ആദ്യന്തം യേശു എന്ന മാനവചരിത്രപുരുഷന് ഒപ്പം ഉള്ള ഒരു മാനവചരിത്രവനിതയെ കാണാൻ ക്രിസ്ത്യൻ സ്‌കൊളാസ്റ്റിക് അക്കാദമീയ പുരുഷന്മാർക്കു കഴിയാതെപോയിടത്താണ്, ‘യേശുവഴിയുള്ള രക്ഷ’ എന്ന അഞ്ജനം മഞ്ഞളുപോലെ വെളുത്തത് ആയത് (“കുരിശും യുദ്ധവും സമാധാനവും” പേജ് 43).
മനുഷ്യൻ എന്ന പദത്തെ മനുഷ്യവ്യക്തി എന്ന പരിമിതാർത്ഥത്തിൽ മാത്രം ഉപയോഗിച്ചു ശീലിച്ചവർ ഒടുവിൽ (ഇംഗ്ലീഷിലെ ‘Man’ പോലെ) ആ മനുഷ്യനെ പുരുഷൻ മാത്രമാക്കി ചുരുക്കി. മനുഷ്യരാശി അവർക്കു പുരുഷരാശിയായി; മനുഷ്യാവതാരം പുരുഷാവതാരമായി (പേജ് 44).
പുത്രൻ ‘‘പിതാവായ ദൈവത്തിന്റെ പുത്രൻ’’(കുമാരൻ) ആണെങ്കിൽ, അമ്മ ദൈവത്തിന്റെ മാതൃഭാവവമായ ദൈവാത്മാവിന്റെ/ശിവശക്തിയുടെ/റൂഹായുടെ പുത്രി(കുമാരി). അവിടെ ക്രിസ്ത്യൻ ദേവലോക ത്രിത്വം ചതുരമാകേണ്ടിവരുന്നു (പേജ് 45).
വേദക്രോഡീകരണം, വേദ കാനോനീകരണം, വേദപഠനം, വേദവ്യാഖ്യാനം, വൈദികാരാധനക്രമം എന്നിവയിലൂടെ നീളുന്ന പുരോഹിതഭയം ആത്യന്തികമായി സ്ത്രീയെക്കുറിച്ചുള്ള ഭയം -സ്‌ത്രൈണതയെക്കുറിച്ചുള്ള ഭയം- ആണ്. മനുഷ്യനിലെ അധ്യാത്മ സ്‌ത്രൈണത(spiritual femininity)യെക്കുറിച്ചുള്ള ഭയം (പേജ് 112).
‘ക്രിസ്തു’ ഒരു പുരുഷവിശേഷണമാകുന്നു. ‘അഭിഷിക്തൻ’ എന്ന പുല്ലിംഗത്തിന് ‘അഭിഷിക്ത’ എന്നൊരു സ്ത്രീലിംഗം ക്രിസ്ത്യൻ നിഘണ്ടുവിലില്ല. ദൈവാത്മാവു നിറഞ്ഞവളേ എന്നു സ്വർഗദൂതൻ വിളിച്ചാലും മറിയത്തിനു പള്ളിയിൽ അഭിഷേകമില്ല! (പേജ് 121)
ആദിമാതാവിൽനിന്നു പരമ്പരയാ നീളുന്ന ‘ജന്മപാപ’ത്തിനു വിധേയയാവാതെ മറിയം ജനിച്ചു എന്ന വിശ്വാസവിളംബരം ക്രിസ്തുമതാധികാര ഘടനയുടെയും അതിന്റെ പാപബോധപ്രബോധനത്തിന്റെയും കൊഴിഞ്ഞുവീഴലിന്റെ തുടക്കമായിട്ടായിരിക്കും വരുംകാലചരിത്രം രേഖപ്പെടുത്തുക. അത് ഒരുവശത്ത് ക്രിസ്ത്യൻ ജന്മപാപസങ്കല്പത്തിന്റെ അന്ത്യയാത്രയ്ക്കു മണിമുഴക്കുന്നു. മറുവശത്ത്, സ്ത്രീ ആർത്തവത്താൽ അശുദ്ധയാണ് എന്ന എല്ലാ മതങ്ങളിലെയും പൗരോഹിത്യത്തിന്റെ അടിസ്ഥാനധാരണയെ ഒരൊറ്റ വാക്കുകൊണ്ട് എഴുതിത്തള്ളുന്നു. യേശുവിനു മുമ്പേ ‘പാപമില്ലാത്ത’ ഒരു സ്ത്രീ ഉണ്ട് എന്നു സമ്മതിക്കപ്പെടുന്നു. ഈ മണിമുഴക്കം, ഈ എഴുതിത്തള്ളൽ, ഈ സമ്മതം, പെൺകുട്ടികളുടെ ഈ നൂറ്റാണ്ടിന്റെ, ഈ സ്ത്രീസഹസ്രാബ്ദത്തിന്റെ, ടൈറ്റിൽ സോങ് ആയി മാറുന്നു (പേജ് 124).
ലോക സ്ത്രീചരിത്രം കൂടുതല്‍ പഠിക്കപ്പെടുമ്പോള്‍ ക്രിസ്തോളജിയുടെ ബന്ധനത്തില്‍നിന്നു മറിയവും പുറത്തുവരും (പേജ് 140).
കല്യാണവസ്ത്രമണിഞ്ഞ മണവാട്ടിയായ മറിയത്തെയും അവള്‍ക്കൊപ്പം രൂപലാവണ്യമുള്ള മണവാളനായ യേശുവിനെയും അവതരിപ്പിക്കുന്ന മൈക്കലാഞ്ചലോയുടെ കരുണാശില്പം (La Pieta), കുമാരീകുമാര ദിവ്യകാരുണ്യ മണവാളത്തത്തെ ധ്വനിപ്പിക്കുന്നു; ഡാവിഞ്ചി കോഡുകളെ നിരാധാരമാക്കുന്നു (പേജ് 141).
മഗ്ദലന മറിയം ജ്ഞാനഗുരു (റബ്ബോനി) എന്നു സംബോധന ചെയ്യുകയും സിദ്ധ തോമവഴി ആ ജ്ഞാനഗുരുത്വം ഏറ്റുപറയപ്പെടുകയും ചെയ്ത യേശുവിനെയും അമലോത്ഭവ/നിർഭയ മറിയത്തെയുംപോലെ എല്ലാ മനുഷ്യരും ജ്ഞാനികളാവുന്ന യുഗമാണു നമുക്കു മുന്നിൽ. പൊതുയുഗം കഴിഞ്ഞുള്ള ഈ പുതുയുഗം ജ്ഞാനയുഗമായിത്തീരുന്നു. യേശുമറിയംയുഗ്മത്തിന്റെ രണ്ടാം വരവോടെ തുടങ്ങിയിരിക്കുന്ന ഈ യുഗം ക്രിസ്തുമതനിര്‍മിതിയായ ആധുനിക പുരുഷകേന്ദ്രിത ലോകത്തേക്കു സ്ത്രീപുരുഷതുല്യതയുടെ കാറ്റും വെളിച്ചവും കടത്തുന്നു. അതോടെ എല്ലാ അധീശത്വങ്ങളുടെയും അടിത്തറയായ പുരുഷാധീശത്വത്തിന്റെ യുഗാന്ത്യമാവുന്നു (പേജ് 141-143).