വരൂ, നമുക്ക് പുതിയ കുഞ്ഞുങ്ങളെ മനസ്സിലാക്കാം

ജോസ് ടി

“ഈ കുഞ്ഞുങ്ങൾക്ക് ഒട്ടും ദൈവബോധം ഇല്ല” എന്നു പലരും പറയുന്നു. ശരിയാണ്, ദൈവബോധം എന്നു നമ്മൾ കരുതിയതല്ല അവരുടെ ബോധം.

അവരുടെ ബോധം സ്നേഹബോധമാണ്; നിരുപാധികസ്നേഹത്തിന്റെ (unconditional love) ബോധം. നിരുപാധികസ്നേഹംതന്നെ ആയ ദൈവത്തെ അനുഭവിച്ചറിയുന്ന ബോധം.

അവർ സ്നേഹത്തെ സ്നേഹിക്കുന്നു, സ്നേഹത്തെ താലോലിക്കുന്നു, സ്നേഹത്തെ പരിചരിക്കുന്നു, സ്നേഹത്തെ ആശ്ളേഷിക്കുന്നു. എല്ലാം ചേർത്തു പറഞ്ഞാൽ, അവർ സ്നേഹിക്കുന്നു. ചുമ്മാതങ്ങു സ്നേഹിക്കുന്നു. വല്ലാതങ്ങു സ്നേഹിക്കുന്നു.

ഈ സ്നേഹം മനസ്സിലാകാതെ വരുമ്പോൾ, മനസ്സിലായാലും അംഗീകരിച്ചുകൊടുക്കാൻ മനസ്സാവാതെ വരുമ്പോൾ, നമ്മൾ പറയുന്നത് ‘അവർക്കു സ്നേഹമില്ല’ എന്നല്ല. നമ്മൾ പറയുന്നത് ‘അവർക്കു ദൈവമില്ല’ എന്നാണ്. അത്രയ്ക്കുണ്ടായിരുന്നൂ നമ്മുടെ ദൈവബോധം!

നമ്മുടെ കുഴപ്പമല്ല. നമ്മൾ ചെറുപ്പത്തിലേ അങ്ങനെ പരിശീലിപ്പിക്കപ്പെട്ടവരാണ്. നമ്മുടെ ദൈവം “കൊടുത്താൽ(മാത്രം) തരുന്ന ദൈവം” ആണ്.

നമ്മെ പരിശീലിപ്പിച്ചവരെയും കുറ്റം പറയേണ്ട. അവരെയും ആരൊക്കെയോ അങ്ങനെ പരിശീലിപ്പിച്ചുപോയതാണ്. അതുകൊണ്ട്, പിറകോട്ടുള്ള കംപാർട്ട്മെന്റുകൾ നമുക്ക് എണ്ണാതിരിക്കാം. വണ്ടി മുന്നോട്ട് ഓടിക്കൊണ്ടിരിക്കുകയാണ്. ഉപാധി ഫിറ്റ് ചെയ്യാത്ത സ്നേഹം എന്നൊരു ദൈവമല്ലാതെ മറ്റൊരു ദൈവം ഇല്ലാത്ത പാളത്തിലൂടെ.

“ദൈവമില്ലാത്ത പാളം” എന്നു നാം വിളിച്ചത്, അങ്ങനെ വിളിച്ചിട്ടുണ്ടെങ്കിൽ, ഇങ്ങനെയൊരു പാളത്തെയാണ് – നമ്മുടെ കാലഹരണപ്പെട്ട ദൈവസങ്കല്പം വച്ച്.

ദൈവമുണ്ടെങ്കിൽ അത്/അദ്ദേഹം നിരുപാധികസ്നേഹം അല്ലാതെ മറ്റൊന്നുമല്ല/മറ്റൊരാളുമല്ല. അതാണു പുതിയ കുഞ്ഞുങ്ങളുടെ ബോധം. നമുക്കതു ബോധിക്കുകയോ ബോധിക്കാതിരിക്കുകയോ ചെയ്യാം. ബോധിച്ചാൽ അതിന്റെ സുഖമുണ്ട്; സമാധാനവും സന്തോഷവും ഉണ്ട്.

ദൈവം/ഈശ്വരൻ/അല്ലാഹു കുറെയൊക്കെ സ്നേഹമാണെന്നു നമ്മൾ പഠിച്ചുവച്ചിട്ടുണ്ട്. എത്രത്തോളം സ്നേഹം? “ദേ, ഇത്രത്തോളം”. അതായത്, നമുക്കു നമ്മുടെ ജീവിതത്തിൽ സ്നേഹിക്കാൻ പറ്റുന്നിടത്തോളം. ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും ഇതാണു നമ്മുടെ ബോധം. അല്ലെങ്കിൽ, ഇതായിരുന്നൂ നമ്മുടെ ബോധം.

പക്ഷേ, മനുഷ്യബോധം വികസിച്ചു പരിണമിക്കുകയാണ്. അതാണു പദാർത്ഥപരിണാമവും ജീവിപരിണാമവും കഴിഞ്ഞുള്ള മാനവ സാംസ്കാരിക പരിണാമത്തിന്റെ എൻജിൻ.

ഉപാധികൾ വച്ചു സ്നേഹിക്കാൻ പഴയ യുഗത്തിൽ നമ്മൾ ശീലിച്ചു. ദൈവവും അങ്ങനെയാണ് എന്നു നാം സങ്കല്പിച്ചു. ഉപാധിരഹിതമായി (unconditional ആയി) സ്നേഹിക്കുവാൻ പുതിയ യുഗത്തിലെ കുഞ്ഞുങ്ങൾക്കു കഴിയുന്നു.ആ സ്നേഹം ദൈവമാണെന്ന് അറിയാൻ വൈകുമ്പോൾ, നമ്മുടെ കുഞ്ഞുങ്ങളെ മനസ്സിലാക്കാൻ നാം വൈകുകയാണ്.

“ദൈവമേ, സച്ചിദാനന്ദാ,
ദൈവമേ, ഭക്തവത്സലാ,
ദൈവമേ, നിൻ കൃപാവരം
ഞങ്ങളിൽ ചൊരിയേണമേ”

എന്നു പ്രഭാതംതോറും ചൊല്ലുവാൻ ശീലിപ്പിച്ച നഴ്സറിയിലാണു ഞങ്ങളുടെ കുഞ്ഞുങ്ങൾ പഠിച്ചത്. ഭക്തനോടും ഭക്തയോടും മാത്രമല്ല, വിഭക്തനോടും വിഭക്തയോടുംകൂടിയും ദൈവം ദയാവാത്സല്യമാകുന്നു എന്ന് ഇന്ന് ഈ പുതിയ കുഞ്ഞുങ്ങളുടെ തലമുറ(കൾ) അറിയുന്നു.

ഇതു വെറും തലമുറമാറ്റം അല്ല, യുഗമാറ്റമാണ്. “ഭക്തരെമാത്രം താലോലിക്കുന്ന ഒരു ദൈവ”ത്തിന്റെ യുഗാന്ത്യം. നിരുപാധികസ്നേഹമാകുന്ന ദൈവത്തിന്റെ യുഗാരംഭം.

പുതുയുഗ കുമാരീകുമാരന്മാർക്കു ശരിതെറ്റുകൾ ഇല്ല. ശരിയും തെറ്റുമല്ല, നല്ലതും കൂടുതൽ നല്ലതുമാണ് അവരുടെ ലോകത്തിൽ. നമ്മുടെ കറുപ്പിന്റെയും വെളുപ്പിന്റയും ദ്വന്ദം (duality/dichotomy) അല്ല, വെളുപ്പിന്റെ ധൂസര വർണരാജി (grey scale) ആണ് അവർക്കുള്ളത്. കുറച്ചു വെളുപ്പ്, കൂടുതൽ വെളുപ്പ്, കൂടുതൽക്കൂടുതൽ വെളുപ്പ്. ഈ സ്കെയിൽ നമുക്കു പരിചിതമാവണമെന്നില്ല.

അല്ലെങ്കിൽത്തന്നെ, ചുവപ്പുമഷി ഉപയോഗിക്കാത്ത പ്രോഗ്രസ് കാർഡ് നമുക്ക് എന്നെങ്കിലും പരിചിതമായിരുന്നുവോ? അതില്ലാതെപോയതുകൊണ്ടാവാം, നാമിപ്പോൾ തൊട്ടതിനും പിടിച്ചതിനും കുട്ടികളെ ചുവപ്പു കാർഡ് കാണിക്കുന്നത്.

പുതിയ കുഞ്ഞുങ്ങളെക്കുറിച്ച്, അവർ സൃഷ്ടിക്കുന്ന പുതിയ യുഗത്തെക്കുറിച്ച്, പുതിയ ലോകത്തെക്കുറിച്ച് പറയാൻ ഇനിയുമുണ്ട്.
പിന്നീടാവാം.

3 Replies to “വരൂ, നമുക്ക് പുതിയ കുഞ്ഞുങ്ങളെ മനസ്സിലാക്കാം”

  1. വളരെ സവിശേഷമായ ദര്‍ശനം,
    മനോഹരമായ അവതരണം.

  2. The hitherto conditioning is so strong that I feel more comfortable with Mt 5 and 25 (beatitudes and last judgment scenario) than with Lk 15 (the prodigal father)!!! Even there the younger son had a condition to fulfill – decision to return unconditionally – before he was received. But, of course, the lost sheep was sought after!!!
    Feeling good to think further ahead….
    Ultimately the oft-spoken paradigm change has brought us to an inevitable ‘yugaparinamam’.

  3. നല്ല തൂ വെള്ള ഭാഷ , നല്ല വെൺമയുള്ള മനസ്.. പാടിപ്പതിഞ്ഞത് പലതും തിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *