ആദ്യം വാർത്ത നിവേദനം, പിന്നെ കഥ, ഇനി കാര്യം

ജോസ് ടി.

ഒന്നു പറഞ്ഞു രണ്ടാമത് എന്തുകൊണ്ടു നമ്മൾ പഴയ തലമുറക്കാർ ചുറ്റുമുള്ള തിന്മകളെക്കുറിച്ചുതന്നെ പറയുന്നു? ആധുനിക വാർത്താവിതരണം അതു നമ്മുടെ പേശീസ്മരണ(muscle memory) ആക്കിയതുകൊണ്ടുതന്നെ.

സാമാന്യത്തെക്കാൾ വിശേഷം സംഭാഷണവിഷയമാക്കുന്ന ക്രമം.

വാർത്താവിതരണ ക്രമം ഈ പേശീബലം പ്രകടിപ്പിച്ചത് തുടക്കത്തിൽ ഒരു നല്ല കാര്യമായിരുന്നു.

ജനാധിപത്യം നിലവിൽ വരാതിരുന്ന കാലം. രാജാവും മന്ത്രിയും ഉദ്യോഗസ്ഥരും ജനങ്ങൾക്കു വേണ്ടത് എന്തെന്നു നിശ്ചയിച്ച കാലം.

അന്നു ജനങ്ങൾക്കു യഥാർത്ഥത്തിൽ വേണ്ട കാര്യങ്ങളും അവരനുഭവിക്കുന്ന യാതനകളും രാജാവിന്റെയും മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും അരികിലെത്തിക്കാനുള്ള ധാർമിക ഉത്തരവാദിത്വം പത്രങ്ങൾ ഏറ്റെടുത്തു. അസാധാരണമായ ദുരിതങ്ങളും മറ്റു സംഭവങ്ങളും വാർത്താലേഖനമായി.

പിന്നെ നിയമനിർമാണസഭകളും സമാജികരുമുണ്ടായി. ജനങ്ങളുടെതന്നെ ഭരണമുണ്ടായി. പത്രങ്ങൾ ഭരണകൂടത്തിന്റെ തൂണും എസ്റ്റേറ്റുമൊക്കയായി. അവയുടെ ആദിധർമത്തിന് ഇടം കുറഞ്ഞു, പ്രസക്തി കുറഞ്ഞു.

പക്ഷേ, അപ്പോഴേക്കും, ചെലവുകാശ് ഉണ്ടാക്കുന്നതിനപ്പുറം ലാഭം വർധിപ്പിക്കേണ്ട യന്ത്രമായിക്കഴിഞ്ഞിരുന്നൂ അച്ചുകൂടം. പുതിയൊരു ധർമം കണ്ടെത്തുന്നതിനു പകരം പഴയ പത്രകുലധർമത്തെ തലതിരിച്ചിടുന്ന ഒരു എളുപ്പവഴി ഉണ്ടായി – സാമാന്യം വിട്ട് വിശേഷമായതെന്തും രസകരമായ കഥകളായി ജനങ്ങൾക്ക് (രാജാവിനല്ല) എത്തിച്ചുകൊടുക്കുക (അല്ലെങ്കിൽത്തന്നെ, എത്ര ജനകീയമന്ത്രിസഭകളാണു പത്രവാർത്ത വായിച്ച് അടിസ്ഥാന നയസമീപനങ്ങൾ പുതുക്കിയിട്ടുള്ളത്?)

അസാമാന്യകഥകൾ അപവാദമാകാം, അത്യാഹിതമാകാം, അപസ്വരമാകാം, രാഷ്ട്രീയ-സാമുദായിക അശ്ലീലമാകാം. സാമാന്യജീവിതത്തിനു പ്രാദേശിക വാർത്താപേജുകളുടെ രൂപത്തിൽ ഒരു സംവരണ ക്വോട്ട മാത്രം.

അതുകൊണ്ട് പഴയ തലമുറയിലെ മാധ്യമഉപഭോക്താക്കൾക്ക് എന്തുപറ്റി എന്നു ചോദിച്ചാൽ, വല്ലാത്ത പറ്റു പറ്റി. ഭരണം എന്നു കേട്ടാൽ അഴിമതി എന്നേ ഓർമിക്കാൻ പറ്റൂ. വിദ്യാഭ്യാസം എന്നു കേട്ടാൽ പരീക്ഷാത്തട്ടിപ്പ് എന്നേ ചിന്തിക്കാൻ പറ്റൂ.

ആധ്യാത്മികത എന്നു കേട്ടാൽ ആൾദൈവങ്ങളുടെ രൂപമേ മനസ്സിൽത്തെളിയൂ. വികസനമെന്നു കേട്ടാൽ പദ്ധതിക്കളെക്കുറിച്ചേ ചിന്തിക്കാനാവൂ. ആരോഗ്യമെന്നു കേട്ടാൽ ആശുപത്രിയെക്കുറിച്ചേ ആലോചിക്കാനുള്ളൂ.

എല്ലാറ്റിനും മുകളിൽ, മനുഷ്യനെന്നു കേട്ടാൽ പുരുഷന്മാരുടെ ലോകമേ ഉള്ളിലുദിക്കൂ. ഫാഷൻ റാണിയായോ ചാരറാണിയായോ നീന്തൽത്താരമായോ പെൺകെണിക്കാരിയായോ, അല്ലെങ്കിൽ, പീഡനത്തിനിരയാകുന്ന മുഖമില്ലാത്ത പെൺകുട്ടിയായോ മാത്രം സ്ത്രീ ഇടയ്ക്കു പത്രത്താളിൽ വന്നിരുന്നു.

പുതുതലമുറകളുടെ പുതുമാധ്യമലോകത്ത് ഈ പിരമിഡ് തിരിച്ചിടുകയല്ല, പിരമിഡുകളെല്ലാം നിരപ്പാകുകയാണ്. അതു ദൈനംദിനജീവിത സാമാന്യത്തെ പുതുമാധ്യമവിശേഷമാക്കുന്നു, സംഭാഷണവിഷയമാക്കുന്നു. സന്ദേശസ്വീകർത്താക്കൾതന്നെ സന്ദേശദാതാക്കളാകുന്നു.

സുഹൃത്തുക്കളെന്ന നിലയിൽ തങ്ങളുടെ സാമാന്യചിന്തകൾ, സാമാന്യ അനുഭവങ്ങൾ, സമാന്യ അറിവുകൾ അവർ തമ്മിൽത്തമ്മിൽ പങ്കുവയ്ക്കുന്നു. വിശേഷത്തിന്റെ ഉള്ളടക്കമായി സാമാന്യജീവിതം വരുന്നു.

മൂലധന ലാഭക്കൊതിയുടെ വിപണിക്കുപകരം സാമൂഹികസൗഹൃദത്തിന്റെ (Social Friendship) സൈബർ ഇടത്തിൽ, സന്ദേശങ്ങളുടെ ഈ സാമാന്യവത്കരണം സാമൂഹിക ജനാധിപത്യത്തിലേക്കുള്ള, ഏറെ റിപ്പോർട്ട് ചെയ്യപ്പെടാത്ത മാറ്റമായിത്തീരുന്നു (ഈ സാമാന്യങ്ങളിൽനിന്ന് ‘ശരാശരി സാമാന്യം’ ഖനനം (data mining) ചെയ്യുന്ന പണിയേ ഇനി പഴയ മാധ്യമങ്ങൾക്ക് അവശേഷിക്കുന്നുള്ളൂ – അവ മാറ്റംവന്നു നിലനില്ക്കുമെങ്കിൽ).

ആദ്യം, രാജഭരണകാലത്തെ വാർത്താനിവേദനങ്ങളിൽനിന്ന് (news) മൂലധനാധിപത്യകാലത്തെ വാർത്താകഥകളിലേക്ക് (news stories). ഇപ്പോൾ അവിടെനിന്ന്, സാമൂഹിക മൂലധനം (Social Capital) വച്ചുകൊണ്ട് സാമൂഹിക വാർത്താവിനിമയത്തിലേക്ക്.

‘സാമാന്യംതാൻ വിശേഷംതാൻ’ എന്ന മട്ടിൽ വെറുതെ കാര്യം പറയുന്ന കുറിപ്പുകളിലേക്ക്, ട്വീറ്റുകളിലേക്ക്, പോസ്റ്റുകളിലേക്ക്, പോസ്റ്ററുകളിലേക്ക്, കമന്റുകളിലേക്ക്…….

ചിലപ്പോൾ രണ്ടു ചിരിപ്പടങ്ങൾ മാത്രമുള്ള, അക്ഷരങ്ങളേയില്ലാത്ത സന്ദേശങ്ങളിലേക്ക്.

ഉചിതമായ കൂട്ടിച്ചേർക്കലുകളോടെ, കിഴിക്കലുകളോടെ സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടുന്നു, ഫോർവേർഡ് ചെയ്യപ്പെടുന്നു.

ഫോർവേർഡിലിറങ്ങി കളിക്കുമ്പോൾ അവർ വിവാദങ്ങളെ സംവാദങ്ങളിലേക്കും സംവാദങ്ങളെ സംഭാഷണങ്ങളിലേക്കും മാറ്റിപ്പണിയുന്ന സംവേദനത്തിന്റെ പുതിയൊരു ഗ്രാമർ സൃഷ്ടിക്കുകയാണ് – ആരവങ്ങളില്ലാതെ.

ഇതും യുഗമാറ്റത്തിന്റെ ഒരു വശമാണ്.

ലാഭക്കൊതിയുള്ള വമ്പൻ കോർപ്പറേഷനുകളല്ലേ എല്ലാ കമ്യൂണിക്കേഷനും നിയന്ത്രിക്കുന്നത് എന്നു ഭയപ്പെടുന്നവരെ ഈ മാറ്റം ബോധ്യപ്പെടുത്താൻ എനിക്കു കഴിയണമെന്നില്ല (നല്ലതു കാണുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിച്ചു നിറുത്തിയിടത്താണ് ഭയം ഇതേവരെ ഭൂമി വാണത്).

നല്ലതൊന്നു കേട്ട് രണ്ടാമതു ഭീകരവാർത്ത ചിന്തിക്കയും പറയുകയും ചെയ്യുന്ന ശീലം അഴിച്ചുപണിയുവാൻ (unlearn ചെയ്യുവാൻ) അവർ ഇനിയും സ്വയം അനുവദിക്കേണ്ടതുണ്ട്.

Photo by Roman Kraft

Leave a Reply

Your email address will not be published. Required fields are marked *