ജോസ് ടി.
”ഈ മഹാവ്യാധിയുടെ കാലം കഴിയില്ലേ? എത്രകാലം ഇങ്ങനെ കോവിഡ് പ്രൊട്ടോകോളിൽ പേടിച്ചു വീട്ടിലിരിക്കും? ചുമ്മാ നമുക്കു പുറത്തിറങ്ങി നടക്കാം.”
പഴയ ചില കൂട്ടുകാർ പറയുന്നു. അവരുടെ രണ്ടു ചോദ്യങ്ങൾക്കും, പിന്നെ ആ ക്ഷണത്തിനും ഞാൻ മറുപടി പറയണം.
കാൻസറും എയ്ഡ്‌സും ഡെങ്കുവും ഉണ്ടായിരുന്ന ലോകത്തു ജീവിച്ചതുപോലെ, ഇനി അക്കൂട്ടത്തിൽ കോവിഡും ഉള്ള ലോകത്തിൽ മനുഷ്യർ ജീവിതം തുടരും.
കോവിഡ് പ്രൊട്ടോകോളിൽ ഒരു സാധാരണമനുഷ്യന് 25 വർഷം ജീവിച്ചിരിക്കാനാവുമെന്നത് എന്റെ അനുഭവമാണ്.
പുറത്തിറങ്ങി തിരിച്ചുവരുമ്പോഴെല്ലാം ഞാൻ കൈകഴുകിയിരുന്നു (S for soap). ഏറെ പുറത്തിറങ്ങാഞ്ഞതിനാൽ കഴുകിക്കഴുകി കുഴയേണ്ടിവന്നില്ല.
‘എഴുതാൻ ചുമർ’ ഇല്ലാതിരുന്നതിനാൽ എന്റെ വായ് മൂടപ്പെട്ടിരുന്നു. (M for mask).
നല്ല പ്രായത്തിൽ ‘നല്ലൊരു’ ഉദ്യോഗം ഉപേക്ഷിച്ച് ആർക്കും തിരിയാത്ത ഒരു പണിയുമായി വീട്ടിൽ SmallOfficeHomeOffice എന്നു പറഞ്ഞ് (കുത്തി)ഇരുന്നപ്പോൾ, നല്ല സാമൂഹിക അകലവുമായി (S for social distance).
അങ്ങനെ SMS ജീവിതത്തിന്റെ 25 വർഷം! കോവിഡിന്റേതിനെക്കാൾ വിചിത്രമായ പ്രൊട്ടോകോൾ ആണത്. കാരണം, പഴിചാരാൻ ഒരു കോവിഡുപോലും ഉണ്ടായിരുന്നില്ല.
ന്യൂസ് റൂമിലെ ദിനവൃത്താന്തം വിട്ട്, നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ശതസഹസ്രാബ്ദങ്ങളുടെയും വൃത്താന്തം തിരയുന്ന സെൽഫ് എംപ്ലോയ്‌മെന്റ്.
സാലറി ഇല്ല, ബോണസ് ഇല്ല, ഗ്രാറ്റിവിറ്റി ഇല്ല, പെൻഷനില്ല.
സെൽഫ് എംപ്ലോയ്‌മെന്റ് ആയാൽ വിറ്റുവരവ് വേണം. അല്ലെങ്കിൽ ഫണ്ടിംഗ് വേണം. സ്‌കോളർഷിപ്പോ, സ്‌പോൺസർഷിപ്പോ വേണം. അതുമില്ല.
പുസ്തകമെഴുതി തലച്ചുമടായി കൊണ്ടുനടന്നു വിറ്റ തകഴിയോ ബഷീറോ ദേവോ മുന്നിലുണ്ടായിരുന്നില്ല. ഞാൻ കഥയെഴുതുകയായിരുന്നില്ലല്ലോ. വൃത്താന്തം തിരയുകയായിരുന്നല്ലോ. ആകെ അല്പം ആശ്വാസമായി ശ്രീകണ്ഠേശ്വരവും കുഴിവേലിയും വെട്ടം മാണിയും എം. എസ്.ശ്രീധരനും അല്പം മുന്നേ നടക്കുന്നുണ്ടായിരുന്നു.
എന്തായാലും തിരച്ചിലിലൊരു കഥയുണ്ടായി. മനുഷ്യൻ ഇവിടംവരെ എത്തിയതിന്റെ കഥ. അതിൽ ചരിത്രത്തിന്റെ ദിശ (direction) തെളിഞ്ഞുവന്നു. മാറ്റത്തിന്റെ വേഗവും (speed) ത്വരണവും (acceleration) അളന്നുകിട്ടി.
ആ കഥ ഇപ്പോൾ ഈ മുസിരിസ് ടൈംസിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. പുസ്തകങ്ങളായി, വീഡിയോകളായി, ചെറുകുറിപ്പുകളായി…
കോവിഡിനു മുമ്പും കോവിഡിനു പിമ്പും എന്നിങ്ങനെ ചരിത്രം രണ്ടായി പിളർന്നുവെന്നു കൂട്ടുകാർ പറയുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് BG (Before Google) – AG (After Google) എന്നു ചരിത്രം പിളർന്നതല്ലേ?
മൂന്നു പതിറ്റാണ്ടു മുമ്പ്, ഇന്റർനെറ്റില്ലാത്ത ലോകം – ഇന്റർനെറ്റ് ഉള്ള ലോകം എന്നു ചരിത്രം രണ്ടായി മുറിഞ്ഞതല്ലേ?
ആറു പതിറ്റാണ്ടു മുമ്പ് സ്ത്രീകൾ വിമോചിതരല്ലാത്ത ലോകം – സ്ത്രീകൾ വിമോചിതരാകുന്ന ലോകം എന്നിങ്ങനെ ലോകവും കാലവും പിളർന്നില്ലേ?
എന്തിന്, ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ന്യൂട്ടോണിയൻ കാലം – ക്വാണ്ടം കാലം എന്നായി ചരിത്രം പിളരുകയായിരുന്നില്ലേ?
അതേ; മനുഷ്യർ മാറുകയാണ്. ആ മാറ്റം ഇനിയെങ്ങനെയാവും?
എന്റെ ഇക്കാലമത്രയുമുള്ള ഇൻഡിപെൻഡന്റ് എഡിറ്റോറിയൽ റിസർച്ച് തരുന്ന ചിത്രം ഇന്നലെ ഞാൻ ചുരുക്കത്തിൽ പങ്കുവച്ചു. അത് ഈ ലിങ്കിൽ വായിക്കാം.
കൂട്ടുകാരാ, കൂട്ടുകാരീ, അതിൽ മറുപടിയുണ്ട്.
വൃത്താന്തം സോഹോയിലിരുന്നു ജോലി ചെയ്യുകയല്ലാതെ, കോവിഡിനു മുമ്പും കോവിഡിനു ശേഷവും, ചുമ്മാ പുറത്തിറങ്ങി നടക്കാൻ ഞാനില്ല.