സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവൻ്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടിപുരണ്ട ഒരു ജാലകപ്പാളിയുടെ ക്ലേശകരമായ വിമലീകരണമാണ് ഇതിന്റെ ധർമ്മം.
ബോധപൂർവ്വം അവഗണിക്കപ്പെട്ട രണ്ടു മേരികളിലാണു സുവിശേഷം വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന ഒരു നിരീക്ഷണം ഉണ്ട്. അവർക്കു വീഞ്ഞില്ല എന്ന് ആകുലപ്പെടുന്ന അമ്മമേരിയുടെയും ഞങ്ങളുടെ കർത്താവിനെ ആരോ മോഷ്ടിച്ചുകൊണ്ടുപോയി എന്നു കാണുന്ന അവൻ്റെ സ്നേഹിതയായ മേരിയുടെയും നിലവിളികൾക്കിടയിലാണത്. ആ നിലവിളിയിൽ പിൽക്കാല സഭയുടെ ദുര്യോഗം അടക്കം ചെയ്തിട്ടുണ്ട്. അവൻ്റെ മുൻഗണനകളായ Least, Lost, Last എന്നിവരിൽനിന്നുള്ള അകലത്തിൻ്റെ കഥയായീ പിന്നീടുള്ള സഭാചരിത്രം എന്ന് ആർക്കാണ് ഇനിയും പിടുത്തംകിട്ടാത്തത്. ഇതു മടക്കയാത്രയ്ക്കുള്ള, ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം. സുവിശേഷഭാഷയിൽ, ഗലീലിയിലേക്കു മടങ്ങാനുള്ള കാഹളധ്വനി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കൂലിപ്പണിക്കാരുടെയും ഒരു വ്രണിതസഭ വരാനിരിക്കുന്നതേയുള്ളൂ. അങ്ങനെയാണ്, ഒരു ശരണാലയം എന്ന നിലയിൽ മതത്തിന്റെ നിലനില്പു പ്രസക്തമാവുന്നത്.
(ബ്ളർബിൽ നിന്ന്)