ജോസ് ടി
നിങ്ങൾ ഞായറാഴ്ചതോറും ഉപദേശം കൊടുക്കുന്നവരാണു ഭൂമിക്കു മുകളിൽ നടക്കുന്നവരിൽ മൂന്നിലൊരാളും. മറ്റൊരു പൗരോഹിത്യത്തിനും ഇത്രയധികം പേർക്ക് ഉപദേശം കൊടുക്കാൻ കഴിവില്ല.
എന്തു ചെയ്യണമെന്ന് ഓരോ ഞായറാഴ്ചയും നിങ്ങൾ ആർക്കു മുടങ്ങാതെ പറഞ്ഞുകൊടുക്കുന്നുവോ, ഒരു വിയോജിപ്പുംകൂടാതെ ആര് അതു കേട്ടിരിക്കുന്നുവോ അവർക്കാണ്, ഭൂമിയിലെ നാലിൽ മൂന്നു പാർലമെന്റുകളിലും ഭൂരിപക്ഷം.
ലോകത്തിന്റെ പോലീസ് നിങ്ങളുടെ കൈയിലാണ്. ഭൂമിയിലെ ഏറ്റവും പ്രബലമായ സൈന്യങ്ങൾ നിങ്ങളെ അനുസരിക്കുന്നു. ഭൂമിയുടെ സിംഹഭാഗവും നിങ്ങളുടെയോ നിങ്ങളുടെ വിധേയരുടെയോ ഉടമസ്ഥതയിലാണ്.
എന്നിട്ടും മനുഷ്യർ വഷളാകുന്നു, തിന്മ പെരുന്നു, ലോകം നശിക്കാൻ പോകുന്നു എന്നു പറഞ്ഞു നിങ്ങൾ ബഹളം കൂട്ടുന്നതെന്ത്? പാപം, പാപം എന്നു പറഞ്ഞു കുഞ്ഞുങ്ങളെ പേടിപ്പിക്കുന്നതെന്ത്?
പത്തുപതിനേഴു നൂറ്റാണ്ട് നിങ്ങൾ ഉപദേശിച്ചിട്ടും, നിങ്ങളുടെ ഉപദേശം കേട്ടവർക്കു രാജ്യവും ശക്തിയും മഹത്വവും ഉണ്ടായിരുന്ന ലോകം ”രക്ഷ പ്രാപിക്കുന്ന” ലക്ഷണമില്ലെങ്കിൽ, ബാക്കിയുള്ളവരെക്കൂടി നിങ്ങളുടെ കൂട്ടത്തിലേക്കു മതംമാറ്റിക്കാഴിയുമ്പോൾ ലോകാവസാനം പെട്ടെന്നായിപ്പോകില്ലേ?
സഹോദരന്മാരേ, നിങ്ങളുടെ ഉപദേശത്തിന്റെ ആധാരത്തിനു കാര്യമായ എന്തോ തകരാറുണ്ടെന്നു കാണാൻ ദൈവശാസ്ത്രത്തിൽ ഒരു ഡിപ്ലോമയും വേണ്ട. ചരിത്രത്തിലെ യേശുവിന്റെ ജീവിതമല്ല, നിങ്ങളുടെ മുൻഗാമികൾ സൃഷ്ടിച്ച ഒരു ക്രിസ്തുവിന്റെ ശാസ്ത്രമാണു നിങ്ങൾ ഘോഷിച്ചുപോരുന്നത്.
ആ ക്രിസ്തുവിന്റെ ആൺകോയ്മയും അതിന്റെ രാഷ്ട്രീയവും സമ്പദ്ഘടനയും പോലീസും പട്ടാളവും ആയുധക്കച്ചവടവുമെല്ലാമാണു ആഗോളഗ്രാമത്തിൽ ശരാശരി മനുഷ്യനെ ദുരിതത്തിലാക്കിയത്.
ലോകം അതു തിരിച്ചറിഞ്ഞുതുടങ്ങുകയാണ്.
ക്രിസ്ത്യൻ ബ്രാഹ്മണ്യമേ, ആദ്യം നിങ്ങൾ മാനസാന്തരപ്പെടുവിൻ, മതംമാറ്റത്തിനുമുമ്പ് നിങ്ങളുടെ മതത്തെ മാറ്റുവിൻ.