ന്യൂസ് ക്യാമറകൾക്കു പിടിതരാത്ത ഭാവി (KYS Takeaways – 1)

ഒരുമയുടെ ഭാഷയും ശാസ്ത്രവും സാങ്കേതികവിദ്യയും സമ്പദ്ഘടനയും അന്താരാഷ്ട്രീയമായി വികസിപ്പിക്കുകയാണു പുതുയുഗത്തിലെ ആത്മബോധമുള്ള കുഞ്ഞുങ്ങൾ. അവരാണു കാർമികർ/കർമികൾ. അവർക്കു ജീവിതത്തിൽ എല്ലാ കർമവും തിരുക്കർമ്മമാകും. ദൈനംദിനവേഷത്തിൽ കവിഞ്ഞ ഒരു തിരുക്കർമ്മവേഷം അവർക്കു വേണ്ടിവരുന്നില്ല. പഴന്തലമുറകളുടെ വാഗ്വാദത്തിന്റെയും പോരാട്ടത്തിന്റെയും സൂത്രവിദ്യകൾക്കു പകരം അവർ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും സാങ്കേതികവിദ്യ തീർക്കും. യുദ്ധമല്ല, സമാധാനമാണ് ഇനി പൊട്ടിപ്പുറപ്പെടുക. നന്നായി പറഞ്ഞാൽ, നീതിനിഷ്ഠമായ സമാധാനത്തിന്റെ പൊട്ടിവിരിയൽ (“കുരിശും യുദ്ധവും സമാധാനവും” പേജ് 80)

സ്നേഹാവതാരങ്ങളെ എന്നേക്കുമായി കുരിശുമരങ്ങളിൽ കെട്ടാൻ ശ്രമിക്കുന്നവരുടെ ഹയരാർക്കിക്കൽ അധികാരഘടനകളെ മറികടന്ന്, ഇന്റർനെറ്റ്‌വർക്ഡ് ആവുന്ന ജനങ്ങളുടെ സ്നേഹബോധവികാസം നീതിനിഷ്ഠമായ ശാന്തലോകത്തിന്റെ സൃഷ്ടിയിലേക്ക് അതിത്വരണത്തോടെ (progressive acceleration) നീങ്ങിക്കൊണ്ടിരിക്കുന്നു. യുദ്ധയുഗാന്ത്യത്തിൽ സമാധാനയുഗം പൊട്ടിവിടരുന്നു. മൊട്ടു പൊട്ടി പൂവിരിയുംപോലെ നിശ്ശബ്ദം. ന്യൂസ് ക്യാമറകൾക്ക് അതു പിടിതരുന്നില്ല. പുതുവസന്തം ഒരു ഫ്രെയിമിലും ഒതുങ്ങുന്നില്ല (പേജ് 24)

അപരൻ ശത്രുവല്ല എന്നതു ജ്ഞാനം. ഭയകാരണമായ അജ്ഞാനത്തെ അകറ്റുന്ന ഈ ജ്ഞാനനദിയിൽ സ്നാനം ചെയ്യുന്നവരുടെ സ്നേഹം ‘’സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. അത് ഒരിക്കലും അവസാനിക്കുന്നില്ല’’ (പേജ് 51)

യൂറോപ്യൻ സ്‌കൊളാസ്റ്റിസിസത്തിൻമേൽ പൗരസ്ത്യ സുറിയാനി പദങ്ങൾ വിതറുന്നതുകൊണ്ട്, പൗരസ്ത്യ ആധ്യാത്മികത പ്രകാശിപ്പിക്കാനാവില്ല. പൗരസ്ത്യ ആധ്യാത്മികത ജൈവമായ അധ്യാത്മാനുഭവമാണ് (പേജ് 52)

സോഷ്യൽ കാപ്പിറ്റൽ, സോഷ്യൽ റെസ്‌പോൺസിബിലിറ്റി, സോഷ്യൽ മീഡിയ, സോഷ്യൽ കമ്യൂണിക്കേഷൻ, സോഷ്യൽ നെറ്റ്‌വർക്കിംഗ്… പഴയ സോഷ്യലിസത്തിന്റെ പിടിവാശികളില്ലാതെ എല്ലാം സോഷ്യൽ ആവുന്ന ചരിത്രത്തിന്റെ ശരം (Arrow of History). രാഷ്ട്രീയത്തിൽ അത് സോഷ്യൽ ഡമോക്രസിയിലേക്കും മതത്തിൽ അത് നിരുപാധിക സ്നേഹത്തിലുള്ള വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മതാതീത ആധ്യാത്മികതയിലേക്കും നീണ്ടുപോകുന്നു. അതൊരു യുഗപരിണാമമാണ് (പേജ് 92-93).

ഇതാണു ക്ലൈമാക്‌സ്: ശ്രീയേശുവും മറിയവും കൂട്ടുകാരും പ്രതിനിധാനം ചെയ്ത മനുഷ്യക്കൂട്ടായ്മ എന്ന ആദിമ മതേതര അയൽക്കൂട്ടങ്ങളാകുന്ന ഉപ്പ് ഭൂമിയിൽ -മനുഷ്യരാശിയിൽ- ലയിക്കുന്നു. അതു ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും കൂടുന്നതിൽ വല്ലായ്മയില്ലാത്ത അഖിലലോക മനുഷ്യശൃംഖലകളെ ജനിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുമതപുരോഹിത ഭരണകൂടം മറ്റെല്ലാ ബ്രാഹ്മണ്യങ്ങളെയുംപോലെ കൊഴിഞ്ഞുപോകുന്നു (പേജ് 95).

നമ്മളെല്ലാവരും ‘അൻപുടയോന്മാരും അൻപുടയോൾമാരും’ ആകുന്നു. ഭൂമി എന്ന നമ്മുടെ പൊതുഭവനം അൻപിന്റെ വീടായ അൻപലം ആകുന്നു (പേജ് 102).

പെരിസ്‌ട്രോയിക്കകൾ ഒരു ഗോർബചെവിലോ ഒരു പോപ്പ് ഫ്രാൻസീസിലോ അവസാനിക്കുന്നില്ല. ജനവിരുദ്ധ അധികാരഘടനകളിൽ അവസാനത്തേതും നീങ്ങിപ്പോകുന്നതുവരെ അവ തുടർന്നുകൊണ്ടേയിരിക്കും. ആ പിരമിഡൽ അധികാരഘടനകൾ രക്തരഹിതമായി, പുതുതലമുറകളുടെ നെറ്റ്‌വർക്കിംഗ് ബോധം വഴി, അപ്രസക്തമാകുന്നതാണ് ഇനിയുള്ള ചരിത്രം. ജ്ഞാനോദയവുമായി (enlightenment) വരുന്ന പെണ്‍കുഞ്ഞുങ്ങള്‍തന്നെ ആ മാറ്റത്തിന്റെ മുന്‍നിരയില്‍ വരുന്നു. അവരുടെ മൗനങ്ങള്‍പോലും വാചാലമാകുന്നു (പേജ് 108).

ക്രിസ്ത്യൻ പൗരോഹിത്യമായിരുന്നൂ ഇതുവരെ ലോകത്തിലെ (അഥവാ, ലോകത്തിന്മേലുള്ള) ഏറ്റവും പ്രബലമായ അധീശ ബ്രാഹ്മണ്യം. രാഷ്ട്രീയ ക്രിസ്തുസങ്കല്പനം തിരോഭവിച്ച് ശ്രീയേശുഗുരു സൈബർ സ്‌പേസിലൂടെ തിരിച്ചുവരുമ്പോൾ ക്രിസ്ത്യൻ ബ്രാഹ്മണ്യം അവസാനിക്കുന്നു. അതിനൊപ്പം ഭൂമിയിലെ മറ്റു ബ്രാഹ്മണ്യങ്ങളുടെ /മൗലവിത്വങ്ങളുടെ ആധിപത്യങ്ങളും തിരോഭവിക്കുന്നു. അത്രമേൽ ഇന്റർകണക്ടഡ് ആണു ലോകം. ആ ഇന്റർകണക്ടഡ്‌നെസ്സിൽനിന്ന് മതാതീത ആഗോളജനത ഉണ്ടാകുന്നു. ക്രമേണ പുതിയ രാഷ്ട്രീയ സമ്പദ്ഘടനയും (പേജ് 131).

ആദ്യം വന്ന ശ്രീയേശുവിന്റെ ദിവ്യകാരുണ്യ അദ്വൈതം വീണ്ടും ലോകത്തിന്റെ ചിന്താമാതൃകയാകുമ്പോൾ ആദ്യത്തെ യേശുമറിയം സമാജങ്ങളാകുന്ന മതേതര അയൽക്കൂട്ടങ്ങളുടെ സ്ഥാനത്ത് പുതിയ മനുഷ്യകുലം ആഗോള അയൽക്കൂട്ടമാവുന്നു (പേജ് 132).

ഉപനിഷത്തുകളെയോ ശ്രീബുദ്ധനെയോ ശ്രീയേശുവിനെയോ ഓർക്കുമ്പോൾ, ദേശരാഷ്ട്രങ്ങളുടെ അതിർത്തികൾ അടയാളപ്പെടുത്തിയ ആധുനിക ലോകഭൂപടം തലയിൽ തൂക്കാതിരിക്കുക. രണ്ടായിരത്തഞ്ഞൂറു വർഷം മുമ്പത്തെ ഭാരതീയ ബ്രാഹ്മണമതനവീകരണത്തെയും നവോത്ഥാനത്തെയും ജ്ഞാനോദയത്തെയും ഒന്നര സഹസ്രാബ്ദം കഴിഞ്ഞുവരുന്ന യൂറോപ്യൻ റിനൈസൻസ്-റിഫർമേഷൻ-എൻലൈറ്റൻമെന്റിന്റെ സീക്വന്‍സിൽ ഒതുക്കാൻ ശ്രമിക്കാതിരിക്കുക (പേജ് 137).

ചരിത്രത്തിന്റെ യേശു, ഗ്രീക്കോ-ലാറ്റിൻ സംസ്‌കാരത്തിൽ പുരോഹിതവിശ്വാസത്തിന്റെ ക്രിസ്തു ആയി. ആ ക്രിസ്തുവിനെ നായകനാക്കിയ മതം ജനതകളുടെയും സംസ്‌കാരങ്ങളുടെയുംമേൽ അധീശത്വം വഹിച്ചതിന്റെ ചരിത്രമാണ് കഴിഞ്ഞ 16-17 നൂറ്റാണ്ടുകളുടെ ലോകചരിത്രം. മാറ്റങ്ങളുടെ ഒരു യുഗംതന്നെ മാറുന്ന ഇന്ന്, ഗ്രീക്കോ-ലാറ്റിൻ വിശ്വാസപ്രമാണത്തിന്റെ ക്രിസ്തു പിൻവാങ്ങി, ഭാരതീയ കാരുണ്യാനുഭവത്തിന്റെ ശ്രീയേശു വീണ്ടും വരുന്നു – വെർച്വൽ ആയി; ദിവ്യകാരുണ്യ വേദാന്തത്തിന്റെ ജ്ഞാനപുരുഷനായി (പേജ് 137-138).

എന്താണു ലോകത്തിന്റെ ഭാവി എന്നറിയുന്നതിനുവേണ്ടി ചരിത്രം നിരൂപണം ചെയ്യാനുള്ള എളുപ്പവഴിയാകുന്നൂ ക്രിസ്തുമതനിരൂപണം (പേജ് 21).

Leave a Reply

Your email address will not be published. Required fields are marked *