രണ്ടു സഹസ്രാബ്ദത്തിലെ ആഗോള അധീശത്വങ്ങളുടെ വേരുകൾ റോമിൽ ചെന്നു നിൽക്കുന്നു. അവിടെ സൈനികതയും പൗരോഹിത്യവും ഇഴചേരുന്നു. ആ ഇഴചേരലിന്റെ ഒറ്റവാക്കാണു ‘ക്രിസ്തു’. ‘പട്ടാഭിഷിക്തൻ’ എന്നുമാത്രം അർത്ഥമുണ്ടായിരുന്ന ആ വാക്കിന്റെ ചിത്രലിപി ആയിത്തീര്‍ന്നൂ റോമൻ കുരിശ്. (“കുരിശും യുദ്ധവും സമാധാനവും” പേജ് 21).
പൗലോസിന്റെ ഗ്രീക്ക് നിലവാരമുള്ള വിജ്ഞാനം പിൻപറ്റിയ പൗരോഹിത്യം റോമാസാമ്രാജ്യത്തിന്റെ സഹായത്തോടെ യേശുവിന്റെ അദ്വൈതജീവിതത്തെ ഒരു ‘ക്രിസ്തു’വിന്റെ സൈനിക കുരിശുകൊണ്ടു മറച്ചു. ആ മറ നീങ്ങി ലോകം -കിഴക്കും പടിഞ്ഞാറും- പരമകാരുണ്യത്തിന്റെ അദ്വൈതവെളിച്ചത്തിൽ കുളിച്ച് ഒന്നാകുന്നതാണു വരാനിരിക്കുന്ന ചരിത്രം (പേജ് 22).
യേശുജീവിതം അൻപിന്റെ വേദാന്തമാണ്. എന്നാൽ, യൂറോപ്പില്‍ പൗലോസിന്റെ ‘ക്രൂശീകരണ’ ദൈവശാസ്ത്രത്തിലും അതിനെ ആധാരമാക്കിയ ചില സുവിശേഷവാക്യങ്ങളിലും കോൺസ്റ്റന്റൈന്റെ കുരിശ് എന്ന സൈനിക കൊടിയടയാളത്തിലും അതു കുടുങ്ങിപ്പോയി (പേജ് 34).
പൗരസ്ത്യ ജ്ഞാനപുരുഷനായ ശ്രീയേശുവിന്റെ മുഴുജീവിതവെളിച്ചത്തെ പഴഞ്ചൻ യൂദായ വേദവാക്യങ്ങൾക്കുള്ളിലേക്കു വെട്ടിയിറക്കി ഗ്രീക്കു തത്ത്വചിന്തയോടും ഈജിപ്ഷ്യൻ പ്രകൃതിവീക്ഷണത്തോടും കൃത്രിമമായി വിളക്കിച്ചേർക്കാനുള്ള ശ്രമത്തിൽനിന്നു പിറന്നതാണ്, ‘പ്രപഞ്ചചക്രവർത്തിയും വിധിയാളനുമായ ദൈവവും അവിടുന്നു മനുഷ്യരുടെമേൽ കണ്ട പാപം എന്ന കുറ്റവും അതിനുള്ള നിർദയവും ‘നീതിപൂർവകവും’ ആയ ശിക്ഷാവിധിയും അത് ഏറ്റെടുത്ത് മനുഷ്യപാപത്തിനു നിയമാനുസൃത പരിഹാരം ചെയ്യാന്‍ അയച്ച പുത്രനും അതിൽ പ്രസാദിച്ച് പിതാവായ ദൈവം അനുവദിച്ച രക്ഷയും’ എന്ന വികൃതമായ യേശുജീവിത വ്യാഖ്യാനം (പേജ് 53).
താൻ പഠിപ്പിച്ചതിലുറച്ച് യേശു മരിച്ചതു ചരിത്രം; കുരിശിൽ മരിക്കാനായി യേശു സ്വർഗസ്ഥപിതാവിനാൽ അയയ്ക്കപ്പെട്ടു എന്നതു ഹെബ്രായ (Hebrew) ഗ്രീക്കോ-ലാറ്റിൻ തിയോളജി; രക്ഷയ്ക്കു പീഡ സഹിച്ചു കുരിശിൽ മരിക്കണം എന്നതാവട്ടെ, അധീശത്വങ്ങൾക്കു വഴങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ക്രിസ്ത്യൻ ഐഡിയോളജിയും. അതേസമയം, യേശു മരണശേഷവും ജീവിക്കുന്നവനായി തങ്ങളിൽ, തങ്ങൾക്കിടയിൽ, വസിക്കുന്നു എന്നത് ജനകീയ വിശ്വാസബോധം (Sensus fidei fidelium) (പേജ് 59).
യേശുവിന്റെ ജീവിതം കരുണാർദ്രസ്നേഹത്തിന്റെ അദ്വൈതത്തെ ഏഷ്യയ്ക്കു പുറത്തേക്കും കൊണ്ടുചെന്നു. ‘ക്രിസ്തു’വിന്റെ റോമൻ കുരിശ് ആവട്ടെ, പുത്തൻ സാമ്രാജ്യത്വരൂപങ്ങളെ ലോകം മുഴുവനിലേക്കും ഇറക്കുമതി ചെയ്തു (പേജ് 60).
യേശുവിനെ ക്രിസ്തുവാക്കിയ സാമ്രാജ്യ മതാധികാരം മനുഷ്യനെ മയക്കുന്ന മരുന്നാകുകയല്ല, ഭയംകൊണ്ടു മനുഷ്യബോധത്തെ ത്രസിപ്പിക്കുന്ന പാപബോധ ഫാക്ടറിയാവുകയാണു ചെയ്തത് (പേജ് 63).
പഴഞ്ചൻനിയമങ്ങളുടെ അപാകം ചൂണ്ടിക്കാട്ടിയ ശ്രീയേശുവിനെ മറികടന്ന് പുതുനിയമപുസ്തകങ്ങളിലും അങ്ങനെ പഴഞ്ചൻനിയമം ധ്വനിപ്പിച്ചു. ശ്രീയേശു എന്ന ചരിത്രപുരുഷനെ, ദാവീദുമാതൃകയിൽ ക്രിസ്തു എന്ന ദൈവശാസ്ത്ര സങ്കല്പനം ആക്കിയ പ്രാമാണികസുവിശേഷ രചയിതാക്കളിൽത്തന്നെ തലയെടുത്തതാണ് ഈ പ്രവണത. പിൽക്കാലസഭകളുടെ ദൈവശാസ്ത്രാഭ്യാസങ്ങളിലും അനുഷ്ഠാനവത്കരണങ്ങളിലും അതു വളർച്ച പ്രാപിക്കുകയായിരുന്നു (പേജ് 64).
സാധാരണ മനുഷ്യർക്കു മനസ്സിലാക്കാനാവാത്തത് -ഉള്ളിൽക്കൊള്ളാനാവാത്തത്- യേശു പറയുന്നതേയില്ല. പറഞ്ഞുപറഞ്ഞ് കാര്യങ്ങൾ സങ്കീർണമാക്കുന്ന ഒരു വ്യാഖ്യാനവ്യവസായിയല്ല അദ്ദേഹം (പേജ് 67).
യേശുവിനെ ഒരു രാജകീയ മഹാപുരോഹിതൻ ആക്കിയ പൗലോസിന്റെ ചുവടുപിടിച്ച ഔദ്യോഗിക സുവിശേഷകർ, ‘ക്യു’ ഉറവിടത്തിലേതുപോലെയുള്ള യഥാർത്ഥ ഗുരുവചനങ്ങളെ തങ്ങളുടെ യേശുരൂപപരിണാമത്തിന് ഇണങ്ങുംവിധം വിന്യസിച്ചു. അതിനകം രൂപംകൊണ്ട സഭാഭരണഘടനയ്ക്ക് സാധുത്വം നൽകുന്ന സഭാവിചാരമാതൃകകൾ ബൈബിളിലെ യേശുവിന്റെ കാലത്തേക്കുതന്നെയും പിറകോട്ടു കൊണ്ടുചെന്ന് യേശുവിന്റെ അധരങ്ങളിൽ വച്ചു (പേജ് 72).
യേശുവിന്മേലുള്ള ഗ്രീക്കോ-ലാറ്റിൻ ദൈവശാസ്ത്രവത്കരണങ്ങൾവച്ച് എഴുതപ്പെട്ട ക്രിസ്തു ആഖ്യായികളാണു പുതുനിയമ സുവിശേഷങ്ങൾ (പേജ് 75).
ജ്ഞാനിയും പ്രവാചകനും യോഗിയും ഗുരുവുമായ യേശുവിനു ചക്രവർത്തിയുടെയും മഹാപുരോഹിതന്റെയും രൂപം സങ്കല്പിക്കപ്പെട്ടപ്പോൾ ദൈവഭരണസുവിശേഷം ഭീതി പരത്തുന്ന രാജകീയ പുരോഹിതഭരണത്തിന്റെ ദുർവിശേഷമായി. ‘വരാൻപോകുന്ന നാശ’വും ‘ശിക്ഷാവിധി’യും ഘോഷിക്കപ്പെട്ടു. ‘വിവരംകെട്ടവർ’ (laymen) എന്നു വിളിക്കപ്പെട്ടവർക്കു സൂത്രത്തിൽ രക്ഷപ്പെടുവാൻ മെഴുതിരിനേർച്ചയും നൊവേനയും ‘കുരിശിന്റെ വഴി’യുംപോലെ പല വഴിയും കിട്ടി (പേജ് 87).
ഭൗമികസാമ്രാജ്യങ്ങളിലെ സർവാധിപത്യത്തിനും അടിമവ്യവസ്ഥയ്ക്കും ചൂഷണരൂപങ്ങൾക്കും സ്ത്രീവിരുദ്ധതയ്ക്കുംനേരെ കണ്ണടക്കവും ചുണ്ടടക്കവും പാലിച്ച് സ്വർഗീയസാമ്രാജ്യസുഖം മോഹിക്കുവാനും ലോകത്തെ മാറ്റിപ്പണിതു ദുരീകരിക്കേണ്ട സഹനങ്ങളെല്ലാം പീഡിതക്രിസ്തുവിനെയും രക്തസാക്ഷികളെയും നോക്കി പുഞ്ചിരിയോടെ സഹിക്കുവാനും ‘‘കുരിശിൽ മരിച്ച് യേശു എന്നെ രക്ഷിച്ചിരിക്കുന്നു’’ എന്നൊരു ഏറ്റുപറച്ചില്‍കൊണ്ട് സ്വർഗീയസുഖം ഉറപ്പാക്കുവാനും പൗലോസിന്റെ ലേഖനങ്ങളിലെ കുരിശുവിശേഷം ഏറെ നൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികളെ ശീലിപ്പിച്ചു (പേജ് 91-92).
പൊതുയുഗത്തിന്റെ ആദ്യനൂറ്റാണ്ടുകളിലെ വിശാലഭാരതത്തിന് ഈശ ഒരു യഹൂദ റാബി ആയിരുന്നില്ല; ദേശാതിരുകളില്ലാത്ത ലോകകുടുംബത്തിന്റെ ജ്ഞാനിയും യോഗിയുമായ ഗുരുവായിരുന്നു (പേജ് 97-98).
സാമ്രാജ്യത്തിന്റേതാണു ക്രിസ്തുധാര; ബഹുജന സമാജത്തിന്റേതാണു ശ്രീയേശുധാര; ശ്രീയേശു-മറിയം യുഗ്മത്തിൽനിന്നു വികസിച്ച അദ്വൈതകാരുണ്യധാര (പേജ് 100).