് അൻപിന്റെ അദ്വൈതം”‘ ഈ ഗ്രന്ഥത്തിലൂടെ നൽകിയിട്ടുണ്ട്. പുസ്തകത്തിന്റെ മൂന്നിലൊന്നു വരുന്ന അനുബന്ധവും ഇൻഫോഗ്രാഫിക്‌സിന്റെ സഹായത്തോടെ 60 പേജുകളിൽ ഒതുക്കുന്ന ‘മാനവചരിത്രസമീക്ഷ’യും17 പേജ് വീതമുള്ള ‘ഉറവിട സുവിശേഷവും’ സിദ്ധതോമയുടെ ശ്രീയേശുവിശേഷവും (ഇംഗ്ലീഷിൽ) ഈ ഗ്രന്ഥത്തെ വേറിട്ടൊരു വായന-പഠന അനുഭവമാക്കുന്നു.

തർക്കമില്ലാത്ത അറിവുകളിൽനിന്ന് ആരംഭിച്ച്, ആരുമായും തർക്കിക്കാതെ, പല വഴികളിലൂടെ ആർജ്ജിക്കുന്ന ജ്ഞാനത്തിൽ വളരാനാണു പുതിയ തലമുറ ആഗ്രഹിക്കുന്നത്. അതു തിരിച്ചറിയുന്ന ഗ്രന്ഥകർത്താവും ആ വഴിതന്നെ അവലംബിക്കുന്നു. അതേസമയം, നിശിതമായ നിരീക്ഷണങ്ങൾ നടത്താൻ മടികാണിക്കുന്നുമില്ല. ഉദാ: ”സുവിശേഷങ്ങളിലെ യേശുവചനങ്ങളും യേശുകർമ്മങ്ങളും ഒരുമിച്ചു ചേർത്ത് ഒരൊറ്റ ദിവ്യകാരുണ്യാവിഷ്‌ക്കരണമായി കാണണം. എന്നാൽ അതു കാണാതെ, കോപിക്കയും ശിക്ഷിക്കയും സഹനം നൽകി മെരുക്കുകയും ചെയ്യുന്ന ഒരു ദൈവത്തെയാണ് ‘യേശു ഏകരക്ഷകൻ’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ എല്ലാ ക്രിസ്തുസഭകളും ഇന്നും പ്രഘോഷിക്കുന്നത് “. സ്വജീവിതംകൊണ്ടു യേശു സാക്ഷാത്കരിച്ച അൻപിന്റെ ഏഷ്യൻ അദ്വൈതത്തെ കുരിശുമരണത്തിൽ ഒതുക്കിനിർത്തുന്ന മാന്ത്രിക മാനവ പാപമോചനസിദ്ധാന്തങ്ങൾ ഗാന്ധിജിക്കെന്നപോലെ ഗ്രന്ഥകർത്താവിനും അസ്വീകാര്യമാണ്.

ഈ പുസ്തകത്തിൽ മറിയം ദൈവത്തിന്റെ മാതൃഭാവമായ ദൈവാത്മാവിന്റെ പുത്രിയാണ് – ദൈവപുത്രി. പുരുഷ വിചാരമാതൃകയിലുള്ള ദൈവിക ത്രിത്വം, തൽസ്ഥാനത്ത് സ്ത്രൈണത്തെ തുല്യതയിൽ അടയാളപ്പെടുത്തി ദൈവ-മനുഷ്യ ചതുരം ആവുന്നതിൽ സംഭവിക്കുന്ന പാരഡൈം ഷിഫ്റ്റും പിതൃകേന്ദ്രിതവ്യവസ്ഥയുടെ പിൻവാങ്ങലും ജോസ് ടി ചേർത്തുനിർത്തുന്നു. മനുഷ്യബോധത്തിലെ സ്വർഗ്ഗം താണിറങ്ങി വന്ന് ദൈവിക പുരുഷ-സ്ത്രീഭാവങ്ങൾ ‘സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും’ ആകുന്നതിനൊത്തു സ്ത്രീപുരുഷ സമത്വവും അതിനപ്പുറം സർവമനുഷ്യതുല്യതയും സാമൂഹികയാഥാർത്ഥ്യമാകുന്നു. യേശുവിന്റെ കുരിശുമരണം മുതൽ യേശുസമൂഹത്തിനു മറിയം നൽകിയ അഭയവും ആത്മവിശ്വാസവും നേതൃത്വവും ലിഖിതപാരമ്പര്യങ്ങളിൽ തമസ്‌ക്കരിക്കപ്പെടുകയാണുണ്ടായത് എന്നാണു നിരീക്ഷണം. നിരുപാധികസ്നേഹത്തിന്റെ ഹൃദയതലത്തിൽനിന്ന് സോപാധികസ്നേഹത്തിന്റെ മസ്തിഷ്‌കതലത്തിലേക്കുള്ള ചുവടുമാറ്റവും ധ്യാന-മനന (ഓർമ്മ)തലത്തിൽനിന്നു പ്രഘോഷണ- പ്രചാരണ വിസ്‌ഫോടനത്തിലേയ്ക്കുള്ള എടുത്തുചാട്ടവും ഇവിടെ അനാവൃതമാകുന്നു. യേശുസന്ദേശത്തോടുള്ള വിശ്വസ്തതയെക്കാളേറെ രാജകീയ ‘ക്രിസ്തു’വിലുള്ള സൂത്രവാക്യപരമായ (formulaic) വിശ്വാസത്തിനും ക്രിസ്തുവിനോടുള്ള ചിട്ടയായ ആരാധനയ്ക്കും അതു നൽകിയ ഊന്നൽ, ‘യേശുസ്മരണാ’സമൂഹങ്ങളുടെ അൻപിന്റെ അന്തസ്സത്തയെ മൂടിവച്ചതു ഗ്രന്ഥകാരൻ കാണുന്നു.

അധികാരപ്രമത്തരെയും അവരുടെ ശിക്ഷാവിധികളെയും കപടപുരോഹിതർ അർപ്പിക്കുന്ന കളങ്കിതബലികളെയും ജീവിതത്തിലുടനീളം വിമർശിച്ച, അത്മായനും ദരിദ്രനുമെങ്കിലും സ്നേഹശക്തിയിൽ പാലസ്തീനയിലുടനീളം പ്രവർത്തനനിരതനായിരുന്ന യേശുവിനെ ‘രാജകീയ- പുരോഹിത ക്രിസ്തുവാക്കി’ ദൈവാലയത്തിൽ പ്രതിഷ്ഠിച്ച്, ആ രാജകീയ ശക്തിയിലും മഹത്വത്തിലും രാജകീയ വേഷഭൂഷാദികളോടെ പങ്കുചേരാൻ വെമ്പൽകൊള്ളുന്നതിലുണ്ടു വിപര്യയം. ആ വിപര്യയത്തിനു പുതിയ തലമുറകളുടെ പുതിയ കാലത്ത് എന്തു സംഭവിക്കും – അതിന്റെ മനക്കണക്കു കൂട്ടാൻ നിർമമനായ ഒരു റിപ്പോർട്ടറെപ്പോലെ വായനക്കാരെ ഫെസിലിറ്റേറ്റ് ചെയ്യുകയാണു ഗ്രന്ഥകാരൻ. ഇന്നത്തെ തിയോളജിയെല്ലാം പുരോഹിതപണ്ഡിതരുടെ നേരമ്പോക്കിനല്ലാതെ ഒന്നിനും ഉപയുക്തമല്ലെന്നും അതു വിശ്വാസികൾക്കു മർദ്ദനോപകരണമായി അനുഭവപ്പെടുന്നു എന്നുമുള്ള നിരീക്ഷണം ആർക്കു നിസ്സാരമായി തള്ളിക്കളയാനാവും.

മതത്തിന്റെ അതിർവരമ്പുകൾ അപ്രസക്തമാവുകയും പുതിയ തലമുറകൾ ഭയമകന്നു നിരുപാധികസ്നേഹത്തിന്റെ മതാന്തരമോ മതാതീതമോ ആയ പുതിയ യുക്തി കൈക്കൊള്ളുകയും ചെയ്യുന്നു. അവിടെ ആഗോള മനുഷ്യമഹാകുടുംബം പിറവിയെടുക്കുന്നു. സ്വയം അഴുകി ഫലം പുറപ്പെടുവിക്കേണ്ട ധാന്യമണിയുടെ ‘ഇനിയും അഴുകാത്ത പുറംതോടിനെപ്പറ്റി’ വീമ്പു പറയുകയും മൊത്തം പുളിച്ച അരിമാവിൽ ‘ഞങ്ങളാണ് യഥാർത്ഥ പുളിമാവ്’ എന്ന് അവകാശവാദമുന്നയിക്കയും അതിനെ ഗഹനവും ഗൗരവാവഹവുമായ ദൈവശാസ്ത്രവിഷയങ്ങളായും വിശ്വാസതിരുശേഷിപ്പുകളായും അവതരിപ്പിക്കുകയും ചെയ്യുന്നതിലെ അല്പത്വവും അപ്രസക്തിയും വിവരിച്ച് അപഹസിക്കുകയല്ല, ലോകം അതു മറികടക്കുന്നതിന്റെ ചരിത്രനീതിയിലേക്കു പ്രത്യാശാഭരിതമായി ശ്രദ്ധ ക്ഷണിക്കുകയാണു ചെയ്യുന്നത്.

ബൈബിൾ ക്രോഡീകരണ പശ്ചാത്തലവും അതിന്റെ മാനദണ്ഡങ്ങളും, കാലദേശാതീതമെന്ന് ഒരു കാലത്ത് ഒരു ദേശത്ത് ശഠിച്ചുറപ്പിക്കപ്പെട്ട ദൈവശാസ്ത്ര പരിപ്രേക്ഷ്യങ്ങളും സഭാഘടനകളും – പുതിയ കാലത്ത് പുതിയ ലോകത്ത് അവ മാറുന്നതിന്റെ നേർത്ത ദിശാരേഖയാണ്, സ്റ്റാറ്റിസ്റ്റിക്സ് പഠിതാവായിരുന്ന ഗ്രന്ഥകാരൻ ചരിത്രസംഭാവ്യതകൾ കണക്കുകൂട്ടി വരച്ചിടുന്നത്. പഴയനിയമത്തണലിൽ എഴുതി വ്യാഖ്യാനിക്കപ്പെടുന്ന പുതിയ നിയമത്തിൽ യേശുവിന്റെ കലർപ്പില്ലാത്ത സുവിശേഷം എങ്ങനെ എന്ന സമസ്യയാണ് ഈ ഗ്രന്ഥത്തിലെ ഒരു സുപ്രധാന വിശകലനവിഷയം. അതിനു സ്വീകരിക്കുന്ന മാർഗ്ഗം ഋജുവും സുവ്യക്തവുമാണ്. പഴയ നിയമത്തിന്റെ പിതൃകേന്ദ്രീകൃത വിചാരമാതൃകകളും പില്ക്കാല ക്രൈസ്തവ പൗരോഹിത്യ വിചാരമാതൃകകളും ആദ്യമേതന്നെ വകഞ്ഞുമാറ്റുക. അതിനുശേഷം തോമായുടെ സുവിശേഷത്തിലെ ‘ജ്ഞാനവാദ’ ഭാഗങ്ങൾ ഒഴിവാക്കി ബാക്കിഭാഗം കാനോനിക സുവിശേഷങ്ങളോടു ചേർത്തുവച്ച് ഉറവിടസുവിശേഷത്തിന്റെ (Hypothetical ‘Q’) തനിമയിലേക്കു മടങ്ങുക. യോഹന്നാന്റെ ഗ്രീക്ക് താത്ത്വികചിന്തകളും പൗലോസിന്റെ ‘യഹൂദ’ പാരമ്പര്യങ്ങളും പരിപ്രേക്ഷ്യങ്ങളുംകൂടി കിഴിച്ച് ശ്രീയേശു-മറിയംസമാജങ്ങളുടെ നഷ്ടമായ തനിമയും തെളിമയും എളിമയും വീണ്ടെടുക്കാനുള്ള ശ്രമമുണ്ടു പുസ്തകത്തിൽ. രാജാവ്, പ്രഭു, അഭിഷിക്തൻ, അത്യുന്നതൻ – തലങ്ങളിൽനിന്ന് സ്‌നേഹിതന്റെ തലത്തിൽ യേശുവിനെ പുന:പ്രതിഷ്ഠിക്കുന്ന പ്രക്രിയയാണിത് (‘സുവിശേഷങ്ങൾ വേദാന്തദൃഷ്ടിയിൽ’ എന്ന കൃതിയിൽ സ്വാമി മുനി നാരായണപ്രസാദ് സെമിറ്റിക് മതങ്ങളുടെ ഭാഷാശൈലിയിൽ എങ്ങനെയാണ് യേശു വേദാന്തരഹസ്യം വെളിപ്പെടുത്തുന്നത് എന്നു കാണിച്ചുതന്നിട്ടുണ്ട്. അതിനായി അദ്ദേഹം സിദ്ധതോമയുടെ സുവിശേഷത്തെയും അവലംബിച്ചു).

കരുണാർദ്രസ്‌നേഹത്തിൽ (അൻപ്) ഊന്നിയ ഒരു ദൈവഭരണം ഭൂമിയിൽ രുചിച്ചുതുടങ്ങിയ ആദിമ ശ്രീയേശു-മറിയം സുഹൃദ്സമാജങ്ങൾക്കു പകരം സോപാധികസ്നേഹം പ്രസംഗിക്കുന്ന മറ്റൊരു വ്യവസ്ഥ പ്രബലമായതിന്റെ കഥ ആണ്ടുമാസംതീയതികളുടെയും ഹൈരാർക്കി സംസ്ഥാപനങ്ങളുടെയും വിശദാംശങ്ങളുടെ ബാഹുല്യമില്ലാതെ, ആരോടും പകയില്ലാതെ, ജോസ് ടി ഒതുക്കി അവതരിപ്പിച്ചു. യേശുസമാജത്തിൽനിന്ന് ക്രിസ്തുരാജ്യത്തിലേക്കുള്ള ആ മാറ്റത്തിൽ അനീതിപരമായ ആധുനിക സാമ്പത്തികവ്യവസ്ഥ, രാഷ്ട്രീയം, നീതിന്യായക്രമങ്ങൾ, പിതൃകേന്ദ്രിത സാമൂഹികത എന്നിവയുടെയെല്ലാം അടിവേരുകൾ കാണുകയും ചെയ്തു.

”ദൈവം എല്ലാവരുടെയും ദൈവമാണെങ്കിൽ ലോകജനത തന്നെ ദൈവജനമാണ്” എന്നു തിരിച്ചറിയുമ്പോൾ സാർവ്വത്രികത്വം (കാതോലികത്വം) ആഗോളാധിപത്യമോ ആഗോളസാന്നിദ്ധ്യംപോലുമോ അല്ലെന്നും, എല്ലാവരും ഉൾച്ചേരുന്ന ‘എന്നിൽ നീ, നിന്നിൽ ഞാൻ’ എന്ന ‘അദ്വൈത ദിവ്യകാരുണ്യത്തിന്റെ സ്വയംഭരണം’ ആണെന്നും മനസ്സിലാക്കാനാവും. അങ്ങനെ, “ഒറ്റയ്ക്ക് ആരും രക്ഷപ്പെടുന്നില്ലെന്നും എല്ലാ മനുഷ്യരും ലോകരക്ഷയിൽ തുല്യപങ്കാളികളാണെന്നും” ഉള്ളതിന് ‘കുരിശും യുദ്ധവും സമാധാനവും’ അടിവരയിടുന്നു.

ഈ ചിന്താധാരയുടെ ക്ലൈമാക്‌സ് ഗ്രന്ഥകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: ”ശ്രീയേശുവും മറിയവും കൂട്ടുകാരും പ്രതിനിധാനം ചെയ്ത മനുഷ്യക്കൂട്ടായ്മ എന്ന ആദിമ മതാന്തര അയൽക്കൂട്ടങ്ങളാകുന്ന ഉപ്പ് ഭൂമിയിൽ – മനുഷ്യരാശിയിൽ – ലയിക്കുന്നു. അത് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും കൂടുന്നതിൽ വല്ലായ്മയില്ലാത്ത അഖിലലോക മനുഷ്യശൃംഖലകളെ ജനിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുമത പുരോഹിതഭരണകൂടം മറ്റെല്ലാ ബ്രാഹ്മണ്യങ്ങളെയുംപോലെ കൊഴിഞ്ഞുപോകുന്നു”. ‘ക്രിസ്തുവാകാത്ത യേശുവിന്റെ ഒരു രണ്ടാംവരവ് ‘ ആണു ഗ്രന്ഥകാരൻ ഇതിൽ ദർശിക്കുന്നത്. അവിടെ, ഭയമകന്നു ബോധവതിയാകുന്ന സ്ത്രീ വെറും ‘കർത്താവിന്റെ ദാസി’ അല്ല, ‘ശക്തരെ സിംഹാസനങ്ങളിൽനിന്നു മറിച്ചിടാൻ’ നിയോഗിക്കപ്പെട്ട ആൾ ആയി മാറുന്നു.

വ്യവസ്ഥാപിതമതങ്ങൾക്ക് ആൾബലവും സാമൂഹികശക്തിയും മാത്രമല്ല പ്രസക്തിയുംകൂടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഭയത്തിന്റെയും നിരാശയുടെയും അങ്കലാപ്പുകളില്ലാതെ പ്രത്യാശയോടെ ദിശാബോധത്തോടെ ചരിത്രത്തോടു സംവദിക്കാനുള്ള ഈ ശ്രമം ശ്ലാഘനീയമാണ്. ഇടുങ്ങിയ പ്രാദേശികത്വത്തിൽനിന്നും ഫോസ്സിലായിക്കൊണ്ടിരിക്കുന്ന മതാധികാരങ്ങളിൽനിന്നും ഏകലോകത്തിന്റെ നവമാനവികതയിലേക്കുള്ള പുതുയുഗപ്രയാണത്തിന് ഉതകുന്ന ചർച്ചകൾക്ക് ഈ ഗ്രന്ഥം വഴികാട്ടിയാവും.

Leave a Reply

Your email address will not be published. Required fields are marked *