പുതുയുഗ പാഠാവലി, പാഠം ഒന്ന് : ഇമോജി

ജോസ് ടി

അമ്മ എനിക്കു കാച്ചിയ പാൽ തരും.
അതു കുടിക്കാഞ്ഞാൽ അമ്മ കരയും 😭
എന്തിനാണ് അമ്മ കരയുന്നത് 😔
ഞാൻ അച്ഛനോളം വലുതാവണം 🥸
അതാണ് അമ്മയ്ക്ക് ഇഷ്ടം ❤️

രണ്ടാം ക്ളാസ്സിൽ കുഞ്ഞുമറിയാമ്മ ടീച്ചർ ഇതു വായിച്ചുതരുമ്പോൾ മനസ്സിൽ സംശയം മൂന്നായിരുന്നു. രണ്ടാമത്തേത് ആദ്യം പറയാം: അപ്പുറത്തെ ബെഞ്ചിലിരിക്കുന്ന ശാന്തയും മീരയും എന്തിനാണ് അച്ഛനോളം വലുതാകുന്നത്? അവർ അമ്മയോളം വലുതാകേണ്ട?

മറിയാമ്മ സാറിനോടു ചോദിക്കാൻ വയ്യ (അന്നു ഞങ്ങൾക്കു ‘ടീച്ചർ’ വിളി ആയിട്ടില്ല. എല്ലാവരും സാർ). സാർ ചോദിക്കുന്നതല്ലാത്ത ഒരു ചോദ്യത്തിലും സാറിനു വിശ്വാസമില്ല.

മുമ്പു ചില ചോദ്യങ്ങൾ ചോദിക്കാൻ നോക്കിയിട്ടുണ്ട്. ഒരൊറ്റ ഉത്തരത്തോടെ അതു നിന്നു: “മാർക്കൊക്കെ കിട്ടുന്നുണ്ട്, സമ്മതിച്ചു. പക്ഷേ, മിടുക്കൊന്നും എന്നോടു വേണ്ട”.

അങ്ങനെ, പെൺകുട്ടികൾ എന്തുകൊണ്ട് അമ്മയോളം വലുതായിക്കൂടാ എന്ന സംശയം, മുൾപ്പടർപ്പുകൾ ഞെരുക്കിയ വിത്തുപോലെ മനസ്സിന്റെ അടിപടലത്തിൽ കിടന്നു.

പുറത്തേക്കു വരാഞ്ഞ ആദ്യവിത്ത് ഇതായിരുന്നു: ഈ ജോസ് എന്തിനാ അടുത്തിരിക്കുന്ന രാമുവിന്റെ അച്ഛനോളം വലുതാകുന്നത്? സ്വന്തം അപ്പനോളം വലുതായാൽപ്പോരേ? ഇതേ ബെഞ്ചിലെ റിയാസ് സ്വന്തം ബാപ്പയോളം വലുതായാൽപ്പോരേ?

അന്ന് ഇത്രയൊക്കെയേ സംശയിച്ചുള്ളൂ. കേരള പാഠാവലി രണ്ടാം ക്ളാസിലെ സുപ്രധാന ചോദ്യവിത്ത് കയറിവന്നത്, ഔപചാരിക പ്രായപൂർത്തിക്കു രണ്ടു കൊല്ലം മുമ്പ്.

ഒന്നാം ക്ലാസ് മുതലുള്ള സകല കിത്താബും സൂക്ഷിച്ചുവയ്ക്കുക എന്നൊരു അസുഖം കലശലായി ഉണ്ടായിരുന്നു. ഇടയ്ക്കൊക്കെ എടുത്തുനോക്കും. പത്തിൽവച്ച് രണ്ട് എടുത്തു നോക്കിയപ്പോൾ പുതിയൊരു ലോവർ സെക്കൻഡറി സംശയം: കുഞ്ഞിന് അമ്മതന്നെ എന്തിനു പാലെടുത്തുകൊടുക്കണം (വേണുവിന്റെ വീട്ടിൽ വളർത്തുന്ന പശുവിന്റെയും മഠത്തിലെ എരുമയുടെയും പാലാണു പ്രതിപാദ്യം, പുതിയ സംശയം വേണ്ട).

ഒരു ദിവസം അച്ഛൻ/അപ്പൻ/ബാപ്പ പാലെടുത്തു കൊടുത്താൽ എന്തു വരാൻ പോകുന്നു? ഊരിപ്പോകാൻ കൈയിൽ വളയുണ്ടോ?

പാഠത്തിൽ വെറും അക്ഷരവും അക്കവും കുറെ ചിഹ്നങ്ങളും മാത്രമല്ല, ജാതിയും മതവും വിശ്വാസവും രാഷ്ട്രീയവും ലിംഗപദവി നിലപാടുകളും എല്ലാമുണ്ട്. ഡിപിഇപി വരുമ്പോൾപ്പോലും അധികമാരും ഇതൊന്നും ഓർത്തില്ല. മുണ്ടശ്ശേരി മുതൽ പി.ജെ. ജോസഫും അബ്ദുൾറബ്ബും വരെയുള്ള മന്ത്രിമാരുടെ താന്ത്രികത്വത്തിൽ സരസ്വതീപൂജാദികർമ്മാദികൾ പതിവിൻപടി നടന്നു.

ഒടുവിൽ ബേബിമന്ത്രി മതമില്ലാത്ത ജീവനുമായി വന്നപ്പോഴാണു വാമൊഴിവഴക്കവും ലിംഗതുല്യ ഭാഷയും പൊളിറ്റിക്കലി/എത്തിക്കലി കറക്ട് ഡിസ്കോഴ്സുമെല്ലാം മലയാളത്തിനും കുറേശ്ശെ വഴങ്ങിത്തുടങ്ങിയത് (എന്നിട്ടും പത്രഭാഷയും ഗ്രന്ഥഭാഷയും അതിന്റെ വഴിയേ പിന്നെയും കുറെ ഓടി. ആ ഓട്ടം ഇപ്പോഴും തീർന്നിട്ടില്ല).

പാഠാവലിഭാഷയിലെ സാമൂഹികനീതിക്കുവേണ്ടിയുള്ള ബേബിശ്രമം, മതമുള്ള ജീവിതങ്ങളുടെമേൽ ‘മതരഹിത’മതേതരത്വത്തിന്റെ സ്റ്റീംറോളർ ഉരുട്ടാനുള്ള ശ്രമത്തിലാണു പാളിയത്. ഭാഷയിലെ ജാതീയതയുടെയും ലിംഗാനീതിയുടെയും പ്രശ്നങ്ങൾക്കു മതപരമായ വേരുകളാണുള്ളതെന്നു സത്യം. എന്നാൽ മതാതീതത്വത്തിന്റെ മനുഷ്യപ്പറ്റുള്ള ആത്മീയതകൊണ്ടല്ലാതെ വൈരുധ്യാധിഷ്ഠിത ഭൗതികംകൊണ്ട് അതിനെ മറികടക്കാൻ കഴിയില്ല.

പുതിയ കുഞ്ഞുങ്ങൾ നിരുപാധികസ്നേഹത്തിന്റേതായ ആ ആധ്യാത്മികതയുമായാണു വരുന്നത്. ഏതെങ്കിലും ഫിലോസഫികളുടെയോ തിയോളജികളുടെയോ ഐഡിയോളജികളുടെയോ, പരീക്ഷിച്ചുറപ്പിച്ചു തീർപ്പാക്കിവച്ചിരിക്കുന്ന തടിയൻ ഗ്രന്ഥങ്ങളിലെ പ്രമാണങ്ങൾ നിർവികാരം ജീവിച്ചുതീർക്കാനല്ല അവരുടെ വരവ്. ഉണക്ക അറിവല്ല, ജീവനുള്ള അനുഭവമാണ് അവരുടെ വഴി. അത് ഏതെങ്കിലും എംപിരിക്കൽ സയൻസ് കൊണ്ടോ സെമി-എംപിരിക്കൽ സോഷ്യൽ സയൻസ് കൊണ്ടോ അടച്ചുകെട്ടിയിട്ടില്ല.

ക്ളോക്കിലും കലണ്ടറിലും ആരോ വരഞ്ഞ ഏതോ സമയസങ്കല്പത്തിലൂന്നി എന്തെങ്കിലും ചരിത്രം മെനയുകയല്ല അവർക്കു പണി. ആകെയുള്ള ഒരേയൊരു നിമിഷത്തിൽ അവർ സ്വയം സന്നിഹിതരാക്കുന്നു – ആ നിമിഷത്തിന്റെ presence of mind സൂക്ഷിച്ചുകൊണ്ട്, peace of mind ആസ്വദിച്ചുകൊണ്ട്, spirit-filled ആയി.

ഏതു സ്പിരിറ്റ് എന്ന ശങ്ക വേണ്ട. നമ്മൾ അടുക്കാൻ ഭയന്ന, ഭയക്കാൻ നമ്മൾ പരിശീലിപ്പിക്കപ്പെട്ട ആ universal spirit of unconditional/merciful/compassionate love.

അവർ ആവർത്തിച്ചുപയോഗിക്കുന്ന ഇമോജികൾ കാണൂ, ❤️ അവിടെയുണ്ട്. പുതിയ യുഗം ഈ ഇമോജിയുടെ യുഗമാണ്. മഴവിൽനിറങ്ങൾ അതിനു സാധ്യമാണ്.

ഈ ഉപാധിരഹിത സ്നേഹം വിശ്വത്തിന്റെ/പ്രപഞ്ചത്തിന്റെ ഹൃദയമാണ്. Cloud-ൽ സർവതിന്റെയും Native Operating System. അത് Integrated, wholesome, open-source OS ആണ്. പ്രകൃതിയുടെ ഭാഗമായ മനുഷ്യജാതിയിലും ആ OS തന്നെയാണുള്ളത് – ഉള്ളിന്റെയുള്ളിൽ.

പക്ഷേ, കഴിഞ്ഞ തലമുറകൾ അതിന്മേൽ സോപാധിക സ്നേഹത്തിന്റെ (conditional love) ഏതൊക്കെയോ Virtual Operating Systems ഇട്ടുനോക്കി. ആ കംപ്യൂട്ടിങ്ങ് ഇനി സുഗമമല്ല. ഓരോ ആളുടെയും ഉള്ളിലുള്ള innate ആയ Native OS മതി ഓരോരുത്തർക്കും എന്നറിയുന്ന പുതുതലമുറകൾ നിരന്നുതുടങ്ങി.

അവരെ തിരിച്ചറിയാൻ അവരുടെ നിരുപാധിക ❤️ കാണുക.

6 Replies to “പുതുയുഗ പാഠാവലി, പാഠം ഒന്ന് : ഇമോജി”

  1. New thought, different outlook, new generation to be brought up properly and in the right path… which is missing nowadays.. Even at home we are not practicing…

  2. പഴമയുടെ പരിശുദ്ധിയും, പുതുമയുടെ പുത്തുണർച്ചയും, ദിവ്യസ്നേഹത്തിന്റെ സ്‌നിഗ്ദ്ധതയും നിറഞ്ഞ ഈ വാക്കുകൾ, പനിനീർപ്പൂവിൽ പതിച്ച ഹിമബിന്ദുക്കളുടെ നൈർമ്മല്യവും, ഹൃദയ ബിംബത്തിൽ ചാർത്തുന്ന ചന്ദന ലേപത്തിന്റെ കുളിർമ്മയും, ഭാവിക്ക് പ്രതീക്ഷയേകുന്ന സുഗന്ധവാഹിയായ ആശാവചനങ്ങളാണ്…….
    കുഞ്ഞുങ്ങൾക്കും, കാരണവന്മാർക്കും!!

  3. ഇന്നലകളെ കീറി മുറിക്കുമ്പോളാണ് തെളിമായർന്ന പുതു യുഗം പിറവി എടുക്കുന്നത്. ജോസ് ടി യുടെ ശ്രമങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤ഒരു പഴയ ദീപിക സുഹൃത്ത് ഡെന്നി തോമസ്

  4. വാസ്തവം തന്നെ. സംശയമില്ല. കുഞ്ഞൂമറിയാമ്മ സാറിന്റെ തകഴി യു.പി.എസ്സിലെ പ്രതിച്ഛായ ശോശാമ്മ സാറായിരുന്നു. ഏകദേശം 96 വയസ്സിൽ ഇപ്പോഴും തൻറ്റേടം കൈ വിടാതെ തനിച്ചു താമസിക്കുന്ന ശോശാമ്മ സാറിനോട് ഈ സംശയങ്ങൾ ചോദിച്ചാൽ ഈ പ്രായത്തിലും അടി ഉറപ്പ്

  5. വളരെക്കാലം കൂടി ജോസ് ചേട്ടായിയുടെ തൂലികയുടെ വിസ്മയം ആസ്വദിച്ചു. അഭിനന്ദനങ്ങൾ.
    (ഞാനും ഒന്നാം ക്ലാസിൽ മറിയാമ്മ സാറിന്റെ കുട്ടിയായിരുന്നു. )

Leave a Reply

Your email address will not be published. Required fields are marked *