ജോസ് ടി.
ജനങ്ങളെ കവിഞ്ഞുനിന്ന് ജനാധിപത്യസർക്കാരുകളെ അമ്മാനമാടാൻ കഴിവുണ്ടെന്നു പത്രങ്ങൾ ബലൂൺ വീർപ്പിച്ചിരുന്നു. മന്ത്രിസഭാമാറ്റങ്ങൾക്കു പിന്നിലെ മഹാമാന്ത്രികശക്തി തങ്ങളാണെന്ന് അവയിൽ പലതും അവകാശപ്പെട്ടുപോന്നു.
പരസ്യപ്പലകയിൽ മിച്ചംവന്ന സ്ഥലം വാർത്താകഥകൾകൊണ്ടു ഫിൽ ചെയ്തുപോന്ന പത്രങ്ങൾ, മന്ത്രിസഭകളെ മാറ്റുകയോ നേർവഴി പഠിപ്പിക്കുകയോ അല്ല, പൊതുജനബോധത്തെ ഒരു പ്രത്യേക വിധത്തിൽ പരുവപ്പെടുത്തുകയാണു ചെയ്തത്.
ഇഷ്യൂസിനെ നോൺ-ഇഷ്യൂസ് ആക്കുകയും നോൺ-ഇഷ്യൂസിനെ ഇഷ്യൂസ് ആക്കുകയും ചെയ്യുന്ന ഒരു പൊതുബോധം അവയിലൂടെ പടർന്നു.
പത്രങ്ങൾ പറയാത്ത എന്ത് ഇഷ്യുവാണ് ഇവിടെയുള്ളത്? അങ്ങനെ ചോദ്യം വരുന്നതു ഞാൻ കാണുന്നു.
ഒറ്റ ഇഷ്യുമാത്രം – പത്രസ്ഥാപനങ്ങളിലെ ജോലിയിൽ പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ എന്ന ഒരൊറ്റ ഇഷ്യുമാത്രം. അവരുടെ സമീകൃത പോഷകാഹാരം, വസ്ത്രം, ഭൂവുടമസ്ഥത, പാർപ്പിടം, പാർപ്പിടപരിസരം, വൈദ്യുതി, കൺവയൻസ്, കണക്ടിവിറ്റി, വിദ്യാഭ്യാസസൗകര്യം, നൈപുണ്യവികസനം, തൊഴിലവസരം, നിയമസഭാപ്രാതിനിധ്യം….. അവരുടെ സാമാന്യജീവിതാവശ്യങ്ങൾ പത്രവിശേഷമായില്ല.
രാജ്യത്തെ ഭാഷാപത്രങ്ങളിൽ സ്ത്രീകൾ, ആദിവാസികൾ, മറ്റു ദലിതർ, ശ്രേഷ്ഠാംഗർ – ഇവരൊന്നും പണിയെടുത്തിരുന്നില്ല. അവരുടെ സാമാന്യ ജീവിതാവസ്ഥ പത്രപ്രവർത്തകരുടെ കണ്ണിൽ എത്രത്തോളം വരുമോ, അതിൽക്കവിഞ്ഞ് അതു വാർത്തയിൽ വരില്ലല്ലോ.
എങ്ങാനും ഒരു ഏറുകണ്ണിട്ടു നോക്കിയാൽത്തന്നെ, തങ്ങളുടെ നിലപാടുതറയിൽനിന്നേ റിപ്പോർട്ടിംഗ് നടക്കൂ. ”വാർത്ത വേറെ, വീക്ഷണം വേറെ” (News is sacred, Comment is free) എന്നൊരു പഴയ ജേണലിസം സ്‌കൂൾ പാഠംകൊണ്ട്, വാർത്തയിലെ ഈ നിലപാടുതറ അവർ വളരെ പ്രൊഫഷണലായി മൂടിവച്ചിരുന്നു.
പൈങ്കിളിവാർത്തകളും മസാലവാർത്തകളും അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ, ഉണ്ടില്ലെങ്കിലും ഉടുത്തില്ലെങ്കിലും ഓസിയെങ്കിലും പത്രം വായിക്കാനുള്ള ത്വര ജനങ്ങളിൽ പടർന്നു.
വാർത്തയിൽ നിറയാനുള്ള വിദ്യ ശീലിക്കുന്നതാണ് അടിസ്ഥാന രാഷ്ട്രീയപരിശീലനം എന്നു കണ്ട യുവനേതാക്കളുണ്ടായി. അവർ വളർന്ന് രാഷ്ട്രീയ നിത്യയൗവനം നിലനിർത്തുന്ന നേതാക്കളായി.
പത്രങ്ങളും പാർട്ടികളും തമ്മിൽ ധാരണയായി. ഇഷ്യൂസിനെ നോൺ-ഇഷ്യൂസാക്കാനും നോൺ-ഇഷ്യൂസിനെ ഇഷ്യൂസാക്കാനുമുള്ള പ്രൊഫഷണലിസം പത്രങ്ങൾക്ക്. അതു വോട്ടാക്കാനുള്ള പ്രൊഫഷണലിസം പാർട്ടികൾക്ക്.
ഈ ബാന്ധവത്തിന്റെ കൊട്ടിക്കലാശമാണ് കോവിഡ്-19 സമൂഹവ്യാപനത്തിനു മുന്നിൽ പത്രത്തിലും പാർട്ടിരാഷ്ട്രീയത്തിലും കാണുക. ശാരീരിക അകലം പാലിക്കാത്ത, മാസ്‌ക് വയ്ക്കാത്ത നേതാക്കളുടെ നിര പത്രങ്ങളുടെ ഓരോ താളിലും വർണചിത്രങ്ങളായി ആഘോഷിക്കപ്പെടുന്നു. അനുയായികൾ തെരുവിൽ രോഗം പടർത്തുകയും.
ഈ നിരയിൽനിന്ന് സമുദായ നേതാക്കളും മതാചാര്യന്മാരും മാറിനിൽക്കുന്നില്ല. അവർക്കുവേണ്ട കോളങ്ങളും പത്രങ്ങൾ ഇട്ടിട്ടുണ്ട്. അതതു കോളങ്ങളിൽ അവർ ശാരീരിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ജനത്തെ സേവിക്കുന്നു.
പത്രം, പാർട്ടി, മതം – ഈ മുക്കോണം സൃഷ്ടിച്ച പൊതുബോധം ഒരു വല്ലാത്ത തരത്തിലായതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ, ഈ വസ്തുസ്ഥിതികഥനം ആരെയും നൈരാശ്യത്തിലേക്കു നയിക്കാതിരിക്കട്ടെ. ദുരവസ്ഥയിലേക്കു പൊതുബോധത്തെ നയിച്ച മുൻപറഞ്ഞ പ-പാ-മ മുന്നണിയുടെ ആദ്യകണ്ണി – മുഖ്യകണ്ണി – പൊട്ടുകയാണ്.
സാമൂഹികസൗഹൃദം ആഴപ്പെടുത്തുന്ന പുതിയ ലോകത്തിലെ സാമൂഹിക വാർത്താവിനിമയത്തിനെതിരെ – സാമൂഹികമാധ്യമങ്ങൾക്കെതിരെ – പത്രങ്ങൾ കൂട്ടായി നടത്തുന്ന കുരിശുയുദ്ധ വിളംബരം അതിന്റെ അടയാളമാണ്.
ഇപ്പോഴും പത്രം വായിക്കുകയും എന്നാൽ പുതിയ വിവരവിനിമയ ആപ്പുകൾ ഉപയോഗിക്കുകയും പുതിയ സാമൂഹിക ശൃംഖലകളിൽ കണ്ണിചേരുകയും ചെയ്യുന്ന സ്വന്തം വരിക്കാരോടുതന്നെ അവർ യുദ്ധത്തിലാവുന്നു!
ഇത് അവസാന യുദ്ധമാണ്. കോവിഡിന്റെ അതിരൂക്ഷതയിൽനിന്നു നാടു മോചിതമാവുമ്പോഴേക്കും, ഒരു കാര്യം കൈവെള്ളയിൽ നെല്ലിക്കയാകും: കോവിഡ് പ്രതിരോധ ബോധവത്കരണത്തിന് ഒരു ചതുരശ്ര ഇഞ്ച് സ്ഥലംപോലും അനുവദിക്കാതെ, എതിർബോധവത്കരണം (counter-conscientization) നടത്തിയ പരസ്യപ്പലകപ്പത്രങ്ങൾക്കു പൊതുബോധം നിർണയിക്കാൻ കഴിയാത്ത കാലമാകുന്നു എന്ന കാര്യമാണത്.
വൺവേ ട്രാഫിക് പോലെയുള്ള ക്ളാസ്സ് കമ്യൂണിക്കേഷൻ എന്ന മാസ്സ് കമ്യൂണിക്കേഷനപ്പുറം, സാമൂഹിക സംഭാഷണങ്ങളുടെ കാലമാണ് ഇനി. വരേണ്യ പുരുഷ പത്രപ്രവർത്തകർക്ക് എന്നപോലെ സ്ത്രീകൾക്കും കുട്ടികൾക്കും ആദിവാസികൾക്കും ദലിതർക്കും ശ്രേഷ്ഠാംഗർക്കും ട്രാൻസ്ജെൻഡർമാർക്കുമെല്ലാം സൈബർ സ്പേസിൽ ഇടമുണ്ട്; സംവേദനമാധ്യമങ്ങളുണ്ട്.
പരസ്യദാതാക്കളുടെ പിൻബലത്തിൽ അവരെ പൊരുതിത്തോല്പിക്കാമെന്നു കരുതുന്നതു വെറുതെ (പരസ്യത്തേലോടുന്ന ഗൂഗിൾ പോലും അങ്ങനെ ചിന്തിക്കുന്നില്ല). അവർ നിങ്ങളോടു പൊരുതാനേ പോരില്ല.
അതാണതിന്റെ ഗുട്ടൻസ്. പുതിയ ഗുട്ടൻബർഗ്സ്.
അതുതന്നെയാണ് അതിന്‍റെ ഗുട്ടന്‍സ്.
ഗംഭീരമായ അവതരണം.
Your observations are nice Jose T. Go ahead with great courage PJ Kurian