ജോസ് ടി.
ഞാനുൾപ്പെട്ട തലമുറ വല്ലാത്തൊരു വിമ്മിട്ടം അനുഭവിക്കുന്നതുപോലെ കാണപ്പെടുന്നു. കാണണമെന്നു ചെറുപ്പത്തിൽ ആഗ്രഹിച്ചതു സംഭവിച്ചുകഴിഞ്ഞപ്പോൾ, അതു കാണാൻ പറ്റാതെപോകുന്ന വിഷമസ്ഥിതി.
എല്ലാം ശരിയാവണം, എല്ലാം ശരിയാക്കണം എന്നായിരുന്നൂ ചിന്ത. അതിനുവേണ്ടിയുള്ള എഴുത്തും പ്രസംഗവും ചൊൽക്കാഴ്ചയും പോസ്റ്ററൊട്ടിക്കലും. കേരള സംസ്ഥാനത്തോടൊത്തു പിറന്നുവീണ ആൺകുട്ടികളുടെ ബാല്യകൗമാര യൗവനങ്ങൾ അങ്ങനെയായിരുന്നു.
”കിട്ടാനുള്ളതു പുതിയൊരു ലോകം, പുതിയൊരു ലോകം” എന്ന പാട്ടും പാടി വളർന്നവരുടെ മക്കളാണ് ആ തലമുറ. കെ.പി. അപ്പൻ ”ക്ഷോഭിക്കുന്നവരുടെ സുവിശേഷം” പറഞ്ഞപ്പോൾ ഇവർ ക്ഷോഭം സ്വന്തം സുവിശേഷമാക്കി.
നരേന്ദ്രപ്രസാദ് ”ധിക്കാരികളെ തിരിച്ചറിയുക” എന്നു പറഞ്ഞപ്പോൾ ഇവർ ധിക്കാരം നെറ്റിയിലൊട്ടിച്ചു നടന്നു, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ പറിച്ചുതിന്നു. നീതി, നീതി എന്നു മുഷ്ടിചുരുട്ടിക്കൊണ്ടേയിരുന്നു.
സച്ചിദാനന്ദന്മാരോടൊത്ത് ”ദർശനങ്ങളുടെ ഋതുഭേദങ്ങളാൽ കൗമാരം പിച്ചിച്ചീന്തി”ക്കൊണ്ടേയിരുന്നു.
ഇപ്പോൾ ഇവരുടെ മക്കൾ ക്ഷോഭിക്കുന്നില്ല, മുഷ്ടിചുരുട്ടുന്നില്ല, കൊടിപിടിക്കുകയോ പോസ്റ്ററൊട്ടിക്കുകയോ ചെയ്യുന്നില്ല (ഏറിയാൽ സോഷ്യൽ മീഡിയ ട്രോളുകൾകൊണ്ട് ഒരു പരിഹാസച്ചിരി മാത്രം).
ഈ മാറ്റം പഴയ തലമുറയെ വിമ്മിട്ടപ്പെടുത്തുന്നു. പത്രം അരിച്ചുപെറുക്കിയും തടിയൻ പുസ്തകങ്ങൾ വായിച്ചുകൂട്ടിയും കുട്ടികൾ രാഷ്ട്രീയ പ്രബുദ്ധത നേടുന്നില്ല, അവർ അരാഷ്ട്രീയർ ആകുന്നു – അങ്ങനെ പറഞ്ഞ് എഴുപതുകളിലെ വിപ്ലവകാരികൾ ദുഃഖിക്കുന്നു.
കുഞ്ഞുങ്ങൾക്കു കൊന്ത വേണ്ട, പൂണൂൽ വേണ്ട, മാന്ത്രികഫലകം വേണ്ട എന്നു സമുദായാചാര്യന്മാർ. വായന മരിക്കുന്നുവെന്നു പുസ്തക വ്യവസായികൾ. പറഞ്ഞാൽ കേൾക്കുന്നില്ല, തിരിച്ചു പറയും എന്നു മാതാപിതാക്കൾ.
നിങ്ങൾ മാറ്റാൻ കൊതിച്ച അടിച്ചമർത്തലിന്റെയും വിവേചനത്തിന്റെയും ചൂഷണത്തിന്റെയും ലോകം മാറുന്നതിന്റെ ഭാഗമാണിത് എന്നു കാണാൻ നിങ്ങൾക്കു കഴിയുന്നില്ല. അതു കുഞ്ഞുങ്ങളുടെ കുഴപ്പമാണോ?
പഴയ പാണ്ഡിത്യത്തിന്റെ, പഴയ മാധ്യമ പരിസ്ഥിതിയുടെ, പഴയ പുരോഹിതാധികാരത്തിന്റെ, പഴയ പുരുഷാധികാരത്തിന്റെ മേൽക്കോയ്മകൾ, അടിത്തട്ടിൽ മാറുകയാണ്. അതു കാണാൻ കഴിയാതെവരുമ്പോഴാണു വിമ്മിട്ടം.
മാതാപിതാക്കൾക്കു മക്കളുടെമേൽ ഉണ്ടായിരുന്ന സ്വേച്ഛാധിപത്യവും കൂട്ടത്തിൽ തകർന്നേ തീരൂ. എന്തിന്, സൈബർ ലോകത്ത് ഫിനാൻസ് മൂലധനത്തിന്റെ ആധിപത്യവും ഇടിഞ്ഞുതുടങ്ങുകയാണ്.
എഴുപതുകളിലെ വിപ്ലവകാരീ, നിങ്ങൾ മുഷ്ടി ചുരുട്ടിയപ്പോൾ സ്ത്രീകളെ തുല്യരായി കണ്ടോ? കുഞ്ഞുങ്ങളും നിങ്ങളെപ്പോലെതന്നെ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഉള്ളവരാണെന്നു കണ്ടോ? നീതി, നീതി എന്നു നിരന്തരം പറഞ്ഞപ്പോൾ സ്ത്രീനീതിയും ബാലനീതിയും കൂട്ടത്തിലുണ്ടായിരുന്നോ?
വിട്ടുപോയതും പൂരിപ്പിക്കപ്പെടുകയാണ് ഇപ്പോൾ. സന്തോഷിക്കുക.
ഞാൻ ഭാവിവിചാരത്തിൽ(2016) എഴുതിയതുപോലെ, ”പ്രകൃതിക്കും അതിന്റെ ഭാഗമായ മനുഷ്യമഹാകുടുംബത്തിനും നന്മയുണ്ടാവാൻ ഉപകരിക്കുന്നതെന്തെങ്കിലും പഴയ ഫിലോസഫികളിലും തിയോളജികളിലും ഐഡിയോളജികളിലും ബാക്കിയുണ്ടെങ്കിൽ, ഈ വിവേകയുഗസന്ധിയിൽ പിറന്ന കുഞ്ഞുങ്ങൾ സയൻസിന്റെ നല്ല സാധ്യതകളോടൊത്ത് അവ പെറുക്കിയെടുക്കുന്നു. ബാക്കിയെല്ലാം കാലഹരണപ്പെട്ട ശാസ്ത്രസിദ്ധാന്തങ്ങളോടൊത്തു വിട്ടുകളയുന്നു. അങ്ങനെ, സരളമായ ഒരു ഹൃദയാവബോധം സാധ്യമാണ് എന്നും അതിന്റെ ആവശ്യമേ ഇനിയുള്ളൂ എന്നുമുള്ള പൊതുവായ തിരിച്ചറിവിലേക്കാണ് അവർ പിറന്നുവീണിരിക്കുന്നത്.”
അവർ നിങ്ങളോടു നേർക്കുനേർ സംസാരിക്കും. തുല്യമനുഷ്യമഹത്വത്തോടെ അവരെ കേൾക്കുവാൻ തയ്യാറാവുന്നില്ലെങ്കിൽ, അവർ നിങ്ങളോടു ക്ഷോഭിക്കില്ല, കലഹിക്കില്ല.
ഈ കുഞ്ഞുങ്ങൾ ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ അക്രമത്തിന്റെ ചക്കിലിട്ട് ആട്ടില്ല, നിഷേധം നെറ്റിയിലൊട്ടിക്കില്ല – വെറുതെ വഴിമാറിപ്പോകും, നിങ്ങളെ ബൈപാസ് ചെയ്യും.
നഷ്ടം നിങ്ങൾക്കാണ്. നിങ്ങളുടെ സ്വപ്നം സഫലമാകുമ്പോൾ അത് ആസ്വദിക്കാനും സംതൃപ്തിയടയാനും കഴിയാതെപോകുന്നതിന്റെ ദൗർഭാഗ്യം നിങ്ങൾക്കുള്ളത്.
Photo by Aravind Jose T.