സ്‌നേഹം തന്നെ മതവും പാർട്ടിയും

ജോസ് ടി.

”സ്‌നേഹിക്കയില്ല ഞാൻ” എന്നു തുടങ്ങുന്ന വയലാറിന്റെ വരികൾ ആദ്യത്തെ രണ്ടു വാക്കിൽ നിറുത്തിയവരാണു പഴയ തലമുറ.

പുരുഷന്മാരായ മതാചാര്യർക്കും രാഷ്ട്രീയ നേതാക്കൾക്കും മനസ്സിലായെന്നു വരില്ല – ആണെന്നോ പെണ്ണെന്നോ ട്രാൻസ്‌ജെൻഡറെന്നോ ഭേദമില്ലാതെ പുതിയ കുഞ്ഞുങ്ങൾക്കു പൊതുവിൽ ഒരു മതമേയുള്ളൂ, ഒരു പ്രത്യയശാസ്ത്രമേയുള്ളൂ: സ്‌നേഹം.

സ്‌നേഹത്തിനപ്പുറം അവർക്കൊരു ദൈവമില്ല; സ്‌നേഹിക്കയല്ലാതെ ഒരു രാഷ്ട്രീയവുമില്ല.

”അവർക്ക് അവരോടുതന്നെയല്ലേ സ്‌നേഹം” എന്നു ചോദിക്കാം. ശരിയാണ്, അവർക്ക് എങ്ങനെ നിങ്ങളെ സ്‌നേഹത്തിൽ കുളിർപ്പിക്കാനാവും? സ്‌നേഹിക്കാൻ നേരമില്ലാതെ പണം, പദവി, പ്രശസ്തി, അധികാരം, പ്രതാപം – അവയ്ക്കുവേണ്ടി പരക്കംപായുകയായിരുന്നില്ലേ നിങ്ങൾ?

അതുകൊണ്ട് അവർ തങ്ങൾക്കിടയിൽ സ്‌നേഹിതരെ കണ്ടെത്തുന്നു. അവരെ ലൈക്ക് ചെയ്യുന്നു, ഫോളോ ചെയ്യുന്നു, കിട്ടുന്ന നല്ലതെല്ലാം ഷെയർ ചെയ്യുന്നു.

പങ്കുവയ്പാണു സൈബർ ഇടത്തിന്റെ വ്യാകരണം. കമ്യൂണിക്കേഷൻ വലയിൽ നടക്കുന്ന വിനിമയങ്ങൾ തുല്യമഹത്ത്വത്തിന്റെയും പങ്കുവയ്പിന്റെയും പുതിയ മാതൃകയാണു സൃഷ്ടിക്കുന്നത്. അത് അതിവേഗം ജാതി-മത-ഗോത്ര-സമുദായ-ഭാഷ-ലിംഗ-ദേശ അതിർവരമ്പുകളെ കടന്നുപൊയ്‌ക്കൊണ്ടിരിക്കും.

മുതിർന്ന അനേകർക്ക് മാറ്റം അനുഭവപ്പെട്ടു തുടങ്ങുന്നതേയുള്ളൂ എന്നുവരാം. എന്നാൽ, മാറ്റത്തിന്റെ ദിശ വ്യക്തമാണ്. ആ ദിശയെക്കുറിച്ച് 2016-ൽ ‘ഭാവിവിചാര’ത്തിൽ എഴുതുമ്പോഴെന്നതിനെക്കാൾ ഉറപ്പുണ്ട് എനിക്കിപ്പോൾ അതിൽ.

എന്നാൽ കാര്യങ്ങൾ വന്ന വഴിയാവട്ടെ ഞാൻ മുന്നിൽ കാണാത്ത തരത്തിലുമായിരുന്നു (കൂടുതൽ നല്ലതു ഭാവനചെയ്യുമ്പോഴും അതു സംഭവിക്കുന്നതിന്റെ വഴി, തങ്ങളുടെ പഴഞ്ചൻ രീതികൾക്കൊത്തായിരിക്കും എന്നു മുതിർന്നവർ കരുതും. ഞാനും അതിനു മുതിർന്നുപോയി).

അതിൽ പുതുതലമുറകൾ എന്നെ അമ്പരപ്പിക്കുകതന്നെ ചെയ്തു. തത്ത്വശാസ്ത്രങ്ങളുടെയും വേദശാസ്ത്രങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും നാനാവിധ വിജ്ഞാനശാഖകളുടെയും സംയോജനത്തിലൂടെ സാർവത്രികവിവേകം – അങ്ങനെയാണ്, ബഹുജന അറിവ് മഹാകാരുണ്യത്തെക്കുറിച്ചുള്ള അറിവായിത്തീരുന്നതിന്റെ വഴി ഞാൻ സങ്കല്പിച്ചത്.

എന്നാൽ സെമിനാരികളും വിചാരസത്രങ്ങളും മദ്രസകളും സർവകലാശാല വകുപ്പുകളും അക്കാദമികളും പാർട്ടി പഠന-ഗവേഷണ കേന്ദ്രങ്ങളും ചിന്താ ബൈഡനുകളും എല്ലാം ചേർന്ന് അതു സാധ്യമാക്കുന്ന വരുംനൂറ്റാണ്ടുകൾവരെ, ഈ പതിറ്റാണ്ടുകളിൽ പ്രായപൂർത്തിയാവുന്ന കുഞ്ഞുങ്ങൾ കാത്തിരിക്കുന്നില്ല.

പുതിയ മനുഷ്യരോടു സംവദിക്കാത്ത, സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള വേദവിജ്ഞാനവും തത്ത്വവിചാരവും പ്രത്യയശാസ്ത്രക്കസർത്തും തീർത്തും വിട്ടുമാറിപ്പോകാൻ ബാല്യകൗമാരങ്ങളിൽത്തന്നെ അവർക്കു കഴിയുമെന്നു വരുന്നു.ഇതിൽ ആണെന്നോ പെണ്ണെന്നോ ഭേദമില്ല.

അതുമൊരു യുഗമാറ്റമല്ലെങ്കിൽ പിന്നെന്താണ്?

നിരുപാധിക കരുണാർദ്ര സ്നേഹത്തിന്റെ വ്യാകരണം വച്ചല്ലാതെ പുതുതലമുറകളുമായി പുതുയുഗത്തിൽ ഭാഷണമില്ല.

Leave a Reply

Your email address will not be published. Required fields are marked *