ജോസ് ടി
കാലമിത്രയും ജീവിച്ച് ഞാൻ ആകെ നേടിയത് ഈയൊരു അറിവാണ്: അൻപ് അഭയം.
ഔപചാരിക അറിവ് നേടിയിരുന്ന കാലത്ത്, തിരുവനന്തപുരം അകാശവാണിയുടെ യുവവാണി തുടങ്ങുമ്പോഴത്തെ ആ വൈലോപ്പള്ളിക്കവിത ഇപ്പോഴും ഞരമ്പുകളിൽ പന്തംകൊളുത്തുന്നു.
”ഓരോ തുള്ളി ചോരയിൽനിന്നും”എന്ന ഉശിരൻ സിനിമാഗാനത്തിന്റെ അതേ ഈണമിട്ടാണ് ആകാശവാണി വൈലോപ്പിള്ളിയുടെ ‘പന്തങ്ങൾ’ ചെറുപ്പക്കാർക്കു കൈമാറിയത്. പിൻവാങ്ങുന്ന തലമുറ പിന്നാലെ വരുന്നവർക്ക് അർപ്പിക്കുന്ന അഭിവാദ്യം: ”വാങ്ങുകയായി ഞങ്ങൾ, കരുത്തൊടു വാങ്ങുക വന്നീ പന്തങ്ങൾ”.
ആ കരുത്ത്, ആ ധൈര്യം, അതു കരുണാർദ്രസ്‌നേഹത്തിന്റെ ഭാവമാണെന്ന് ഇപ്പോൾ ഞാൻ അറിയുന്നു. ഭയം അതിന്റെ അഭാവംതന്നെ. ഭയരഹിതരായിരിക്കുമ്പോഴാണു നാം സ്‌നേഹിക്കുന്നത്. ഭീരുത്വത്തിൽ നാം ശത്രുതപുലർത്തുകയും വെറുക്കുകയും കലഹിക്കുകയും ആക്രമിക്കുകയും പ്രത്യാക്രമിക്കുകയും ചെയ്യുന്നു.
ഭീരുത്വം അജ്ഞതയിൽനിന്ന്, അവിദ്യയിൽനിന്നു വരുന്നതാണ്. പരസ്പരം അവിശ്വസിക്കുവാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. പരസ്പരം ഭയപ്പെടുവാൻ അതു നമ്മെ നിർബന്ധിക്കുന്നു. നമ്മിലും നമുക്കു പുറത്തുമുള്ള സർവവ്യാപിയായ കാരുണ്യത്തിന്റെ ആൽഗരിഥം (algorithm) അറിയുംവരെ നാം ഏറിയോ കുറഞ്ഞോ ഭയത്തിന്റെ പിടിയിലാണ്.
ആ ഭയം രാഷ്ട്രീയമാകാം, സാമ്പത്തികമാകാം, സാമുദായികമാകാം, മതപരമാവാം. ഭയം എല്ലാം ഒന്നുതന്നെ. സ്‌നേഹവും അങ്ങനെതന്നെ.
ഇന്ദ്രിയദത്തങ്ങൾ (sensory data) സംസ്‌കരിച്ചു നമ്മൾ ദൈനംദിന ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ തന്റേടം നേടുന്നു. വിവരം (information) സംസ്‌കരിച്ചു സംഭവങ്ങളെ സധൈര്യം അഭിമുഖീകരിക്കാൻ കഴിവുള്ളവരാകുന്നു. വിജ്ഞാനം (knowledge)കൊണ്ടു സാമൂഹികാവശ്യങ്ങൾ നിറവേറ്റാൻ, സാമൂഹിക പ്രവണതകളെ ക്രമപ്പെടുത്താൻ, പരിശ്രമിക്കുന്നു.
ഇതെല്ലാം പരമാവധി, സയൻസ് വരെ എത്തുന്ന അറിവാണ്. അതുകൊണ്ടും നമ്മുടെ ഭയം തീരുന്നില്ല. എൺപതുകളിൽ നക്ഷത്രയുദ്ധമോർത്തും അനീതി വാഴുന്ന ആഗോളചന്തയുടെ വരവുകണ്ടും പേടിച്ചതോർക്കുന്നു. ഇപ്പോൾ, യക്ഷിക്കഥയിലെന്നപോലെ അജ്ഞാത ആൽഗരിഥങ്ങളിലോടുന്ന സൈബോർഗുകളെക്കുറിച്ചു വലിയ വിജ്ഞാനികൾതന്നെയും ആകുലത/വിഹ്വലത/ഭയം പ്രകടിപ്പിക്കുന്നു.
ശ്രീയേശുഗുരു അരമായയിലും ശ്രീനാരായണഗുരു മലയാളത്തിലും അറിയിച്ച അൻപിന്റെ അരുൾ ഇവിടെ എനിക്ക് അഭയമാകുന്നു – ആദ്യത്തെ ഗുരു നാടൻ അരമായയിൽ അരുളിയത് വിജ്ഞാനികൾ ഗ്രീക്കിലാക്കിയപ്പോൾ ഭയജനകമായ ഒരു അന്ത്യവിധിക്കുള്ള മണിമുഴക്കമായെങ്കിലും.
മനുഷ്യജാതിയെ സംബന്ധിച്ചിടത്തോളം ഭയത്തിന്റെ മരണമണി മുഴങ്ങിത്തീർന്നിരിക്കുന്നു. ഭയരഹിതരായ പുതിയ കുഞ്ഞുങ്ങൾ സാക്ഷി. പുതുതലമുറകളുടെ ഭയരാഹിത്യത്തിലൂടെയാണു ഭൂമിക്കുമേൽ വേദശാസ്ത്രങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും അമിതഭാരം നീങ്ങുക.
മനുഷ്യബോധത്തിന്റെ ഏറ്റവും അടിയടരിലെ ആ ഭാരം നീങ്ങുന്നതിനൊത്താണു പുതിയ രാഷ്ട്രീയവും പുതിയ സമ്പദ്ഘടനയും സംഭവിക്കുക. അരുൾ-അൻപ്-അനുകമ്പ: ആ അറിവിന്റേതാണു ഭാവി; ഭയമകന്ന ഭാവി.