ജോസ് ടി.
ഞായർ പുലരുമ്പോഴേ ചിലർ കുർബാന കൂടാൻ പോകും. തിങ്കൾ പുലരുമ്പോൾ ചിലർ തൊഴാൻ പോകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചിലർ നിസ്‌കരിക്കാൻ പോകും.
ഇപ്പോൾ കലണ്ടറിൽ എല്ലാ ദിവസത്തിനും ഒരേ നിറമാണ്. എല്ലാം ഒന്നുപോലെ ആയിക്കൊണ്ടിരിക്കുന്നു. അതു കാണാത്തവരില്ല.
ആ പുറംകാഴ്ചയ്ക്കപ്പുറം ഒരു കാഴ്ച കാണാം – വാണിജ്യവാർത്തകളുടെ തലക്കെട്ടുകൾക്കപ്പുറം സംഭവിക്കുന്ന, ലോകത്തിലെ യുഗമാറ്റത്തിന്റെ മഹാകാഴ്ച.
‘എല്ലാം ഒന്നുപോലെ’ ആകുന്നതിനിടയിൽ ‘എല്ലാവരും ഒന്ന്’ ആകുന്നതിന്റെ കാഴ്ച.
പെട്ടെന്ന് അതു കാണാൻ ക്ലേശിക്കുന്നവർക്കായി ഇങ്ങനെ മയപ്പെടുത്താം: എല്ലാവരും ഒന്നായിക്കൊണ്ടിരിക്കുന്നു; ഒന്നാവുന്നതിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.
എന്നുമുതൽ എന്നു ചോദ്യംവരാം (അതെ, പഴയ മാധ്യമങ്ങൾ അങ്ങനെയാണു നമ്മെ ശീലിപ്പിച്ചത്. ആര്, എന്ത്, എവിടെ, എപ്പോൾ, എങ്ങനെ?)
ഉത്തരങ്ങൾ പലതുണ്ട്. ഓരോരുത്തർക്കും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. കൊറോണ മുതൽ ലോകം ഒന്നാവുന്നു എന്നു കരുതുന്നവരുണ്ട്. അങ്ങനെ കരുതാം. സോഷ്യൽ മീഡിയ വന്നതുമുതൽ എന്നു കരുതുന്നവരുണ്ട്. അങ്ങനെയും കരുതാം.
സോവ്യറ്റ് സാമ്രാജ്യം തകർന്ന് ഭൂമിയിൽ സൈനിക-സാമ്പത്തിക ധ്രുവങ്ങൾ ഇല്ലാതായ 1990-കളുടെ തുടക്കംമുതൽ ലോകം ഒന്നായിത്തുടങ്ങി എന്നു ചിന്തിക്കാൻ കഴിയുന്നവരുണ്ട്. അക്കാലത്തുതന്നെ ഇന്റർനെറ്റും അതിലെ വെബ്ബും ഭൂമി മുഴുവൻ വലകെട്ടിത്തുടങ്ങി എന്നു കാണാൻ കഴിയുന്നതിനാൽ അവർക്ക് ഉൾക്കാഴ്ച എളുപ്പമാവാം.
പബ്ലിക് ഡൊമൈനിലേക്കു കൊണ്ടുവരാനുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിനുള്ള എഡിറ്റോറിയൽ റിസർച്ചിനിടയിൽ ഒന്നെനിക്കു കാണാൻ കഴിഞ്ഞു : മുമ്പ് എ.ഡി. എന്നും ഇപ്പോൾ സി.ഇ. എന്നും പറയുന്ന, ഇപ്പോൾ കടന്നുപോകുന്ന യുഗത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ, വിശാലഭാരതത്തിൽ ലോകനാഗരികതകളുടെ കൂടിവരവു നടന്നു; ‘ഏകലോക’ത്തിലേക്കുള്ള പ്രയാണത്തിന് അതു ഗതിവേഗം പകർന്നു (ഭാവിവിചാരം അധ്യായം 6: ദക്ഷിണോത്തര പൂർവപശ്ചിമം).
അതിനു പിറകോട്ടും ഏതു നൂറ്റാണ്ടിലേക്കും ഏതു സഹസ്രാബ്ദത്തിലേക്കും പോയി, ഓരോരുത്തർക്ക് (ജാതിയും മതവും പാർട്ടിയും വച്ച്) ഇഷ്ടമുള്ള നാഴികക്കല്ല് നാട്ടാം. ആ കല്ലിൽ ചരടു പിടിപ്പിച്ച്, സർവേയർമാർ നടക്കുന്നതുപോലെ മുന്നോട്ടു നടന്നാൽ, ഒരുമയിലേക്കുള്ള മാനവ പ്രയാണത്തിന്റെ നാൾവഴിയാണ് അതിരുതിരിയുക.
ആ വഴി പഴന്തലമുറ പണ്ടു പഠിച്ച ചരിത്രപുസ്തകങ്ങളിൽ ഉണ്ടാവണമെന്നില്ല; ഇപ്പോൾ വായിക്കുന്ന പഴഞ്ചൻ പത്രങ്ങളിൽ അതു റിപ്പോർട്ട് ചെയ്യപ്പെടണമെന്നുമില്ല.
എന്നാൽ, പുതിയ കുഞ്ഞുങ്ങൾ, പുസ്തകങ്ങളും പത്രറിപ്പോർട്ടുകളുമില്ലാതെ, ആ ബോധം ഉള്ളിൽ പേറുന്നവരാണ്.
അവരോടു സഹയാത്ര ചെയ്യാം. അവരിൽനിന്നു പഠിക്കാം – സ്മാർട്ട്ഫോൺ ഉപയോഗിക്കേണ്ടത് എങ്ങനെ എന്നു മാത്രമല്ല, സമുദായത്തിന്റയും ജാതിയുടെയും മതത്തിന്റെയും പാർട്ടിയുടെയും ദേശത്തിന്റെയും വേലിപ്പത്തലുകൾക്ക് അതീതമായി എങ്ങനെ ചിന്തിക്കുകയും വികാരം കൊള്ളുകയും ചെയ്യാം എന്നുകൂടി.