ജീവിതം ഇനി സൈബർ ഇടത്തിലാണ്

ജോസ് ടി.

പുതിയ യുഗത്തിലെ പുതുതലമുറകളുടെ പുതിയ ലോകം പിറക്കുന്നത്, സൈബർ ഇടത്തിൽ പുതിയ പ്രഭാതത്തിന്റെ പ്രകാശരശ്മികൾ നിറയുമ്പോഴാണ്.

ഭൂമിയിൽ ഇരുന്നോ ഭൂമിയിൽ നടന്നോ ജീവിച്ച തലമുറകളായിരുന്നൂ ഇതുവരെ. ഭൂമിയിൽ ഇരിക്കെ, ഭൂമിയിൽ നടക്കെ, സൈബർ ഇടത്തിൽ ജീവിക്കാൻ കഴിയുന്ന തലമുറകളാണു വരുന്നത്.

എത്ര ശ്രമിച്ചാലും പഴന്തലമുറയ്ക്ക് സൈബർ ഇടത്തിൽ – വേൾഡ് വൈഡ് വെബിൽ – പുതിയ കുഞ്ഞുങ്ങളുടെ ഒപ്പമെത്താൻ കഴിയില്ല. അങ്ങനെ ഇപ്പോഴത്തെ തലമുറമാറ്റം യുഗമാറ്റംകൂടിയാവുന്നു (ഈ യുഗമാറ്റം അറിയാതെ തലമുറമാറ്റം മാത്രം കാണുന്നവരാകാം “എന്തു യുഗമാറ്റം, തലമുറമാറ്റങ്ങൾ മാത്രമല്ലേ ഉള്ളൂ, അത് എന്നും ഉണ്ടായിരുന്നതും അല്ലേ, അപ്പൊ പിന്നെ എന്താണീ യുഗമാറ്റം” എന്നു ചോദിക്കുന്നത്).

വെബ്ബ് നിറയെ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, ഇപ്പോൾ ഉള്ളതെല്ലാം പ്രകാശരശ്മികളാണോ? അങ്ങനെ ചോദ്യം വരാം. ഒന്നു പറഞ്ഞു രണ്ടാമത്, ”എല്ലാം” എന്നു പറയരുതേ.

പ്രകാശം നിറഞ്ഞ ഉള്ളടക്കവുമായാണു വെബ് ആരംഭിച്ചത്. ഉത്സാഹഭരിതരായ, പ്രത്യാശാഭരിതരായ, ചെറുപ്പക്കാരുടെ ഉള്ളടക്കങ്ങൾ. പിന്നെ അവിടേക്കു പലരും വന്നു; പലതും വന്നു.

പക്ഷേ, വെബ് കണ്ടന്റിലെ പ്രകാശത്തിന്റെ, സർഗാത്മകതയുടെ, പോസിറ്റിവിറ്റിയുടെ, മനുഷ്യപ്പറ്റിന്റെ ശതമാനം ശരാശരിയിൽ എപ്പോഴും കൂടിക്കൊണ്ടിരിക്കുന്നു. അതാണു വാർത്ത. അവിടെ വിവാദങ്ങൾക്കപ്പുറം സംവാദം നടക്കുന്നു. അതാണു വാർത്ത.

കാലികവും പ്രാദേശികവുമായ ചില കയറ്റിറക്കങ്ങളാണു സൈബർ ആക്രമണം, വെർബൽ റേപ്, വൈറൽ ഫേക് ന്യൂസ് തുടങ്ങിയ രൂപങ്ങളിൽ പരമ്പരാഗത മാധ്യമങ്ങൾ വാർത്തയാക്കുന്നത്. അതു ശരാശരിയെ അടയാളപ്പെടുത്തുന്നില്ല.

ഭീഷണി നേരിടുന്ന മാധ്യമങ്ങൾ ശരാശരിവിട്ട കയറ്റിറക്കങ്ങൾ വാർത്തയാക്കും. ഇ-സാക്ഷരത ഇല്ലാത്ത മാതാപിതാക്കളെയും അധ്യാപകരെയും ആചാര്യന്മാരെയും ആ വാർത്തകൾ സ്വാധീനിക്കുകയും ചെയ്യും.

നവ ഇ-സാക്ഷരർക്കു ഗുണംചെയ്യുന്ന നല്ല സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും നെറ്റ്‌വർക്കുകളും പരിചയപ്പെടുത്തിക്കൊടുക്കുകപോലുള്ള ഒരു പത്രകുലധർമവും അനുഷ്ഠിക്കാതെ അവരിതു ചെയ്യുമ്പോൾ, അതു പരമ്പരാഗത വായനക്കാരെ ഇരുട്ടിൽ നിറുത്തില്ലേ?

ഈ ഇരുട്ടാണ് പുതിയ യുഗത്തിന്റെ പ്രത്യാശയിലേക്കു കടക്കാൻ പ്രായമായ പലർക്കും തടസ്സം നിൽക്കുന്നത്.

അതിനു പുറമെയാണ്, സൈബർ ഇടം എന്നു പറഞ്ഞാൽ അതു യൂട്യൂബും ഫേസ്ബുക്കും വാട്‌സാപ്പ് ഗ്രൂപ്പുംകൊണ്ടു തീരുന്നതാണ് എന്ന തെറ്റിദ്ധാരണ.

പുതിയ പ്രഭാതത്തിന്റെ കേരളീയ കാഴ്ച ഇന്നു വിഷമകരമാക്കുന്ന മറ്റൊരു ഘടകം വേണ്ടത്ര ഗുണനിലവാരമുള്ള മലയാളം ഇ-കണ്ടന്റ് ഉണ്ടായിത്തുടങ്ങിയിട്ടില്ല എന്നതാണ് (ഗൂഗിൾ ബോർഡിലെ മലയാളം ഓട്ടോസജഷനുകൾ അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്).

വിക്കിപീഡിയയുടെ മലയാളശ്രമങ്ങൾ മാത്രമാണു ഗണ്യമായിട്ടുള്ളത്. അതാവട്ടെ സ്വാർത്ഥചിന്തയില്ലാത്ത ചെറുപ്പക്കാരുടെ സംഭാവനയുമാണ്.

അടുത്തയിടെ മലയാളത്തിലെ അല്പവികസിത സോഷ്യൽ മീഡിയയിൽനിന്നു വന്ന വലിയ വാർത്തയുടെ കാര്യമെടുക്കൂ. ‘യെസ്, വീ ഹാവ് ലെഗ്‌സ്’ എന്നായിരുന്നൂ പെൺകുട്ടികളുടെ വസ്ത്രധാരണ സ്വാതന്ത്ര്യസമരത്തിന്റെ ടാഗ്. പുരുഷന്മാർ മനുഷേൻമാർക്കുവേണ്ടി നടത്തുന്ന പരമ്പരാഗത മാധ്യമങ്ങളിൽ ‘കാലുകാണിക്കൽ വിവാദം’ എന്നായീ വാർത്തയുടെ ചുരുക്കെഴുത്ത്.

‘കാലുണ്ടായിരിക്കൽ’ വെറും ‘കാലുകാണിക്കൽ’ ആയി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, പ്രകാശത്തിനുമീതെ ഇരുട്ടു ജയിക്കുന്നുവെന്നു തോന്നും. പക്ഷേ, പ്രകാശത്തിനെതിരെയുള്ള ആക്രമണപോസ്റ്റുകളുടെ എണ്ണത്തെക്കാൾ എത്ര മടങ്ങായിരുന്നൂ പ്രകാശവീചികൾക്കു കിട്ടിയ ലൈക്കുകളും ഷെയറുകളും! അതു റിപ്പോർട്ടു ചെയ്താലേ ചിത്രം വ്യക്തമാകൂ.

വാർത്താവിനിമയത്തിന്റെ പഴയ വ്യാകരണംകൊണ്ട് അതു റിപ്പോർട്ടു ചെയ്യാൻ കഴിയില്ല എന്നു വ്യക്തം.

ഇത് ഒറ്റപ്പെട്ട ഉദാഹരണമല്ല.

ഇതുവരെ മിണ്ടാണ്ടിരുന്നവർ മിണ്ടിത്തുടങ്ങുന്നിടത്താണു പുതിയ യുഗവും പുതിയ ലോകവും. അവർ മിണ്ടിത്തുടങ്ങിയിരിക്കുന്നു എന്നതാണു പ്രസക്തമായ വാർത്ത.

അവർക്കിപ്പോൾ മിണ്ടാൻ സൈബർ ഇടമുണ്ട്.

വേട്ടനായ്ക്കൾ കുരച്ചോട്ടെ, സന്ദേശവാഹകർ ലക്ഷ്യത്തിലേക്കു കടന്നുപോകുകതന്നെ ചെയ്യും. അതാണു ചരിത്രം.


തമ്മിൽത്തമ്മിൽ
ഇതൊരു സാമൂഹിക ജനാധികാര വാർത്താവിനിമയമാണ്. കുറിപ്പുകൾ വായിച്ചുതീരുമ്പോൾ, നിങ്ങൾക്ക് എങ്ങനെ ഫീൽ ചെയ്യുന്നുവെന്ന് എഴുതാം – താഴെയുള്ള കമന്റ് ബോക്‌സിലേക്കോ വാട്‌സാപ്പ് വഴിയോ.

ഇഷ്ടപ്പെട്ടുവെങ്കിൽ സാമൂഹ്യമാധ്യമങ്ങൾവഴി പങ്കുവയ്ക്കുകയുമാവാം. അങ്ങനെ നമുക്കു സോഷ്യലായി വർത്തമാനം പറയാം. മാസ് കമ്യൂണിക്കേഷൻ എന്ന ക്ലാസ് കമ്യൂണിക്കേഷന്റെ പിന്മാറ്റം നിശ്ശബ്ദം ആഘോഷിക്കാം.

Photo by Tim Mossholder

Leave a Reply

Your email address will not be published. Required fields are marked *