പുതിയ ലോകത്തിലേക്ക് ഭൂമി ഉറങ്ങിയുണരുന്നു

ജോസ് ടി.

പഴയ ലോകത്തിന്റെ ചരിത്രത്തിലെ നീളമേറിയ ഒരു പകൽ കഴിഞ്ഞ്, പുതിയ ലോകത്തിന്റെ പ്രഭാതത്തിലേക്കു നാം നീങ്ങുകയാണ്.

നമ്മൾ ഉറങ്ങുമ്പോൾ, അകലെയൊരിടത്ത് പ്രഭാതത്തിന്റെ ആദ്യരശ്മികൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. നമ്മളും അതിന്റെ പ്രകാശത്തിൽ കുളിക്കാൻ അധികം താമസമില്ല.

ആയിരത്തി മുന്നൂറ്റെൺപതു കോടി വർഷം മുമ്പ് അലിവിന്റെ മഹാ ഊർജവിസ്‌ഫോടനം ഉണ്ടായി. അങ്ങനെ നമ്മുടെ പ്രപഞ്ചത്തിനു ജീവൻ വച്ചതുമുതൽ, കനിവാർന്ന ജീവന്റെ തിരുനടനം നടന്നുവരികയായിരുന്നു. ഇപ്പോൾ അതു സാർവലൗകികസൗഹാർദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉന്നതരൂപങ്ങളിലേക്കു വിടരുകയാണ്.

ഭൂമിയെ പൊതിഞ്ഞ് കനിവിന്റെയും കരുതലിന്റെയും മസൃണമസൃണമായ ഒരു അടര് (layer) ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഓസോൺ പാളിയിൽ വിള്ളലുണ്ടാവുന്നുണ്ട്; ശരിതന്നെ. എന്നാൽ ജീവനു മുന്നിലുള്ള ഏത് അപായസാധ്യതയെയും അതിജീവിക്കുവാൻ വേണ്ട ജീവാത്മാവ് അടങ്ങിയതാണ് ഭൂമിക്കു ചുറ്റും, ഭൂമി മുഴുവനും വളർന്നു പന്തലിച്ചുപോരുന്ന കരുണയുടെയും കരുതലിന്റെയും അടര്.

പട്ടാപ്പകൽ നടന്ന കൊള്ളയുടെയും കൊള്ളിവയ്പിന്റെയും, പീഡനത്തിന്റെയും പോർവിളിയുടെയും, വാർത്തകൾ കേട്ടും കണ്ടും സംഭ്രമിച്ച നമ്മുടെ സന്ധ്യാബോധത്തിലേക്ക്, ഈ അടരിന്റെ പ്രകാശത്തെ ക്ഷണിക്കുക. നിങ്ങൾ ഉറങ്ങുമ്പോഴും നിങ്ങളെ പൊതിയുന്ന, പ്രപഞ്ചം മുഴുവൻ വളർന്നുവരുന്ന മഹാകാരുണ്യത്തിന്റെ സുരക്ഷിതത്വത്തിൽ ഉറങ്ങുക.

നിങ്ങൾ ഉണരുമ്പോൾ, പ്രഭാതപത്രങ്ങൾ വീണ്ടും നിങ്ങളുടെ ബോധത്തെ ഇളക്കിയേക്കാം; ചാനൽ ദൃശ്യങ്ങൾ നിങ്ങളിൽ വീണ്ടും ഭയവും വെറുപ്പും അരക്ഷിതത്വവും പടർത്തിയേക്കാം. ഭയപ്പെടേണ്ട, സംഭ്രമിപ്പിക്കുന്ന വാർത്തകളുടെ പഴയ യുഗം അവസാനിക്കുകയാണ്.

നമ്മുടെ നാട്ടിലും നന്മനിറഞ്ഞ വിശേഷങ്ങൾ തന്നെ നിരന്തരം കാണാനും കേൾക്കാനും കഴിയുന്ന പുതിയ പ്രഭാതം വരികയാണ്.

അതെ, നല്ലതിൽക്കവിഞ്ഞൊന്നിലും താല്പര്യമില്ലാത്ത പുതുതലമുറകളുടെ പുതിയ ലോകത്തിലേക്ക്, നാം ഉറങ്ങിയുണരാൻ പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *