മടക്കയാത്രയ്ക്കുള്ള അവസാനത്തെ മുന്നറിയിപ്പ് – ബോബി ജോസ് കട്ടികാട്

സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവൻ്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടിപുരണ്ട ഒരു ജാലകപ്പാളിയുടെ ക്ലേശകരമായ വിമലീകരണമാണ് ഇതിന്റെ ധർമ്മം.

ബോധപൂർവ്വം അവഗണിക്കപ്പെട്ട രണ്ടു മേരികളിലാണു സുവിശേഷം വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന ഒരു നിരീക്ഷണം ഉണ്ട്. അവർക്കു വീഞ്ഞില്ല എന്ന് ആകുലപ്പെടുന്ന അമ്മമേരിയുടെയും ഞങ്ങളുടെ കർത്താവിനെ ആരോ മോഷ്ടിച്ചുകൊണ്ടുപോയി എന്നു കാണുന്ന അവൻ്റെ സ്നേഹിതയായ മേരിയുടെയും നിലവിളികൾക്കിടയിലാണത്. ആ നിലവിളിയിൽ പിൽക്കാല സഭയുടെ ദുര്യോഗം അടക്കം ചെയ്തിട്ടുണ്ട്. അവൻ്റെ മുൻഗണനകളായ Least, Lost, Last എന്നിവരിൽനിന്നുള്ള അകലത്തിൻ്റെ കഥയായീ പിന്നീടുള്ള സഭാചരിത്രം എന്ന് ആർക്കാണ് ഇനിയും പിടുത്തംകിട്ടാത്തത്. ഇതു മടക്കയാത്രയ്ക്കുള്ള, ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം. സുവിശേഷഭാഷയിൽ, ഗലീലിയിലേക്കു മടങ്ങാനുള്ള കാഹളധ്വനി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കൂലിപ്പണിക്കാരുടെയും ഒരു വ്രണിതസഭ വരാനിരിക്കുന്നതേയുള്ളൂ. അങ്ങനെയാണ്, ഒരു ശരണാലയം എന്ന നിലയിൽ മതത്തിന്റെ നിലനില്പു പ്രസക്തമാവുന്നത്.

(ബ്ളർബിൽ നിന്ന്)

പരിണാമത്തിന്റെ ഭാവിരൂപം – ഡോ. മാത്യു പൈകട

(എഴുത്ത് മാസിക 2022 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

മാർക്സിസ്റ്റ് ചരിത്രവീക്ഷണത്തിനു മുഴു വരിപ്പണം അടയ്ക്കുന്നില്ലെങ്കിൽ, ആധുനിക ലോകനാഗരികതയുടെ പരിണാമം വിലയിരുത്താൻ, ആ പരിണാമത്തിനു പിന്നിൽ പ്രവർത്തിച്ച വിശ്വാസപദ്ധതികളുടെ സൂക്ഷ്മപരിശോധന ആവശ്യമാണ്. ചരിത്രം സ്നേഹിച്ച യേശുവിനെ രണ്ടായിരം വർഷത്തെ സാംസ്കാരികപരിണാമവീഥിയിൽ സൂക്ഷ്മതയോടെ കണ്ടെത്തുകയും ക്രിസ്തുമതനിരൂപണത്തിലൂടെ ഭാവിവിശ്വാസരൂപം വരയ്ക്കുകയും ചെയ്യുകവഴി, ഭാവിലോകക്രമം മുൻദർശിക്കുന്ന കൃതിയാണു ജോസ് ടി തോമസിന്റെ “കുരിശും യുദ്ധവും സമാധാനവും”. പേരിലെന്നതുപോലെ വിഷയത്തിലും അവതരണരീതിയിലും അസാധാരണത്വം നിറഞ്ഞു നില്ക്കുന്ന ഈ കൃതി മലയാളത്തിൽ നവീനമായ ഒരു ചിന്താവിന്യാസമാണ്.

തിരിഞ്ഞുനോക്കുന്നതിനോളം മുന്നോട്ടും നോക്കുന്ന അന്വേഷണം. ഈ അന്വേഷണത്തിന്റെ അവസാനഭാഗത്തു ഗ്രന്ഥകർത്താവ് തനിക്കു ലഭിച്ച രണ്ടു വരദാനങ്ങൾ ഒരു കുമ്പസാരത്തിലെന്നപോലെ പങ്കുവയ്ക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ ജീവൽ ചലനതത്ത്വമായ ‘അൻപി’ന്റെ ജ്ഞാനം സ്വർണ്ണക്കുരിശുകൊണ്ട് മൂടിവച്ചവർക്കെതിരെയുള്ള ആത്മരോഷം, ക്രമേണ, “സത്യം മൂടിവയ്ക്കാൻ ആരും മന:പൂർവ്വം ശ്രമിക്കുന്നതല്ലെന്നും അറിയാത്ത സത്യം പറയാൻ കഴിയാത്തവരായി ജീവിച്ചുപോയതാണെന്നുമുള്ള തിരിച്ചറിവിന് ” വഴിമാറിയതാണ് ആദ്യ വരദാനം. ‘ക്രിസ്തു’ തന്ന പാപബോധത്തിനു പകരം ശ്രീയേശുവും മറിയവും തരുന്ന പുണ്യബോധത്തിലേക്ക് ഈ അറിവ് തന്നെ മോചിപ്പിക്കുന്നു എന്നതാണു രണ്ടാമത്തേത്. ആത്മാവിന്റെ ഇരുണ്ട രാവിലൂടെയുള്ള പ്രയാണത്തിൽ, ചുറ്റുമുള്ളവയ്‌ക്കോ ചുറ്റുമുള്ളവർക്കോ നല്കാൻ കഴിയാത്ത ആശ്വാസവും ആത്മഹർഷവുമാണിത്. അതുകൊണ്ടുതന്നെയാണ് കണ്ടെത്തലുകളെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതോടൊപ്പം, താൻ താണ്ടിയ വഴികളെക്കൂടി ഒരു തീർത്ഥാടകന്റെ നിരാസത്തോടും ഭക്തിയോടുംകൂടെ വായനക്കാർക്കു പരിചയപ്പെടുത്തുന്നതിൽ ജോസ് ടി. ശ്രദ്ധയൂന്നുന്നത്. Antoine de Saint-Exupery പറഞ്ഞതുപോലെ ‘ഹൃദയത്തിന്റെ കണ്ണുകൾകൊണ്ടാണു നാം സത്യം കണ്ടെത്തുക’ എന്ന് ഈ പഠന-മനന പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഉരുത്തിരിയുന്ന ആഗോള മനുഷ്യമഹാകുടുംബത്തിൽ ‘ശ്രീയേശുവിന്റെയും മറിയത്തിന്റെയും നിത്യഹരിതസന്ദേശങ്ങൾ അതിന്റെ മൗലികരൂപത്തിൽ ഇന്നത്തെ തലമുറയ്ക്കു നൽകുന്നതിനും ആഗോളതലത്തിൽ അതനുസരിച്ചുള്ള മാറ്റങ്ങൾക്കു പ്രചോദനമേകുന്നതിനും ഉതകുന്നതാണ് ഈ ഗ്രന്ഥം’ എന്ന് അവതാരികയിൽ പ്രഗല്ഭ സോഷ്യലിസ്റ്റ് ചിന്തകൻ പ്രഫ. ഡോ. ബി. വിവേകാനന്ദൻ പ്രസ്താവിക്കുന്നു. ‘ലോകത്തിന്റെ ഭാവിയിലേക്കുള്ള ഒരു താക്കോലായി’ സക്കറിയയും ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തുന്നു. എൺപതുകളിൽ മലയാളത്തിലെ ഏറെ ശ്രദ്ധേയനായ യുവപത്രപ്രവർത്തകനായിരുന്നശേഷം പൊടുന്നനെയെന്നോണം ധ്യാനാത്മക എഡിറ്റോറിയൽ ഗവേഷണത്തിലേക്കു ചുവടുമാറ്റിയ ജോസ് ടി ”മതഭാരം ചുമക്കാത്ത പുതിയ തലമുറകളുടെ മതാതീത ആന്തരികതയ്ക്ക് അൻപിന്റെ അദ്വൈതം”‘ ഈ ഗ്രന്ഥത്തിലൂടെ നൽകിയിട്ടുണ്ട്. പുസ്തകത്തിന്റെ മൂന്നിലൊന്നു വരുന്ന അനുബന്ധവും ഇൻഫോഗ്രാഫിക്‌സിന്റെ സഹായത്തോടെ 60 പേജുകളിൽ ഒതുക്കുന്ന ‘മാനവചരിത്രസമീക്ഷ’യും17 പേജ് വീതമുള്ള ‘ഉറവിട സുവിശേഷവും’ സിദ്ധതോമയുടെ ശ്രീയേശുവിശേഷവും (ഇംഗ്ലീഷിൽ) ഈ ഗ്രന്ഥത്തെ വേറിട്ടൊരു വായന-പഠന അനുഭവമാക്കുന്നു.

തർക്കമില്ലാത്ത അറിവുകളിൽനിന്ന് ആരംഭിച്ച്, ആരുമായും തർക്കിക്കാതെ, പല വഴികളിലൂടെ ആർജ്ജിക്കുന്ന ജ്ഞാനത്തിൽ വളരാനാണു പുതിയ തലമുറ ആഗ്രഹിക്കുന്നത്. അതു തിരിച്ചറിയുന്ന ഗ്രന്ഥകർത്താവും ആ വഴിതന്നെ അവലംബിക്കുന്നു. അതേസമയം, നിശിതമായ നിരീക്ഷണങ്ങൾ നടത്താൻ മടികാണിക്കുന്നുമില്ല. ഉദാ: ”സുവിശേഷങ്ങളിലെ യേശുവചനങ്ങളും യേശുകർമ്മങ്ങളും ഒരുമിച്ചു ചേർത്ത് ഒരൊറ്റ ദിവ്യകാരുണ്യാവിഷ്‌ക്കരണമായി കാണണം. എന്നാൽ അതു കാണാതെ, കോപിക്കയും ശിക്ഷിക്കയും സഹനം നൽകി മെരുക്കുകയും ചെയ്യുന്ന ഒരു ദൈവത്തെയാണ് ‘യേശു ഏകരക്ഷകൻ’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ എല്ലാ ക്രിസ്തുസഭകളും ഇന്നും പ്രഘോഷിക്കുന്നത് “. സ്വജീവിതംകൊണ്ടു യേശു സാക്ഷാത്കരിച്ച അൻപിന്റെ ഏഷ്യൻ അദ്വൈതത്തെ കുരിശുമരണത്തിൽ ഒതുക്കിനിർത്തുന്ന മാന്ത്രിക മാനവ പാപമോചനസിദ്ധാന്തങ്ങൾ ഗാന്ധിജിക്കെന്നപോലെ ഗ്രന്ഥകർത്താവിനും അസ്വീകാര്യമാണ്.

ഈ പുസ്തകത്തിൽ മറിയം ദൈവത്തിന്റെ മാതൃഭാവമായ ദൈവാത്മാവിന്റെ പുത്രിയാണ് – ദൈവപുത്രി. പുരുഷ വിചാരമാതൃകയിലുള്ള ദൈവിക ത്രിത്വം, തൽസ്ഥാനത്ത് സ്ത്രൈണത്തെ തുല്യതയിൽ അടയാളപ്പെടുത്തി ദൈവ-മനുഷ്യ ചതുരം ആവുന്നതിൽ സംഭവിക്കുന്ന പാരഡൈം ഷിഫ്റ്റും പിതൃകേന്ദ്രിതവ്യവസ്ഥയുടെ പിൻവാങ്ങലും ജോസ് ടി ചേർത്തുനിർത്തുന്നു. മനുഷ്യബോധത്തിലെ സ്വർഗ്ഗം താണിറങ്ങി വന്ന് ദൈവിക പുരുഷ-സ്ത്രീഭാവങ്ങൾ ‘സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും’ ആകുന്നതിനൊത്തു സ്ത്രീപുരുഷ സമത്വവും അതിനപ്പുറം സർവമനുഷ്യതുല്യതയും സാമൂഹികയാഥാർത്ഥ്യമാകുന്നു. യേശുവിന്റെ കുരിശുമരണം മുതൽ യേശുസമൂഹത്തിനു മറിയം നൽകിയ അഭയവും ആത്മവിശ്വാസവും നേതൃത്വവും ലിഖിതപാരമ്പര്യങ്ങളിൽ തമസ്‌ക്കരിക്കപ്പെടുകയാണുണ്ടായത് എന്നാണു നിരീക്ഷണം. നിരുപാധികസ്നേഹത്തിന്റെ ഹൃദയതലത്തിൽനിന്ന് സോപാധികസ്നേഹത്തിന്റെ മസ്തിഷ്‌കതലത്തിലേക്കുള്ള ചുവടുമാറ്റവും ധ്യാന-മനന (ഓർമ്മ)തലത്തിൽനിന്നു പ്രഘോഷണ- പ്രചാരണ വിസ്‌ഫോടനത്തിലേയ്ക്കുള്ള എടുത്തുചാട്ടവും ഇവിടെ അനാവൃതമാകുന്നു. യേശുസന്ദേശത്തോടുള്ള വിശ്വസ്തതയെക്കാളേറെ രാജകീയ ‘ക്രിസ്തു’വിലുള്ള സൂത്രവാക്യപരമായ (formulaic) വിശ്വാസത്തിനും ക്രിസ്തുവിനോടുള്ള ചിട്ടയായ ആരാധനയ്ക്കും അതു നൽകിയ ഊന്നൽ, ‘യേശുസ്മരണാ’സമൂഹങ്ങളുടെ അൻപിന്റെ അന്തസ്സത്തയെ മൂടിവച്ചതു ഗ്രന്ഥകാരൻ കാണുന്നു.

അധികാരപ്രമത്തരെയും അവരുടെ ശിക്ഷാവിധികളെയും കപടപുരോഹിതർ അർപ്പിക്കുന്ന കളങ്കിതബലികളെയും ജീവിതത്തിലുടനീളം വിമർശിച്ച, അത്മായനും ദരിദ്രനുമെങ്കിലും സ്നേഹശക്തിയിൽ പാലസ്തീനയിലുടനീളം പ്രവർത്തനനിരതനായിരുന്ന യേശുവിനെ ‘രാജകീയ- പുരോഹിത ക്രിസ്തുവാക്കി’ ദൈവാലയത്തിൽ പ്രതിഷ്ഠിച്ച്, ആ രാജകീയ ശക്തിയിലും മഹത്വത്തിലും രാജകീയ വേഷഭൂഷാദികളോടെ പങ്കുചേരാൻ വെമ്പൽകൊള്ളുന്നതിലുണ്ടു വിപര്യയം. ആ വിപര്യയത്തിനു പുതിയ തലമുറകളുടെ പുതിയ കാലത്ത് എന്തു സംഭവിക്കും – അതിന്റെ മനക്കണക്കു കൂട്ടാൻ നിർമമനായ ഒരു റിപ്പോർട്ടറെപ്പോലെ വായനക്കാരെ ഫെസിലിറ്റേറ്റ് ചെയ്യുകയാണു ഗ്രന്ഥകാരൻ. ഇന്നത്തെ തിയോളജിയെല്ലാം പുരോഹിതപണ്ഡിതരുടെ നേരമ്പോക്കിനല്ലാതെ ഒന്നിനും ഉപയുക്തമല്ലെന്നും അതു വിശ്വാസികൾക്കു മർദ്ദനോപകരണമായി അനുഭവപ്പെടുന്നു എന്നുമുള്ള നിരീക്ഷണം ആർക്കു നിസ്സാരമായി തള്ളിക്കളയാനാവും.

മതത്തിന്റെ അതിർവരമ്പുകൾ അപ്രസക്തമാവുകയും പുതിയ തലമുറകൾ ഭയമകന്നു നിരുപാധികസ്നേഹത്തിന്റെ മതാന്തരമോ മതാതീതമോ ആയ പുതിയ യുക്തി കൈക്കൊള്ളുകയും ചെയ്യുന്നു. അവിടെ ആഗോള മനുഷ്യമഹാകുടുംബം പിറവിയെടുക്കുന്നു. സ്വയം അഴുകി ഫലം പുറപ്പെടുവിക്കേണ്ട ധാന്യമണിയുടെ ‘ഇനിയും അഴുകാത്ത പുറംതോടിനെപ്പറ്റി’ വീമ്പു പറയുകയും മൊത്തം പുളിച്ച അരിമാവിൽ ‘ഞങ്ങളാണ് യഥാർത്ഥ പുളിമാവ്’ എന്ന് അവകാശവാദമുന്നയിക്കയും അതിനെ ഗഹനവും ഗൗരവാവഹവുമായ ദൈവശാസ്ത്രവിഷയങ്ങളായും വിശ്വാസതിരുശേഷിപ്പുകളായും അവതരിപ്പിക്കുകയും ചെയ്യുന്നതിലെ അല്പത്വവും അപ്രസക്തിയും വിവരിച്ച് അപഹസിക്കുകയല്ല, ലോകം അതു മറികടക്കുന്നതിന്റെ ചരിത്രനീതിയിലേക്കു പ്രത്യാശാഭരിതമായി ശ്രദ്ധ ക്ഷണിക്കുകയാണു ചെയ്യുന്നത്.

ബൈബിൾ ക്രോഡീകരണ പശ്ചാത്തലവും അതിന്റെ മാനദണ്ഡങ്ങളും, കാലദേശാതീതമെന്ന് ഒരു കാലത്ത് ഒരു ദേശത്ത് ശഠിച്ചുറപ്പിക്കപ്പെട്ട ദൈവശാസ്ത്ര പരിപ്രേക്ഷ്യങ്ങളും സഭാഘടനകളും – പുതിയ കാലത്ത് പുതിയ ലോകത്ത് അവ മാറുന്നതിന്റെ നേർത്ത ദിശാരേഖയാണ്, സ്റ്റാറ്റിസ്റ്റിക്സ് പഠിതാവായിരുന്ന ഗ്രന്ഥകാരൻ ചരിത്രസംഭാവ്യതകൾ കണക്കുകൂട്ടി വരച്ചിടുന്നത്. പഴയനിയമത്തണലിൽ എഴുതി വ്യാഖ്യാനിക്കപ്പെടുന്ന പുതിയ നിയമത്തിൽ യേശുവിന്റെ കലർപ്പില്ലാത്ത സുവിശേഷം എങ്ങനെ എന്ന സമസ്യയാണ് ഈ ഗ്രന്ഥത്തിലെ ഒരു സുപ്രധാന വിശകലനവിഷയം. അതിനു സ്വീകരിക്കുന്ന മാർഗ്ഗം ഋജുവും സുവ്യക്തവുമാണ്. പഴയ നിയമത്തിന്റെ പിതൃകേന്ദ്രീകൃത വിചാരമാതൃകകളും പില്ക്കാല ക്രൈസ്തവ പൗരോഹിത്യ വിചാരമാതൃകകളും ആദ്യമേതന്നെ വകഞ്ഞുമാറ്റുക. അതിനുശേഷം തോമായുടെ സുവിശേഷത്തിലെ ‘ജ്ഞാനവാദ’ ഭാഗങ്ങൾ ഒഴിവാക്കി ബാക്കിഭാഗം കാനോനിക സുവിശേഷങ്ങളോടു ചേർത്തുവച്ച് ഉറവിടസുവിശേഷത്തിന്റെ (Hypothetical ‘Q’) തനിമയിലേക്കു മടങ്ങുക. യോഹന്നാന്റെ ഗ്രീക്ക് താത്ത്വികചിന്തകളും പൗലോസിന്റെ ‘യഹൂദ’ പാരമ്പര്യങ്ങളും പരിപ്രേക്ഷ്യങ്ങളുംകൂടി കിഴിച്ച് ശ്രീയേശു-മറിയംസമാജങ്ങളുടെ നഷ്ടമായ തനിമയും തെളിമയും എളിമയും വീണ്ടെടുക്കാനുള്ള ശ്രമമുണ്ടു പുസ്തകത്തിൽ. രാജാവ്, പ്രഭു, അഭിഷിക്തൻ, അത്യുന്നതൻ – തലങ്ങളിൽനിന്ന് സ്‌നേഹിതന്റെ തലത്തിൽ യേശുവിനെ പുന:പ്രതിഷ്ഠിക്കുന്ന പ്രക്രിയയാണിത് (‘സുവിശേഷങ്ങൾ വേദാന്തദൃഷ്ടിയിൽ’ എന്ന കൃതിയിൽ സ്വാമി മുനി നാരായണപ്രസാദ് സെമിറ്റിക് മതങ്ങളുടെ ഭാഷാശൈലിയിൽ എങ്ങനെയാണ് യേശു വേദാന്തരഹസ്യം വെളിപ്പെടുത്തുന്നത് എന്നു കാണിച്ചുതന്നിട്ടുണ്ട്. അതിനായി അദ്ദേഹം സിദ്ധതോമയുടെ സുവിശേഷത്തെയും അവലംബിച്ചു).

കരുണാർദ്രസ്‌നേഹത്തിൽ (അൻപ്) ഊന്നിയ ഒരു ദൈവഭരണം ഭൂമിയിൽ രുചിച്ചുതുടങ്ങിയ ആദിമ ശ്രീയേശു-മറിയം സുഹൃദ്സമാജങ്ങൾക്കു പകരം സോപാധികസ്നേഹം പ്രസംഗിക്കുന്ന മറ്റൊരു വ്യവസ്ഥ പ്രബലമായതിന്റെ കഥ ആണ്ടുമാസംതീയതികളുടെയും ഹൈരാർക്കി സംസ്ഥാപനങ്ങളുടെയും വിശദാംശങ്ങളുടെ ബാഹുല്യമില്ലാതെ, ആരോടും പകയില്ലാതെ, ജോസ് ടി ഒതുക്കി അവതരിപ്പിച്ചു. യേശുസമാജത്തിൽനിന്ന് ക്രിസ്തുരാജ്യത്തിലേക്കുള്ള ആ മാറ്റത്തിൽ അനീതിപരമായ ആധുനിക സാമ്പത്തികവ്യവസ്ഥ, രാഷ്ട്രീയം, നീതിന്യായക്രമങ്ങൾ, പിതൃകേന്ദ്രിത സാമൂഹികത എന്നിവയുടെയെല്ലാം അടിവേരുകൾ കാണുകയും ചെയ്തു.

”ദൈവം എല്ലാവരുടെയും ദൈവമാണെങ്കിൽ ലോകജനത തന്നെ ദൈവജനമാണ്” എന്നു തിരിച്ചറിയുമ്പോൾ സാർവ്വത്രികത്വം (കാതോലികത്വം) ആഗോളാധിപത്യമോ ആഗോളസാന്നിദ്ധ്യംപോലുമോ അല്ലെന്നും, എല്ലാവരും ഉൾച്ചേരുന്ന ‘എന്നിൽ നീ, നിന്നിൽ ഞാൻ’ എന്ന ‘അദ്വൈത ദിവ്യകാരുണ്യത്തിന്റെ സ്വയംഭരണം’ ആണെന്നും മനസ്സിലാക്കാനാവും. അങ്ങനെ, “ഒറ്റയ്ക്ക് ആരും രക്ഷപ്പെടുന്നില്ലെന്നും എല്ലാ മനുഷ്യരും ലോകരക്ഷയിൽ തുല്യപങ്കാളികളാണെന്നും” ഉള്ളതിന് ‘കുരിശും യുദ്ധവും സമാധാനവും’ അടിവരയിടുന്നു.

ഈ ചിന്താധാരയുടെ ക്ലൈമാക്‌സ് ഗ്രന്ഥകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: ”ശ്രീയേശുവും മറിയവും കൂട്ടുകാരും പ്രതിനിധാനം ചെയ്ത മനുഷ്യക്കൂട്ടായ്മ എന്ന ആദിമ മതാന്തര അയൽക്കൂട്ടങ്ങളാകുന്ന ഉപ്പ് ഭൂമിയിൽ – മനുഷ്യരാശിയിൽ – ലയിക്കുന്നു. അത് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും കൂടുന്നതിൽ വല്ലായ്മയില്ലാത്ത അഖിലലോക മനുഷ്യശൃംഖലകളെ ജനിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുമത പുരോഹിതഭരണകൂടം മറ്റെല്ലാ ബ്രാഹ്മണ്യങ്ങളെയുംപോലെ കൊഴിഞ്ഞുപോകുന്നു”. ‘ക്രിസ്തുവാകാത്ത യേശുവിന്റെ ഒരു രണ്ടാംവരവ് ‘ ആണു ഗ്രന്ഥകാരൻ ഇതിൽ ദർശിക്കുന്നത്. അവിടെ, ഭയമകന്നു ബോധവതിയാകുന്ന സ്ത്രീ വെറും ‘കർത്താവിന്റെ ദാസി’ അല്ല, ‘ശക്തരെ സിംഹാസനങ്ങളിൽനിന്നു മറിച്ചിടാൻ’ നിയോഗിക്കപ്പെട്ട ആൾ ആയി മാറുന്നു.

വ്യവസ്ഥാപിതമതങ്ങൾക്ക് ആൾബലവും സാമൂഹികശക്തിയും മാത്രമല്ല പ്രസക്തിയുംകൂടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഭയത്തിന്റെയും നിരാശയുടെയും അങ്കലാപ്പുകളില്ലാതെ പ്രത്യാശയോടെ ദിശാബോധത്തോടെ ചരിത്രത്തോടു സംവദിക്കാനുള്ള ഈ ശ്രമം ശ്ലാഘനീയമാണ്. ഇടുങ്ങിയ പ്രാദേശികത്വത്തിൽനിന്നും ഫോസ്സിലായിക്കൊണ്ടിരിക്കുന്ന മതാധികാരങ്ങളിൽനിന്നും ഏകലോകത്തിന്റെ നവമാനവികതയിലേക്കുള്ള പുതുയുഗപ്രയാണത്തിന് ഉതകുന്ന ചർച്ചകൾക്ക് ഈ ഗ്രന്ഥം വഴികാട്ടിയാവും.

നവീന ഭാവിവിചാരം – ‘കുരിശും യുദ്ധവും സമാധാനവും’ – പി. എസ്. ജോസഫ്

(മലയാളം വാരിക 2022 ജനുവരി 31 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

കലുഷിതമായ ഈ കാലഘട്ടത്തിൽ ആഴമേറിയ വായനയ്ക്കും ഗാഢമായ ചിന്തയ്ക്കും പ്രേരിപ്പിക്കുന്നതാണ് എഴുത്തുകാരനും എഡിറ്റോറിയൽ ഗവേഷകനുമായ ജോസ് ടി തോമസിന്റെ ‘കുരിശും യുദ്ധവും സമാധാനവും’ എന്ന പ്രൗഢമായ ഭാവിവിചാരവിശകലന ഗ്രന്ഥം. രാജാധിരാജനും ചക്രവര്‍ത്തിയും സ്വര്‍ഗീയമായ അധികാരചിഹ്നങ്ങളുടെ പ്രഭവസ്ഥാനവുമായ ഒരു പൗരോഹിത്യക്രിസ്തുവില്‍ നിന്ന് വ്യതിരക്തമായ ആദിമ യേശുവിനെയും അദ്ദേഹത്തിന്‍റെ വിളംബരങ്ങളെയും ചരിത്രത്തിന്‍റെ, പ്രത്യേകിച്ചും ആദിമ ക്രിസ്തുമതത്തിന്റെ , പുനർവായനയിലൂടെ അവതരിപ്പിക്കുകയാണു ഗ്രന്ഥകാരൻ. അതിൽനിന്നു സ്നേഹത്തിന്‍റെ പുതിയ ഒരു ലോകക്രമത്തിനുള്ള സാധ്യത അദ്ദേഹം വായിച്ചെടുക്കുന്നു. തത്ത്വചിന്തകരും ഭാവിവിശകലന വിദഗ്ധരും വിഭാവനം ചെയ്യുന്ന ഒരു പുതിയ ലോകത്തിന്റെ പിറവിനടക്കുന്നതായാണു ജോസ് ടി തന്റെ തനതുഗവേഷണത്തിലൂടെ വെളിപ്പെടുത്താൻ മുതിരുന്നത് .

മൊസൈക് ചിത്രത്തിന്‍റെ ശൈലിയില്‍ മൂന്നു ഉപന്യാസങ്ങളിലായി 24 ഖണ്ഡങ്ങള്‍ ഉള്ളതാണ് ഈ പുസ്തകം. എന്താണ് ഈ പഠനം സമര്‍ഥിക്കുന്നതെന്നു
സംക്ഷിപ്തമായി തുടക്കത്തിൽത്തന്നെ ജോസ് ടി പറയുന്നു: ഗുരുവായ ശ്രീയേശുവിനെ ചക്രവര്‍ത്തിയെപ്പോലെ വലിയ പീഠത്തില്‍ ഇരുത്തിയ പൗരോഹിത്യ ബ്രാഹ്മണ്യം അദ്ദേഹത്തിനു സാമ്രാജ്യത്വം, ദുഷ്പ്രഭുത്വം, മുതലാളിത്തം പോലെയുള്ള രാഷ്ട്രീയപരിവര്‍ത്തനങ്ങളില്‍ പ്രാമാണ്യം നല്‍കി. എന്നാൽ ഇന്നു നിരുപാധികസ്നേഹത്തിലും സ്ത്രീപുരുഷ തുല്യതയിലും ഊന്നുന്ന പുതിയ ലോകം അതു തള്ളി ആദിമ യേശുവിനെ തോമസിന്റെ സുവിശേഷത്തിലെപ്പോലെ പരിശുദ്ധവും ലളിതവുമായ ബിംബമായി മാറ്റുന്നു ; ഇന്റര്‍നെറ്റ്‌വര്‍ക്കിംഗ്‌ യുക്തിയിലൂടെ ഭൂമിയെ നീതി ജലംപോലെ ഒഴുകുന്ന ശാന്തിയുടെ ഗ്രഹവും പൊതുഗൃഹവുമാക്കുന്നു. മനുഷ്യസമുദായം ഒരു “സുഹൃദ്പട്ടിക” ആകുന്നു.

ഡോ. ബി .വിവേകാനന്ദന്‍ ഇതു തന്റെ അവതാരികയില്‍ വിശദീകരിക്കുന്നുണ്ട്: “ജോസ് ടി തോമസിന്‍റെ ദാര്‍ശനിക പ്രതിഭ പ്രകടമാക്കുന്നതാണ് ഈ പുസ്തകം .അദ്ദേഹത്തിന്‍റെ മനസ്സില്‍ തെളിയുന്ന ഒരു ചിത്രമനുസരിച്ച്, സ്നേഹവും നീതിയും പുലരുന്ന ഒരു ഏകലോകത്തിന്റെ പരിണാമം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ പലര്‍ക്കും ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലെന്നുമാത്രം. യുദ്ധമല്ല സമാധാനമാണിനി വരാന്‍ പോകുന്നത് “.

‘ക്രിസ്തു’വാക്കപ്പെട്ട യേശുവിനെക്കുറിച്ചും ക്രൈസ്തവ സമൂഹത്തെക്കുറിച്ചും ബൈബിളിന്റെ വ്യത്യസ്തമായ വായനകളെക്കുറിച്ചും അഗാധമായ അറിവുള്ള
ഗ്രന്ഥകാരന്‍ ഇതുസംബന്ധമായി പുറത്തുവന്നിരിക്കുന്ന പ്രധാന ഗ്രന്ഥങ്ങളിൽനിന്ന് വിമർശനാത്മകമായി ഉള്‍ക്കൊള്ളുന്ന സത്തയാണ് ഈ പുസ്തകത്തിന്‍റെ കാതൽ. അലസമായ നിരീക്ഷണങ്ങളും അവ്യക്തമായ കണ്ടെത്തലുകളും അല്ല, തികച്ചും കാതലും ഉള്‍ക്കാഴ്ച്ചയുമുള്ള ഒരു നവീന ദര്‍ശനമാണ് ഈ പുസ്തകത്തിന്റെ ശക്തി .

അതാകട്ടെ ഹൃദ്യവും മനോഹരവുമായ ഭാഷയില്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്നു .കഴിഞ്ഞ രണ്ടായിരമാണ്ടില്‍ ഉണ്ടായ ബൈബിള്‍ രൂപങ്ങളും പഠനങ്ങളും ഈ അന്വേഷണത്തില്‍ അദ്ദേഹം പിന്തുടരുന്നു .ഒരുപക്ഷേ പൗരോഹിത്യലോകത്തെ അനേകരെ സംഭ്രമിപ്പിക്കാവുന്ന കണ്ടെത്തലുകള്‍ അദ്ദേഹം നടത്തുന്നു .

ബൈബിളിന്റെ സത്തയിലേക്കു കടന്നുചെല്ലുന്ന ജോസ് ടി തോമസ്‌ ക്രിസ്തുവിനെ, നമ്മുടെ ശ്ലൈഹിക കാവല്‍ക്കാര്‍ വേഷമണിയിച്ചു നിര്‍ത്തിയ ക്രിസ്തുവിനെയല്ല, പൂര്‍ണ്ണമായി ആ ആദിമ യേശുവിനെ, അല്ലെങ്കില്‍ സാധാരണക്കാരനായ ‘മറിയത്തിൻമകന്‍ യേശു’വിനെ കണ്ടെത്തുകയാണ്. ‘ക്രിസ്തു’ ആകാത്ത ആ യേശുവിന്റെ വരവോടെ, അദ്ദേഹത്തിന്‍റെ ഓർമയ്ക്കുമീതെ മുമ്പു പുതപ്പിക്കപ്പെട്ട രാജകീയവേഷങ്ങളുടെ അഴിച്ചുമാറ്റത്തിലൂടെ ഒരു പുതിയ ലോകക്രമവും ശാന്തതയും സമാധാനവും രൂപംകൊള്ളുന്നു എന്ന് ഇൻഫോഗ്രഫിക്ക് ചരിത്രസമീക്ഷയുടെ പിന്‍ബലത്തോടെ ജോസ് ടി തോമസ്‌ സമര്‍ഥിക്കുന്നു .

മുന്നൂറ്റിരുപത്തെട്ടു പേജുള്ള പുസ്തകത്തിൽ അറുപതു പേജ് വരുന്ന ഈ ഇൻഫോഗ്രാഫിക്സ് സാധാരണ വായനക്കാരനു പോലും ജോസ് ടി മുന്നോട്ടു വയ്ക്കുന്ന പുതുലോകം തുറന്നുകൊടുക്കും. ഓണ്‍ലൈനില്‍ ഇവ ശരിയായി വിന്യാസിച്ചാല്‍ അത് നല്‍കുന്ന വിവരവിസ്ഫോടനം വലുതായിരിക്കും.

പക്ഷേ, ഒരു ദോഷൈകദൃക്കിനോ നിഷേധാത്മകതയുടെ അളവുകോലുമായി ലോകത്തെ വീക്ഷിക്കുന്ന വ്യക്തിക്കോ ജോസ് ടി യുടെ ശുഭവിചാരം ചരിത്രവുമായി ഒത്തു പോകുന്നുവോ എന്ന സംശയമുണ്ടാകാം. ഭൂലോകം എന്ന ഭൂമികയില്‍ എഴുതപ്പെട്ടതാണ് ഭാവിവിചാരപരമായ അദ്ദേഹത്തിന്റെ സാംസ്കാരിക ചരിത്രനിരൂപണം. അതു ക്രിസ്തുമതനിരൂപണത്തിൽ കേന്ദ്രീകരിക്കുമ്പോൾ ലോകചരിത്രത്തിന്റെ പരിച്ഛേദമാവുമോ? ബുദ്ധമതവും ഇസ്ലാമും കൺഫ്യൂഷിയനിസവും കമ്മ്യൂണിസവുമടക്കം വ്യത്യസ്ത വിചാര ധാരകള്‍ ഉള്ള ഈ ലോകത്തില്‍ ക്രിസ്ത്യന്‍ വിശ്വാസം ഒരു ചെറിയ ധാര ആവുന്നതല്ലേയുള്ളൂ?

“ക്രിസ്ത്യൻ പൗരോഹിത്യമായിരുന്നൂ ഇതുവരെ ലോകത്തിന്മേലുള്ള ഏറ്റവും പ്രബലമായ അധീശബ്രാഹ്മണ്യം” (പേജ് 131) എന്നതാവാം തന്റെ പുസ്തകഘടനയ്ക്കു ഗ്രന്ഥകാരൻ കാണുന്ന ന്യായം. “സാങ്കല്പിക ക്രിസ്തു തിരോഭവിച്ച് ശ്രീയേശു സൈബർ സ്പേസിലൂടെ തിരിച്ചുവരുമ്പോൾ ക്രിസ്ത്യൻ ബ്രാഹ്മണ്യം അവസാനിക്കുന്നു. അതിനൊപ്പം ഭൂമിയിലെ മറ്റു ബ്രാഹ്മണ്യങ്ങളുടെയും മൗലവിത്വങ്ങളുടെയും ആധിപത്യങ്ങളും തിരോഭവിക്കുന്നു. അത്രമേൽ ഇന്റർകണക്ടഡ് ആണു ലോകം. ഈ ഇന്റർകണക്ടഡ്നസ്സിൽനിന്നു മതാതീത ആഗോളജനത ഉണ്ടാകുന്നു” (അവിടെത്തന്നെ) എന്നതാണ് അദ്ദേഹത്തിന്റെ യുക്തി. “എന്താണു ലോകത്തിന്റെ ഭാവി എന്നറിയുന്നതിനുവേണ്ടി ചരിത്രം നിരൂപണം ചെയ്യാനുള്ള എളുപ്പവഴി” (പേജ് 21) ആയി ക്രിസ്തുമതനിരൂപണത്തെ കാണുന്നത് ആ യുക്തി വച്ചാണ്. “സംസ്കാരങ്ങളെ യേശു പ്രകാശിപ്പിച്ചതിന്റെയും ക്രിസ്തു ദുഷിപ്പിച്ചതിന്റെയും ചരിത്രം” അവതരിപ്പിക്കുന്നു.

എല്ലാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ബാധകമായ ഭാവിവിചാരമനുസരിച്ച് ഒരു ഫേസ്ബുക്ക്‌ കൂട്ടായ്മ പോലെ സൗഹൃദത്തിന്റെ ഒരു ലോകം ഉണ്ടാകുമെന്നുതന്നെ കരുതുക. അതു സമാധാനത്തിനു വഴിതെളിക്കുമോ? വികലമായ തത്ത്വശാസ്ത്രങ്ങളും മതങ്ങളുടെ അപ്രമാദിത്യമനോഭാവവും മൂഡമായ വിശ്വാസങ്ങളും മാപ്പര്‍ഹിക്കാത്ത അഹംബോധവുമാണു ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള യുദ്ധങ്ങള്‍ക്കു പ്രധാന കാരണം. രാഷ്ട്രീയപ്രക്രിയയില്‍ മതങ്ങളുടെ നേരിട്ടുള്ള സ്വാധീനം കുറഞ്ഞെങ്കിലും വിശാല റോമന്‍ സാമ്രാജ്യം ചിന്നിച്ചിതറിയെങ്കിലും മതങ്ങളുടെ തിട്ടൂരങ്ങള്‍ ഇന്നും ശിരസ്സാ വഹിക്കുന്നവയാണ് ഒട്ടേറെ രാഷ്ട്രങ്ങളും സാമൂഹികവിഭാഗങ്ങളും. അതു ഭേദിക്കാന്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ കരുത്തുറ്റ സമൂഹങ്ങള്‍ക്കു പോലുമോ സാധ്യത കാണുന്നില്ല. എന്തിനു മതേതരത്വത്തില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന രാജ്യങ്ങൾപോലും മതവിശ്വാസവും മതപരമായ പ്രതീകങ്ങളും തങ്ങളുടെ രഹസ്യമായ അധികാര സമവാക്യങ്ങളില്‍ സമര്‍ഥമായി ഉപയോഗിക്കുന്നു .

അനീതിയുടെ കറുത്ത കൈകളാണു നമുക്ക് എങ്ങും കാണാന്‍ കഴിയുന്നത്‌. ബൗദ്ധസംഹിതകളും ക്രൈസ്തവ മൂല്യങ്ങളും ഗാന്ധിയന്‍ ദര്‍ശനങ്ങളും ആശ്വാസമായി നിലനില്‍ക്കുന്നുവെങ്കിലും രാഷ്ട്രീയവ്യവഹാരത്തില്‍ അതിക്രമങ്ങളും പ്രതികാരവുമാണു കാണാനാവുക .ഹോളോകാസ്റ്റും സെര്‍ബിയയും കൊസോവയും റവാണ്ടയും ഐ എസും നമ്മുടെ കണ്മുന്നില്‍ ആവര്‍ത്തിക്കുമ്പോള്‍ ശുഭാപ്തിവിശ്വാസം പോലും ഭീതിപ്പെടുത്തുന്നു .

പക്ഷേ, എല്ലാ സമൂഹത്തെയും ചില സ്വപ്നങ്ങളും സങ്കല്‍പങ്ങളുമാണു രക്ഷപെടുത്തുക .സ്നേഹം അല്ലെങ്കില്‍ സാഹോദര്യം ഇനി പുലരുമെന്ന ജോസ് ടിയുടെ കാഴ്ചപ്പാടിന്റെ പ്രസക്തി അവിടെയാണ് .ആഗോളതാപനം പോലെയുള്ള വിഷയങ്ങളില്‍ രാഷ്ട്രങ്ങള്‍ പോലും അതിരുകള്‍ ഭേദിച്ചു ചിന്തിക്കാന്‍ തുടങ്ങുന്നു എന്നത് അദ്ദേഹത്തിന്‍റെ ഉള്‍ക്കാഴ്ചയെ ന്യായീകരിക്കുന്നു. ആസുരമായ ഈ കാലത്തില്‍ സ്നേഹത്തിന്റെ വഴിത്താരകള്‍ തേടിയില്ലെങ്കില്‍ ഇനി നമുക്കൊരു ഭൂമിയില്ല, ജീവിതവും.

സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയ ഫ്രഞ്ച് വിപ്ലവത്തിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ രക്തരൂഷിതമായ രാഷ്ട്രീയപ്രക്രിയകളില്‍ തകരുന്നതു ലോകം കണ്ടു .എങ്കിലും നാം ആശിച്ചുപോകുന്നൂ മറ്റൊരു ലോകം സാധ്യമാണെന്നും അതു സംഭവിക്കുമെന്നും. അങ്ങനെയൊരു ലോകത്തിനു പുതിയൊരു ബൈബിള്‍ സമ്മാനിക്കുകയാണു ജോസ് ടി തോമസ്‌ ‘കുരിശും യുദ്ധവും സമാധാനവും’ എന്ന നവീന ഭാവിവിചാരത്തിലൂടെ.

Jesus’ Peaceful, Secular ‘One World’

Review Article in SOCIAL SCIENCE IN PERSPECTIVE Journal (XIV/I Jan-March 2022) and INDIA FORWARD Monthly Vol. 14, No. 1 & 2 (Jan-Feb 2022)

Professor (Dr.) B. Vivekanandan
(Former Chairman, Centre for American & West European Studies, Jawaharlal Nehru University, New Delhi; the only Indian chosen for the award of D.S.Sc, the highest honour of the Helsinki University, Finland, in the 350-year history of the award)

Jose T. Thomas, the author of this book under review (Kurisum Yudhavum Samadhanavum: Bhavivicharaparamaya Samskarika Charitra Niroopanam; The Cross, War and Peace: A Futuristic Evaluation of Cultural History) is an extra-ordinary person. After obtaining a Master’s Degree in Statistics, he started his career as a journalist. For 15 years, he worked in Deepika newspaper, and rose to the position of its Resident Editor. In 1988, Kerala Government honoured him with a State Award for Development Journalism. While he was Resident Editor of Deepika, following an inner call to pursue truth, in 1996 he voluntarily resigned from Deepika, and plunged into research on the history of mankind.

This book has been divided into three parts, and sub-divided into 24 Chapters, in addition to a few highly informative appendices. The first part deals with the crystal form of Jesus in his real life, and the un-doctored version of his sermons and doings, at Capharnam, Samaria, Nazareth, Jerusalem, and elsewhere in Palestine. The second part deals with the issue of gender equality women enjoyed at Jesus-Mary Friendship Gatherings and the subsequent gender discrimination women suffered, under a male–steered priestly bureaucracy. This part explains how the new Clergy obliterated the gender equality women enjoyed during the time of Jesus- Mary gatherings, made the new religion a male-dominated clergical bastion and configurated the New Testament accordingly. The third part deals with how a new universal global community, on the lines Jesus envisaged during his life-time, is now emerging all over the world, setting aside the divisive barricades which the vested interests, including religions, have placed during the last 18 centuries. These three parts of the book are followed by an interesting, and highly informative, section of Appendices, focusing on world developments, from the ‘Big Bang’ down to the present ‘Knowledge Era’, in a nutshell.

In the book, the author has made a thorough study of the teachings of Jesus, the making of the Bible, founding of the Christian religion, and the impact of changing of the name of Jesus as ‘Jesus Christ’, long after his crucifixion.

Continue reading “Jesus’ Peaceful, Secular ‘One World’”