ഞാനല്പം ബേജാറാണു സുഹൃത്തേ

ജോസ് ടി.

”മാധ്യമം മാധ്യമം എന്നു പറഞ്ഞു നിങ്ങൾ എന്തിനിത്ര ബേജാറാകുന്നു? ഇതൊരു obsession അല്ലേ” എന്നു ചില സുഹൃത്തുക്കൾ ചോദിക്കുന്നു.

”സാങ്കേതികവിദ്യ മാറുമ്പോൾ പഴയ വിദ്യയിലൂന്നിയ മാധ്യമങ്ങളും മാറും. അതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു?” അങ്ങനെയും ചോദ്യമുണ്ട്.

ഇരുപതിരുപത്തഞ്ചു വർഷം മുമ്പുവരെ ഞാൻ വല്ലാതെ ബേജാറായിരുന്നു. അക്കാലത്ത് ”ആശയവിനിമയരംഗത്തെ ജീർണതകൾക്കെതിരെ” എന്ന തലവാചകവുമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. സർവകലാശാലാ യൂണിയൻ ശില്പശാലകൾ മുതൽ ഗ്രാമീണ വായനശാലാ സെമിനാറുകൾ വരെ, കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫെഡറേഷൻ മുതൽ പുരോഗമന കലാ-സാഹിത്യസംഘം വരെ, നാഷണൽ സർവ്വീസ് സ്‌കീം മുതൽ ലോക്കൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി വരെ…

വാർത്താമാധ്യമങ്ങൾ ജനങ്ങളുടെ ബോധം അവർക്കെതിരാക്കി നിറുത്തുന്നു എന്നതായിരുന്നൂ ഒറ്റവാക്യത്തിലുള്ള കുറ്റപത്രം.

പ്രൊഫഷണൽ ജേണലിസ്റ്റുകൾ അതിനു ചുട്ട മറുപടി തന്നിരുന്നു. രാജ്യത്ത് ഏറ്റവും വലിയ വിറ്റുവരവുള്ള ഭാഷാപത്രത്തിന്റെ മനസ്സും കണ്ണാടിയുമായിരുന്ന കെ.ആർ. ചുമ്മാർ തന്റെ രാഷ്ട്രീയ ഫലിതപംക്തിയിൽ എഴുതി: രാഷ്ട്രീയക്കാർക്ക് അഞ്ചുവർഷത്തിലൊരിക്കൽ ജനങ്ങളെ കണ്ടാൽ മതി; പത്രങ്ങൾക്കു ദിവസവും രാവിലെ ജനങ്ങളെ കാണണം.

ജനങ്ങൾക്ക് ഉള്ളടക്കം ഇഷ്ടമായതുകൊണ്ടല്ലേ പത്രങ്ങൾക്കു സർക്കുലേഷൻ കൂടുന്നത്? അന്തരിച്ച ചുമ്മാറിന്റെ വാക്കുകളെ ഇങ്ങനെയൊരു ചോദ്യത്തിലൊതുക്കുന്നത് അതിലളിതവത്കരണം ആകുമെന്ന് ആക്ഷേപം വരാമെങ്കിലും, ഇവിടെ സത്യം അതിലളിതമാണ്.

അതിതാണ്: സർക്കുലേഷൻ വർധന നടക്കുവോളം പത്രത്തിനു ജനങ്ങളെ പേടിക്കാനില്ല. സർക്കുലേഷനൊപ്പിച്ചു പരസ്യം വന്നുകൊണ്ടിരിക്കുമ്പോൾ ആരെയും ഒന്നും പേടിക്കാനില്ല.

ഏതെങ്കിലും ഒരു വാർത്താകഷണത്തിന്റെ പേരിൽ മതനേതാക്കളോ സമുദായനേതാക്കളോ വല്ലാതെ അരിശംകൊണ്ടാൽ മാത്രം ഒന്നു പേടിച്ചാൽ മതി. അതാവട്ടെ, നല്ല ചില പ്രീണന വാഗ്ദാനങ്ങളും -വേണ്ടിവന്നാൽ- ഒരു ചെറുവിശദീകരണവുംകൊണ്ടു പരിഹരിക്കാവുന്നതേയുള്ളൂ.

സോപ്പോ ചീപ്പോ ഉണ്ടാക്കുന്ന ഒരു വ്യവസായിക്ക് ഉത്പാദനത്തിന് ഏതു ചേരുവയും സ്വീകരിക്കാം. പത്രവ്യവസായിക്കും എന്തും ഉള്ളടക്കമാക്കാം. പക്ഷേ അതു ‘ജനങ്ങളുടെ കണ്ണാടി’ ആണ് എന്ന മട്ടിൽ പിടിക്കുന്നിടത്തേ പ്രശ്‌നമുള്ളൂ. (”പത്മിനി പൂശുന്ന പൗഡർ” എന്നു പരസ്യം ചെയ്യാം. എന്നാൽ പത്മിനി വായിക്കുന്ന പത്രത്തിൽ പത്മിനിയുടെയും വീട്ടുകാരുടെയും മനസ്സ് കാണാം എന്നു പറയുന്നിടത്ത് എന്തോ ഒരു വല്ലായ്ക).

സത്യത്തിൽ, ഞാൻ അതേക്കുറിച്ച് വല്ലാതെ ബേജാറായിരുന്നു (ഞാൻ മാത്രമല്ല, എന്റെ തലമുറയിലെ മറ്റു ചിലരും).

ഏറ്റവുമൊടുവിൽ പങ്കെടുത്ത വിദ്യാർത്ഥി-യുവജന മാധ്യമശില്പശാലകളിലൊന്ന് കോതമംഗലം എം.എ. കോളജ് യൂണിയൻ സംഘടിപ്പിച്ചതായിരുന്നു – ഞാൻ പത്രസ്ഥാപനം വിടുന്നതിനു ഒന്നോ രണ്ടോ വർഷം മുമ്പ്.

നമ്മുടെ മാധ്യമ പരിസ്ഥിതിയെക്കുറിച്ച് ഞാൻ ഘോരഘോരം പ്രസംഗിച്ചുനിറുത്തിയ ഉടൻ സദസ്സിൽനിന്ന് ഒരു വിദ്യാർത്ഥി എഴുന്നേറ്റു ചോദിച്ചു: ”നമുക്കെന്തു ചെയ്യാം, സർ?”

സംഘാടകർ അടുത്ത പ്രസംഗകന്റെ ഊഴത്തിനായി തിരക്കിട്ടു നിൽക്കുകയായിരുന്നു. രണ്ടു വാക്കിൽ ഞാൻ മറുപടി ഒതുക്കി: ”നമുക്കു സംസാരിച്ചുകൊണ്ടേയിരിക്കാം”.

ആ സെഷൻ കഴിഞ്ഞ് ഞങ്ങൾ ചില മാധ്യമസുഹൃത്തുക്കൾ കുശലം പറഞ്ഞു നിന്നിടത്തേക്കു കുട്ടികൾ കൂട്ടമായെത്തി. അതിലൊരാൾ അല്പം ചൊടിച്ചുകൊണ്ടു പറഞ്ഞു: ” മാധ്യമപരിസ്ഥിതിക്ക് ഈ കുഴപ്പമൊക്കെയുണ്ടെന്ന് നിങ്ങൾ സാറന്മാർ ഇത്രയും ദൂരം യാത്രചെയ്തു ഇവിടെവന്നു ഞങ്ങളോടു പറയാനൊന്നുമില്ല. സംഗതി ഞങ്ങൾക്കെല്ലാം അറിയാം. എന്തു ചെയ്യാൻ പറ്റുമെന്നു പറയാൻ നിങ്ങൾ സമയമെടുത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു.”

”അവർ അവരുടെ മൂലധനംകൊണ്ടു നിങ്ങളോടു സംസാരിക്കുന്നു. കാര്യങ്ങൾ നന്നായി പഠിക്കാനും മനസ്സിലാക്കാനും അത് ആത്മാർത്ഥമായി പ്രകാശിപ്പിക്കുവാനുമുള്ള താല്പര്യവും അതിനുള്ള സമയവുമാണു നിങ്ങളുടെ മൂലധനം. അതു പരമാവധി ഫലപ്രദമായി ഉപയോഗിക്കൂ. സംഭാഷണങ്ങളിൽ, കലാലയസംവാദങ്ങളിൽ, കോളജ് മാഗസിനിൽ, കൈയെഴുത്തിലും കല്ലച്ചിലും ചെറു പത്രികകളിലുമെല്ലാം അതു പ്രകാശിപ്പിക്കാമല്ലോ. കടമ്മനിട്ട പറയുന്നില്ലേ, എന്നും ഒന്നും ഒന്നുപോലായിരിക്കില്ല. കരിമ്പാറകൾ പൊട്ടിപ്പിളർന്ന് നിലയ്ക്കാത്ത നീരുറവകൾ പുറപ്പെടാം; അതുകൊണ്ടു നമുക്കു വർത്തമാനം പറയാം.”

ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി. ഞങ്ങളെ ‘വളഞ്ഞുവച്ച’ കുട്ടികൾ സ്‌നേഹപൂർവം ഞങ്ങളുടെ വാഹനത്തിനു വഴിതന്നു.

വിശ്വാസത്തിന്റെ പുറത്തുള്ള ‘അന്ധമായ’ ഒരു പ്രത്യാശയായിരുന്നൂ എന്റെ മറുപടി. പതിറ്റാണ്ടുകൾ കഴിഞ്ഞ്, ആ പ്രത്യാശ സാക്ഷാത്കൃതമാകുന്നതു വിവരിക്കാൻ നാലു വർഷം മുൻപ് ‘ഭാവിവിചാര’ത്തിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്.

അതിനിടയിൽ ഫോട്ടോസ്റ്റാറ്റ് വന്നു, ഫോട്ടോകമ്പോസിംഗ് വന്നു, ഡിടിപി വന്നു, ഗൂഗിൾ വന്നു, മൊബൈൽ ഫോണും ആപ്പുകളും സോഷ്യൽ നെറ്റ്‌വർക്കുകളും സോഷ്യൽ മീഡിയയും വന്നു.

വലിയ പണമൂലധനമിറക്കാതെ ആളുകൾ സംസാരിച്ചുകൊണ്ടേയിരിക്കുന്നു, എഴുതിക്കൊണ്ടേയിരിക്കുന്നു, പാടിക്കൊണ്ടേയിരിക്കുന്നു, വരച്ചുകൊണ്ടേയിരിക്കുന്നു, പടംപിടിച്ചുകൊണ്ടേയിരിക്കുന്നു.

‘ശബ്ദമില്ലാത്തവർ’ക്കു ശബ്ദം വയ്ക്കുന്നു. അക്ഷരമറിയാത്തവരും ഇമോജികൾകൊണ്ട് എഴുതുന്നു. സാമൂഹിക സംവേദനങ്ങൾവഴി പുതിയൊരു ബഹുജനബോധം ക്രമേണ രൂപപ്പെടുന്നു. മെച്ചപ്പെട്ട അഭിരുചികളും സംവേദനക്ഷമത(sensibility)യും അതുവഴി സംഭവിക്കുകതന്നെ ചെയ്യുമെന്ന് ഇപ്പോഴും ഞാൻ’അന്ധമായി’ വിശ്വസിക്കുന്നു.

ഈ പുതിയ മാധ്യമപരിസ്ഥിതി മാനവ സാംസ്‌കാരികപരിണാമത്തിന്റെ ഒരു പുതുയുഗത്തെ അടയാളപ്പെടുത്തുന്നതുകൊണ്ടാണ്, സുഹൃത്തേ, ഈ അന്തരാള (സംക്രമണ) ഘട്ടത്തിൽ മാധ്യമസ്ഥാപനങ്ങളിലെ ആത്മബോധമുള്ള മാധ്യമപ്രവർത്തകർ നേരിടുന്ന മനഃസംഘർഷത്തെക്കുറിച്ച് എനിക്ക് എഴുതേണ്ടിവരുന്നത്.

മുമ്പ് മുതിർന്ന പത്രപ്രവർത്തകർക്ക് ഉള്ളടക്കം സംബന്ധിച്ച് പത്രമാനേജ്‌മെന്റിനെ പലതും ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു. ഇപ്പോൾ മാർക്കറ്റിംഗ് ഡിവിഷന്റെ പരിഗണനകൾക്കും നിർണയങ്ങൾക്കും കീഴിൽ അവർ നിശ്ശബ്ദരാക്കപ്പെട്ടിട്ടുണ്ടാവാം (ഇംഗ്ലീഷ് ഓൺലൈൻ എഡിഷൻ നല്ലനിലയിലാവുന്നതുവരെ മലയാളം ഓഫ്‌ലൈനിൽ പരമാവധി ക്രൈം, പരമാവധി സെൻസേഷൻ, പരമാവധി തമാശ്… അതായിരിക്കാം മാർക്കറ്റിംഗ് സർവ്വേ ഫലം).

അല്ലെങ്കിൽ എങ്ങനെയാണ്, ചെറുപ്പക്കാരുടെയും പത്രവായനാശീലം പെരുക്കുന്നു എന്നു തുടങ്ങിയ ആത്മപരസ്യങ്ങൾക്കിടയിൽ, അതു സ്ഥിരീകരിക്കാനെന്നോണം സാമൂഹിക വാർത്താവിനിമയത്തിനെതിരെ ടൈപ്പു ചെയ്തു കൂട്ടാൻ അവർക്കു കഴിയുന്നത്?

ഞാനല്പം ബേജാറാണ്, അതൊക്കെ വായിച്ച് സ്വന്തം കുഞ്ഞുങ്ങളുടെ സൈബർ സ്‌പേസ് അടച്ചുകെട്ടുന്ന മാതാപിതാക്കളെയും അധ്യാപകരെയുമോർത്ത്.

ഈ കുഞ്ഞുങ്ങൾ അവരുടെ തടവു ഭേദിക്കുന്ന ഒരു സമയമുണ്ടല്ലോ, വല്ലപ്പോഴുമൊരു ഡിസൈൻ പരിഷ്‌കരണത്തിനപ്പുറം ഉള്ളടക്ക നയപുനഃപരിശോധനയ്ക്കു തയ്യാറാവാത്ത ഓഫ്‌ലൈൻ മാധ്യമങ്ങളുടെ നെഗറ്റീവ് സെൻസേഷണൽ കാലം കഴിയുന്നത് ആ സമയത്തായിരിക്കും.

2 Replies to “ഞാനല്പം ബേജാറാണു സുഹൃത്തേ”

  1. Sharing good thoughts is is an incentive for goodness. Your communications are doing that task superbly.

Leave a Reply

Your email address will not be published. Required fields are marked *